ഏഷ്യൻ ഗെയിംസ്: ലോക രണ്ടാം നമ്പറിനെ വീഴ്ത്തി കുങ്കും മൊഹോദ് അമ്പെയ്ത്ത് ഫൈനലിൽ

കുങ്കും മൊഹോദ്| Photo:X
നഗോയ : ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി 17കാരി കുങ്കും മൊഹോദ്. വനിതകളുടെ റികർവ് വ്യക്തിഗത അമ്പെയ്ത്തിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി കുങ്കും. സെമിഫൈനലിൽ ചൈനയുടെ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള സു ജിംഗ്യിയെ 6–2ന് തോൽപ്പിച്ചാണ് താരം ഫൈനലിൽ പ്രവേശിച്ചത്.
നേരത്തെ ക്വാർട്ടർ ഫൈനലിൽ ദക്ഷിണ കൊറിയയുടെ കാങ് ചെ-യങിനെ 6–4ന് പരാജയപ്പെടുത്തിയാണ് കുങ്കും അവസാന നാലിലെത്തിയത്. ഫൈനലിലെത്തിയതോടെ കുങ്കും 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിനുള്ള ഇന്ത്യയുടെ ഒരു ക്വോട്ടാ സ്ഥാനം ഉറപ്പാക്കി.
വനിതകളുടെ റികർവ് വ്യക്തിഗത ഇനത്തിൽ ഏഷ്യൻ ഗെയിംസിലൂടെ രണ്ട് ഒളിംപിക് ക്വോട്ടാ സ്ഥാനങ്ങളാണ് ലഭിക്കുന്നത്. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന രാജ്യങ്ങൾക്ക് ഓരോ ക്വോട്ട വീതം ലഭിക്കും. 17ാം വയസ്സിൽ തന്നെ ഏഷ്യൻ ഗെയിംസ് വ്യക്തിഗത റികർവ് ഫൈനലിലെത്തിയാണ് താരം ഇന്ത്യൻ അമ്പെയ്ത്തിൽ പുതിയ ചരിത്രം കുറിച്ചത്.








0 comments