ബിജെപി സർക്കാരിന്റെ പ്രതികാരം; മുഹമ്മദ് ദീപക് വീണ്ടും അറസ്റ്റില്‍


സ്വന്തം ലേഖകൻ
Published on Oct 03, 2026, 08:38 AM | 1 min read
ന്യൂഡൽഹി : മുസ്ലിം വയോധികന്റെ കട അടപ്പിക്കാനുള്ള തീവ്രഹിന്ദുത്വവാദികളെ ചെറുത്ത "മുഹമ്മദ് ദീപക്കി’നെതിരെ ഉത്തരാഖണ്ഡിലെ ബിജെപി സർക്കാരിന്റെ പ്രതികാരം. ഭീഷണിപ്പെടുത്തിയെന്നപേരില്‍ വ്യാപാരി നൽകിയ പരാതിയിൽ വ്യാഴം അർധരാത്രി ദീപക് കുമാർ എന്ന മുഹമ്മദ് ദീപക്കിനെ കോട്‌വാലി പൊലീസ് അറസ്‌റ്റ് ചെയ്തു. കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാരോപിച്ച് എടുത്ത കേസ് സുപ്രീംകോടതി സ്‌റ്റേ ചെയ്‌ത് ആഴ്‌ചകൾ പിന്നിടുന്പോഴാണ് മറ്റൊരു കേസിൽ കുടുക്കിയത്.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചേർത്താണ് ആദ്യം കേസ് എടുത്ത്. തൊട്ടുപിന്നാലെ ജാമ്യം ലഭിക്കാത്ത സമുദായിക സംഘർഷം വളർത്തൽ കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു. മധ്യപ്രദേശിലെ ഉജ്ജയ്നിൽ മസ്‌ജിദ് തകർത്തതിനെ സംബന്ധിച്ച് സമൂഹമാധ്യമത്തിൽ ഉടലെടുത്ത തകർക്കത്തിന്റെ പേരിലാണ് വ്യാപാരിയായ സഞ്ജീവ് ടോങ്ക് പരാതിനൽകിയത്. ഇയാളുമായി ദീപക്ക് വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. അതേസമയം പ്രദേശത്ത് സംഘർഷം ഉണ്ടാകാതിരിക്കാനുള്ള നടപടിയുടെ ഭാഗം മാത്രമാണ് അറസ്‌റ്റ് എന്നാണ് പൊലീസ് ഭാഷ്യം. കോട്‌വാലി നഗരത്തിൽ ഫ്ലാഗ് മാർച്ചും നടത്തി.
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ വൃദ്ധനായ മൊഹമ്മദ് ഷൊഹൈബിന്റെ ബാബ ഡ്രസ് എന്ന കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അക്രമത്തിന് എത്തിയ ബജ്‌റംഗ്‌ദളുകാരെ ദീപക്ക് എതിർത്തതോടെ അദ്ദേഹം ദേശീയ ശ്രദ്ധ ആകർഷിച്ചു. ദീപക്കിന്റെ തലവെട്ടുന്നവർക്ക് അഞ്ചുലക്ഷം രൂപ ഇനാം തീവ്രഹിന്ദുത്വവാദികൾ പ്രഖ്യാപിച്ചിരുന്നു.








0 comments