മദ്യപിച്ച് കാറോടിച്ച് പൊലീസ് ജീപ്പിലിടിച്ച സംഭവം; കാർ ഓടിച്ച കെഎസ്യു നേതാവിനെ സംരക്ഷിക്കാൻ പൊലീസ് നീക്കം

കായംകുളം : മദ്യപിച്ച് കാറോടിച്ച് പൊലീസ് ജീപ്പിലിടിച്ച സംഭവത്തിൽ പ്രതിയായ കെഎസ്‌യു നേതാവിനെ രക്ഷിക്കാൻ പൊലീസ്. കനകക്കുന്ന് പൊലീസ് കേസെടുത്തെങ്കിലും പ്രഥമവിവര റിപ്പോർട്ടിൽ പ്രതിയായ കെഎസ്‌യു നേതാവിന്റെ പേരൊഴിവാക്കിയത് ഭരണതലപ്പത്തുള്ളവരുടെ ഇടപെടലിനെ തുടർന്നെന്ന് സൂചന. വ്യാഴാഴ്ച സന്ധ്യയോടെ കണ്ടല്ലൂർ പുതിയവിള അമ്പലമുക്കിന് സമീപം വൈദ്യുതി പോസ്റ്റിൽ കാർ ഇടിക്കുന്നത് കണ്ട പൊലീസ് കാർ നിർത്താൻ നിർദേശിച്ചപ്പോൾ അതിവേഗത്തിൽ മുന്നോട്ടെടുത്ത് നിർത്തി ഇട്ടിരുന്ന പൊലീസ് ജീപ്പിൽ ഇടിപ്പിക്കുകയായിരുന്നു. നിർത്താതെ പാഞ്ഞ എച്ച് ആർ 26 സിസി 8005 നമ്പർ ഹരിയാന രജിസ്ട്രേഷനുള്ള കാർ പൊലീസ് പിന്തുടർന്ന് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.
കാർ ഓടിച്ച കെഎസ്‌യു കായംകുളം നിയോജക മണ്ഡലം പ്രസിഡന്റും പുതിയവിള ക്ഷീരോൽപ്പാദകസംഘം പ്രസിഡന്റുമായ അക്ഷയ‍്‍യെയും കസ്റ്റഡിയിൽ എടുത്ത കാറും പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. മനുഷ്യ ജീവന് ആപത്ത് വരത്തക്കവിധം വാഹനം ഓടിച്ചെന്ന് എഫ്ഐആറിൽ തന്നെ രേഖപ്പെടുത്തിയെങ്കിലും വാഹനം ഓടിച്ച കെഎസ്യു നേതാവിനെ മെഡിക്കൽ പരിശോധന പോലും നടത്താതെ വിട്ടയച്ചു. പൊതുമുതൽ നശിപ്പിച്ച വകുപ്പും ചുമത്തിയിട്ടില്ല. എയ്ഡഡ് സ്കൂളിലെ ജീവനക്കാരൻ കൂടിയായ പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമത്തിനെതിരെ സേനയിൽ തന്നെ പ്രതിഷേധമുണ്ട്.








0 comments