കോമൺവെൽത്ത് ഗെയിംസ്: ചരിത്രമെഴുതി തേജസ്വിൻ ശങ്കർ; ഡെക്കാത്‌ലണിൽ ഇന്ത്യയുടെ ആദ്യ മെഡൽ

Image Credit : X
ഗ്ലാസ്ഗോ : കോമൺവെൽത്ത് ഗെയിംസിൽ ചരിത്രത്തിലാദ്യമായി ആദ്യത്തെ ഡെക്കാത്‌ലൺ മെഡൽ നേടിയിരിക്കുകയാണ് ഇന്ത്യ. അത്‌ലറ്റിക്സ് താരം തേജസ്വിൻ ശങ്കറാണ് ഇന്ത്യക്ക് അഭിമാന നേട്ടം സമ്മാനിച്ചത്. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഡെക്കാത്‌ലൺ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് തേജസ്വിൻ. രണ്ട് ദിവസങ്ങളിലായി നടന്ന പത്ത് ഇനങ്ങളിൽ ആകെ 7,976 പോയിന്റുകൾ നേടിയാണ് തേജസ്വിൻ വെങ്കലം സ്വന്തമാക്കിയത്.
കാൽമുട്ടിനേറ്റ ഗുരുതര പരിക്കും വേദനയും വകവെക്കാതെയാണ് താരം ഇന്ത്യയ്ക്കായി ചരിത്രനേട്ടം സ്വന്തമാക്കിയത്. ദീർഘകാലമായുള്ള ഈ പ്രശ്‌നം കാരണം ഹൈജമ്പ് ഓപ്പണിംഗ് ശ്രമത്തിൽ നിന്ന് തേജസ്വിന് പിന്മാറേണ്ടി വന്നിരുന്നു.
പുരുഷന്മാരുടെ ഡെക്കാത്‌ലണിൽ ആദ്യ ഇനമായ 100 മീറ്റർ സ്പ്രിന്റിൽ പരിക്കുള്ളതിനാൽ മുൻകരുതൽ കാരണം 10.96 സെക്കൻഡിൽ അവസാന സ്ഥാനത്താണ് തേജസ്വിൻ ഫിനിഷ് ചെയ്തത്. ലോംങ് ജമ്പിൽ 7.82 മീറ്റർ എന്ന മികച്ച വ്യക്തിഗത ദൂരം പിന്നിട്ട താരം ഹൈജമ്പിൽ 2.15 മീറ്റർ പിന്നിട്ട ഏകതാരമായി ഒന്നാം ദിവസം തന്നെ ഡെക്കാത്‌ലണിൽ അഞ്ചാം സ്ഥാനത്തെത്തി.
വെള്ളിയാഴ്ച നടന്ന പുരുഷന്മാരുടെ ഡെക്കാത്‌ലൺ 110 മീറ്റർ ഹർഡിൽസിന്റെ ഹീറ്റ് 2ൽ തേജസ്വിൻ ശങ്കർ രണ്ടാം സ്ഥാനം നേടി. 14.41 സെക്കൻഡിൽ 922 പോയിന്റുകൾ നേടി കാനഡയുടെ ഡാമിയൻ വാർണറിന് പിന്നിലാക്കിയാണ് ഫിനിഷ് ചെയ്തത്. ഡിസ്കസ് ത്രോയിൽ ഗ്രൂപ്പ് എയിൽ തേജസ്വിൻ ആറാം സ്ഥാനത്തായിരുന്നു. 674 പോയിന്റുകൾ നേടിയ താരം 40.44 മീറ്റർ ദൂരം ചാടി വ്യക്തിഗതമായി മികച്ച പ്രകടനം കാഴ്ചവച്ചു. ജാവലിൻ ത്രോയിൽ നാലാം സ്ഥാനം നേടിയാണ് തേജസ്വിൻ മുന്നേറിയത്. പോൾവോൾട്ടിൽ 4.30 മീറ്റർ ചാടിയാണ് തേജസ്വിൻ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തിയത്.
ഡെക്കാത്‌ലണിലെ പത്താമത്തെയും അവസാനത്തെയും ഇനമായ 1500 മീറ്ററിൽ താരം അഞ്ചാം സ്ഥാനത്തായിരുന്നു. 4:36.19 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ഇതോടെ വെങ്കല മെഡൽ ഉറപ്പിക്കാൻ തേജസ്വിന് കഴിഞ്ഞു. ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡലിന് പിന്നാലെയാണ് കോമൺവെൽത്ത് ഗെയിംസിലും തേജസ്വിൻ മെഡൽ നേടുന്നത്. ഇന്ത്യയുടെ ഏറ്റവും മികച്ച മൾട്ടി-ഡിസിപ്ലിൻ കായിക താരങ്ങളിൽ ഒരാളായി തേജസ്വിൻ ഇതോടെ മാറി.










0 comments