ad
Deshabhimani

കവർസ്റ്റോറി

തകരുന്ന ‘ബൈനറികൾ’; കലയിലെ ഉഭയജീവിതം

"Siamese Trees' ‐ റീന സൈനി കല്ലാട്ട്‌
avatar
സുധീഷ് കോട്ടേമ്പ്രം

Published on Aug 01, 2026, 10:56 AM | 6 min read


രാണ് ആർട്ടിസ്റ്റ് എന്ന ചോദ്യത്തിന് ഇമാന്വൽ കാന്റ് നൽകുന്ന ഉത്തരം ‘അസാധാരണ പ്രതിഭയുള്ള ഒരാൾ’ എന്നായിരുന്നു. ഈ പ്രതിഭാവിലാസം ‘കലാകാരനു’ മേൽ ചാർത്തിക്കിട്ടിയ ഒരധികമേന്മയായി ഏറെക്കാലം വ്യാപരിച്ചു. അവിടെ ഉയർന്നുവന്ന ഒരു ചോദ്യം ഒരാൾ പ്രതിഭയായി ജനിക്കുകയാണോ അതോ കലാഭ്യസനത്തിലൂടെ പ്രതിഭയാവുകയാണോ എന്നതായിരുന്നു. ഇവ രണ്ടും ഏറെക്കുറെ സമൂഹം വകവച്ചുകൊടുത്ത ഉത്തരങ്ങളുമായി. എന്നാൽ ഇന്ന്, കലയുടെ അതിരുകൾ മാഞ്ഞുകൊണ്ടിരിക്കുകയും ‘ആരാണ് ആർട്ടിസ്റ്റ്’ എന്നതുപോലെ ‘എന്താണ് കല’ എന്ന ചോദ്യവും നിരന്തര പരിണാമങ്ങൾക്ക് വിധേയമായിത്തീരുകയും, കലയും പ്രതിഭയും തമ്മിലുള്ള വ്യക്തിപ്രഭാവത്തിലധിഷ്ഠിതമായ സങ്കൽപ്പങ്ങൾ അപ്രസക്തമായിത്തീരുകയും ചെയ്‌തു. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ഉയർന്നുവന്ന ഉത്തരാധുനിക ചിന്തകളും സമകാലിക കലയുടെ ജനാധിപത്യവൽക്കരണവും കലയുടെയും കലാകൃത്തിന്റെയും വ്യക്തികേന്ദ്രീകൃതപദവി പൂർണമായും പൊളിച്ചെഴുതാൻ തുടങ്ങി.

ഇത്തരമൊരു സൈദ്ധാന്തിക വഴിത്തിരിവിലാണ് ‘കലാകാരൻ’ എന്ന ഏകകത്തിൽനിന്നും ഒരു കൂട്ടായ്‌മയിലേക്കോ, ഒരു ശൃംഖലയിലെ സജീവമായ കണ്ണിയിലേക്കോ സമകാലിക കല അതിന്റെ പരിധികൾ വ്യാപിപ്പിക്കുന്നത്‌. സ്റ്റുഡിയോകളുടെ ഏകാന്തതകളിൽനിന്ന് പുറത്തുകടന്ന് ചരിത്രകാരന്മാർ, ശാസ്‌ത്രജ്ഞർ, തദ്ദേശവാസികൾ, പരിസ്ഥിതിപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി നിരന്തരം സംവദിക്കുന്ന ഒരു സഹകാരി(Collaborator)യായി പുതിയ ആർട്ടിസ്റ്റ് സ്വയം പുനർനിർമിക്കുന്നു. ഈയൊരു പദവിമാറ്റത്തിന് കാരണമായത് സമകാലിക കലയുടെ സംഘാടനത്തിലും അത് പിന്തുടരുന്ന രീതിശാസ്‌ത്രങ്ങളിലും വന്ന ഘടനാപരമായ മാറ്റങ്ങളാണ്. ആധുനികതവരെയും വലിയ രീതിയിൽ ഉണ്ടായിരുന്ന മാധ്യമപരമായ ശുദ്ധിവാദം ഒട്ടൊക്കെ അപ്രസക്തമാവുകയോ ഇല്ലാതാവുകയോ ചെയ്‌തു. ക്ലെമെന്റ് ഗ്രീൻബർഗിനെപ്പോലുള്ള കലാവിമർശകർ വാദിച്ചത് ഓരോ കലയും അതിന്റെ മാധ്യമത്തിന്റെ സവിശേഷതകളെ മാത്രം ഉയർത്തിപ്പിടിക്കണം എന്നായിരുന്നു. (ഗ്രീൻബർഗ് പിന്തുടർന്ന ഫോർമലിസത്തെ അത്തരമൊരു ശ്രമമെന്ന നിലയിലും കാണാം.) എന്നാൽ ആധുനികതയുടെ ഈ കടുംപിടുത്തങ്ങളെ പൂർണമായും തകിടംമറിച്ചുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിമുതൽ ‘അന്തർവിഷയപരത’ അഥവാ ജ്ഞാനശാഖകളുടെ പരസ്‌പരലയനം കടന്നുവരുന്നത്. കലയും പലവിധ ജ്ഞാനമണ്ഡലങ്ങൾ സന്ധിക്കുന്ന ഒരിടമാണ് എന്ന ബോധ്യം ഇവിടെ ശക്തമായി. നരവംശശാസ്‌ത്രം, സാമൂഹികശാസ്‌ത്രം, വിവരസാങ്കേതികവിദ്യ, ജീവശാസ്‌ത്രം, ഭൂമിശാസ്‌ത്രം എന്നിവയെല്ലാം കലയുടെ മാധ്യമങ്ങളായി മാറി. കലാരംഗം അതിന്റെ നിർമിതിയിലും വിതരണത്തിലും പുതിയ പരീക്ഷണങ്ങൾക്ക് വഴിമാറിയത് ഈ ഘട്ടത്തിലാണ്. അന്തർവൈജ്ഞാനിക സമീപനം കേവലം വ്യത്യസ്ത വിഷയങ്ങളെ കൂട്ടിച്ചേർക്കുകയല്ല, അവയ്ക്കിടയിലുള്ള പരമ്പരാഗതമായ അധികാര ശ്രേണികളെ ഇല്ലാതാക്കുക കൂടിയാണ്‌.

Siamese Trees' ‐ റീന സൈനി കല്ലാട്ട്‌Siamese Trees' ‐ റീന സൈനി കല്ലാട്ട്‌

ശാസ്ത്രീയമായ വിവരസ്രോതസ്സുകൾക്ക്‌ നൽകപ്പെടുന്ന അതേ പ്രാധാന്യത്തോടെയും ഗൗരവത്തോടെയുംതന്നെ കലാപരമായ ഭാവനകളെയും സമകാലിക അക്കാദമിക് ലോകം നോക്കിക്കാണാൻ തുടങ്ങി. അറിവ് ഉൽപ്പാദിപ്പിക്കുന്നതിൽ കലയ്‌ക്കുള്ള സവിശേഷമായ പങ്ക് ഇവിടെ ചർച്ച ചെയ്യപ്പെട്ടു. കല എന്നത് കേവലം വിനോദത്തിനോ ആസ്വാദനത്തിനോ ഉള്ള മാധ്യമം എന്നതിനപ്പുറത്ത്‌, മനുഷ്യന്റെ നിലനിൽപ്പിനെക്കുറിച്ചും അസ്ഥിരമായ സാമൂഹിക ചുറ്റുപാടുകളെക്കുറിച്ചുമുള്ള ആഴത്തിലുള്ള ജ്ഞാനനിർമിതിയാണെന്നും സമകാലിക കലാസിദ്ധാന്തങ്ങൾ സമർഥിക്കുന്നു.

നിക്കോളാസ് ബോറിയോദിന്റെ ‘റിലേഷണൽ ഏസ്‌തെറ്റിക്‌സ്’ സങ്കൽപ്പമനുസരിച്ച്, സമകാലിക കല എന്നത് മനുഷ്യബന്ധങ്ങളുടെയും അവ രൂപപ്പെടുന്ന സാമൂഹിക പശ്ചാത്തലങ്ങളുടെയും ആകെത്തുകയാണ്; അവിടെ കല ഒരൊറ്റ വ്യക്തിയുടെ സൃഷ്ടി എന്നതിനപ്പുറം മനുഷ്യർ തമ്മിലുള്ള സമ്പർക്കങ്ങൾക്കും ആശയവിനിമയങ്ങൾക്കും വഴിയൊരുക്കുന്ന ഒരു സജീവ ‘സാഹചര്യ'മായി മാറുന്നു. കലാകൃത്ത്‌ പണിക്കുറ തീർന്ന ഉൽപ്പന്നം വിപണിക്ക് നൽകുന്നതിന് പകരം പ്രേക്ഷകരുമായി സംവദിക്കാനുള്ള സന്ദർഭങ്ങൾ ഒരുക്കുമ്പോൾ, നിഷ്ക്രിയരായി നോക്കിനിൽക്കുന്ന ആസ്വാദകർ കലയുടെ സജീവ പങ്കാളികളാവുകയും അവരുടെ ഇടപെടലുകളിലൂടെ മാത്രം കലാകൃതി പൂർണതയിലെത്തുകയും ചെയ്യുന്നു. പാരസ്‌പര്യത്തിലേക്കുള്ള ഈ മാറ്റത്തിലൂടെ, കലയറിവുകൾ വിവിധ ജീവിതസാഹചര്യങ്ങളിൽ നേരിട്ട് പരീക്ഷിക്കപ്പെടുന്ന ഒരു പ്രയോഗമായി മാറുകയുമാണ്‌ ചെയ്യുന്നത്. വിപണിയുടെ അതിർവരമ്പുകൾക്ക് പുറത്ത് മനുഷ്യർക്ക് ജനാധിപത്യപരമായി ഒത്തുചേരാനും സംവദിക്കാനുമുള്ള ഇത്തരം താൽക്കാലിക ഇടങ്ങൾ നിർമിക്കുന്നതിലൂടെ, സമകാലിക കലയെ സാമൂഹിക ബന്ധങ്ങളെ ദൃഢമാക്കാനുള്ള ഏറ്റവും ശക്തമായ മാധ്യമമായാണ് ബോറിയോദ്‌ അടയാളപ്പെടുത്തുന്നത്.

"Woven Chronicle (2022)'‐ റീന സൈനി കല്ലാട്ട്‌"Woven Chronicle (2022)'‐ റീന സൈനി കല്ലാട്ട്‌

മനുഷ്യാധിപത്യ

യുഗത്തിലെ കല

ഹോളോസീൻ എന്ന ഹിമയുഗാനന്തര കാലഘട്ടത്തിനുശേഷം, വ്യാവസായിക വിപ്ലവത്തോടെ ആരംഭിക്കുന്ന ‘ആന്ത്രോപോസീൻ’ അഥവാ മനുഷ്യാധിപത്യയുഗത്തിൽ, മനുഷ്യൻ പ്രപഞ്ചമാറ്റങ്ങളുടെ കാരണക്കാരനായി മാറിയിരിക്കുന്നു. കൽക്കരി ഖനനം, വ്യാവസായിക ഉൽപ്പാദനം, ആണവപരീക്ഷണങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങൾ ഭൗമപാളികളിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ഇവ ആഗോളതാപനം, സമുദ്രനിരപ്പുയരൽ, ജൈവവൈവിധ്യ നാശം, അതിതീവ്ര കാലാവസ്ഥാ വ്യതിയാനം എന്നിവയ്‌ക്ക്‌ കാരണമായിട്ടുണ്ട്.

ആന്ത്രോപോസീൻ ഘട്ടത്തോട് ധാർമികമായും സാംസ്‌കാരികമായും പ്രതികരിക്കുന്ന ഒരു പ്രബലധാര സമകാലിക കലയിലുണ്ട്. ‘മനുഷ്യൻ’ ലോകത്തിന്റെ കേന്ദ്രമെന്ന ധാരണ, പാരിസ്ഥിതിക പ്രതിസന്ധിയുടെ സന്ദർഭത്തിൽ തകരുന്നു. അതുകൊണ്ടുതന്നെ കലയിൽ മാത്രമായി മനുഷ്യകേന്ദ്രിതഭാവന നിലനിൽക്കുന്നില്ല. കല അതിന്റെ സാമ്പ്രദായിക പ്രകരണങ്ങളിൽനിന്ന് പാരിസ്ഥിതികവും ജൈവരാഷ്‌ട്രീയത്തിലൂന്നിയതുമായ പ്രയോഗങ്ങളിലേക്ക്‌ ഗതിമാറുകയോ, അല്ലെങ്കിൽ അത്തരമൊരു രീതിശാസ്‌ത്രപദ്ധതി കലയെക്കുറിച്ചുള്ള വിചാരമാതൃകകളിൽ ഇടംപിടിക്കുകയോ ചെയ്‌തു. പ്രകൃതിയും സംസ്‌കാരവും രണ്ട് വ്യത്യസ്‌ത മണ്ഡലങ്ങളല്ല, അഭേദ്യമായി ഇഴചേർന്ന ഒരു സംവിധാനമാണെന്ന ബ്രൂണോ ലത്തൂറിന്റെ ‘പ്രകൃതി-സംസ്‌കാര സങ്കരം’ (Nature-Culture Hybrid) എന്ന ആശയം ഇവിടെ പ്രസക്തമാണ്. കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രതിഭാസങ്ങൾ ‘പ്രകൃതിപരം’ മാത്രമോ സാംസ്‌കാരികം മാത്രമോ അല്ല, രണ്ടും കൂടിച്ചേർന്ന ഉൽപ്പന്നമാണ്‌. മനുഷ്യൻ/പ്രകൃതി, വസ്‌തു/ആശയം, ശാസ്‌ത്രം/കല, അകം/പുറം, കലാകാരൻ/കാണി തുടങ്ങിയ വേർതിരിവുകളെല്ലാം ഈ ചിന്താപദ്ധതിയിൽ അപ്രസക്തമാകുന്നു. ഫ്രഞ്ച് തത്വചിന്തകരായ ദലസും ഗുത്താരിയും മുന്നോട്ടുവച്ച ‘റൈസോം’ (Rhizome) എന്ന സങ്കൽപ്പം ഈ ദ്വന്ദ്വരഹിതബോധത്തെ ദാർശനികമായി പിന്തുണയ്‌ക്കുന്നുണ്ട്. വേരുകൾ മണ്ണിനടിയിലൂടെ ഒരു കേന്ദ്രവുമില്ലാതെ തിരശ്ചീനമായി പടരുന്നതുപോലെ, സമകാലിക കലയും നിർദിഷ്ടമായ അതിരുകളോ ശ്രേണികളോ ഇല്ലാതെ പല ജ്ഞാനശാഖകളിലേക്ക് പടർന്നുപന്തലിക്കുന്നു. റൈസോമാറ്റിക് ഘടനയിൽ തുടക്കമോ ഒടുക്കമോ ഇല്ല; അത് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. കലയെക്കുറിച്ചുള്ള സാമ്പ്രദായികമായ വിലയിരുത്തലുകൾ എപ്പോഴും ഒരു നിശ്ചിത കേന്ദ്രത്തെ മുൻനിർത്തിയായിരുന്നുവെങ്കിൽ, സമകാലിക ‘നോൺ-ബൈനറി’ ഇടങ്ങൾ ആ കേന്ദ്രത്തെത്തന്നെയാണ് റദ്ദ് ചെയ്യുന്നത്. ഇവിടെ അറിവും അനുഭവവും പല ദിശകളിൽനിന്നും ഒരേസമയം വന്ന് സന്ധിക്കുകയും പരസ്‌പരം സ്വാധീനിക്കുകയും ചെയ്യുന്നു. ഇത്, കാണിക്കും കലാകൃത്തിനും ഒരേപോലെ സ്വതന്ത്രമായി സഞ്ചരിക്കാനും പുതിയ അർഥങ്ങൾ കണ്ടെത്താനുമുള്ള സാധ്യതകൾ തുറന്നു നൽകുകയും ചെയ്യുന്നു.

നോൺ-ബൈനറി ഇടത്തിന്റെ ജൈവികവും രാഷ്‌ട്രീയവുമായ പ്രകാശനമാണ് സമകാലിക കലയിൽ ‘ആംഫിബിയൻ സങ്കൽപ്പം’ അഥവാ ‘ഉഭയജീവി അനുഭൂതി’യിലേക്ക് നമ്മെ നയിക്കുന്നത്. ജലത്തിനും കരയ്‌ക്കും ഇടയിലുള്ള, അതിരുകൾ വ്യക്തമല്ലാത്ത തീരദേശഭൂപ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്ന ഉഭയജീവിയെപ്പോലെ, സമകാലിക കലയും ഒരേസമയം ഒന്നിലധികം അവസ്ഥകളിലും മാധ്യമങ്ങളിലും ജീവിക്കാൻ ശീലിക്കുന്നു. പെർ നിൽസൺ തന്റെ ‘ദി ആംഫിബിയൻ സ്റ്റാൻഡ്' എന്ന പഠനത്തിൽ പരാമർശിക്കുന്നതുപോലെ, ഓരോ കലാകൃതിയും ഭാഗികമായി ഒരു വസ്‌തുവും ഭാഗികമായി അതിനെച്ചൊല്ലി ഉണ്ടാകുന്ന സംവാദാത്മകമായ വിശദീകരണങ്ങളുമാണ്‌. ഒരർഥം രൂപപ്പെടുന്നത് ഈ വസ്‌തുവും സംവാദവും പരസ്‌പരം കണ്ണിചേർക്കപ്പെടുമ്പോഴാണ്. ഒരു കലാകൃതിയുടെ അസ്‌തിത്വം എന്നത് അതിന്റെ ഭൗതികരൂപത്തിൽ മാത്രം ഒതുങ്ങുന്നില്ല, അത് സമൂഹത്തിൽ ഉളവാക്കുന്ന ചിന്തകളിലും സംവാദങ്ങളിലുമാണ് നിലനിൽക്കുന്നത് എന്ന് നിൽസൺ സമർഥിക്കുന്നു.

"Redemption‐ Homage (2023)' ‐ രവി അഗർവാൾ"Redemption‐ Homage (2023)' ‐ രവി അഗർവാൾ

തണ്ണീർ സാമൂഹികതയും

കലയും

മനുഷ്യന്റെ ഇടപെടലുകൾ ഭൂമിയുടെ ആവാസവ്യവസ്ഥയെ മാറ്റിമറിച്ച ‘ആന്ത്രോപോസീൻ' ഭൗമസൂചികയുടെ പശ്ചാത്തലത്തിൽ, ജലപരിപാലനത്തെ ഹൈഡ്രോളജിക്കൽ ശാസ്‌ത്രത്തിലോ ഹൈഡ്രോളിക് എൻജിനിയറിങ്ങിലോ മാത്രം നിജപ്പെടുത്തുന്ന കാഴ്‌ചപ്പാടിനെ മറികടന്ന്, ജലത്തിന് പ്രാധാന്യമേറിയ സാമൂഹിക- രാഷ്‌ട്രീയ മാനങ്ങളുണ്ടെന്ന തിരിച്ചറിവിൽനിന്നാണ് തണ്ണീർസാമൂഹികത (ഹൈഡ്രോ-സോഷ്യൽ) എന്ന സങ്കൽപ്പം രൂപപ്പെടുന്നത്. പ്രമുഖ ജിയോഗ്രഫറും പൊളിറ്റിക്കൽ ഇക്കോളജിസ്റ്റുമായ എറിക് സ്വിംഗെഡോ സങ്കൽപ്പനം ചെയ്‌ത ഈ സിദ്ധാന്തം മനുഷ്യനെയും പരിസ്ഥിതിയെയും വെവ്വേറെ വിഭാഗങ്ങളായി കാണുന്ന കാർട്ടീഷ്യൻ ദ്വൈതത്തെ പൂർണമായും തിരസ്‌കരിക്കുന്നു. സമൂഹവും പ്രകൃതിയും പരസ്‌പരം രൂപപ്പെടുന്ന ഒന്നാണെന്നും, അതിനാൽ ജലത്തെ അതിന്റെ അർഥം നിർണയിക്കുന്ന സാമൂഹിക പശ്ചാത്തലങ്ങളിൽനിന്നും ഒഴുക്കുകളെ നിർണയിക്കുന്ന രാഷ്‌ട്രീയ പ്രക്രിയകളിൽനിന്നും വേർപെടുത്താൻ കഴിയില്ലെന്നുമുള്ള ഈ ചിന്തയുടെ കാതൽ, ആന്ത്രോപോസീന്റെ സൈദ്ധാന്തിക ചട്ടക്കൂടുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിദത്തമായ ജലചംക്രമണത്തെ മാത്രം അടയാളപ്പെടുത്തുന്നതും ജലപ്രക്രിയകളെ അരാഷ്‌ട്രീയമായി കാണുന്നതുമായ ‘ഹൈഡ്രോളജിക്കൽ സൈക്കിളിന്' വിപരീതമായി, ആന്ത്രോപോസീൻ കാലത്തെ ജലത്തിന്റെ ഒഴുക്കുകളും സാമൂഹിക അധികാരബന്ധങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ തുറന്നുകാട്ടാനാണ് ‘ഹൈഡ്രോ-സോഷ്യൽ സൈക്കിൾ' എന്ന ആശയം ഉപയോഗിക്കപ്പെടുന്നത്. ജലം എങ്ങോട്ട് ഒഴുകണം, ആർക്ക് ലഭ്യമാകണം എന്ന് നിർണയിക്കുന്നത് പ്രകൃതിയല്ല, അതിന് പിന്നിൽ പ്രവർത്തിക്കുന്ന രാഷ്‌ട്രീയ-മുതലാളിത്ത അധികാര സമവാക്യങ്ങളും മനുഷ്യന്റെ ഇടപെടലുകളുമാണെന്ന്‌ ഈ സിദ്ധാന്തം സ്ഥാപിക്കുന്നു.

കലയിൽ, ഹൈഡ്രോ-സോഷ്യൽ സങ്കൽപ്പം ദാർശനികമായും ജൈവരാഷ്ട്രീയവുമായും ബന്ധപ്പെട്ട ആശയലോകങ്ങൾ തുറക്കുന്നു. അവിടെ ജലം എന്നത് ഒരു ചിത്രത്തിൽ പശ്ചാത്തലമായി വരച്ചുചേർക്കാനുള്ള വിഭവമല്ല. സമകാലിക കലാകൃത്തുക്കൾ ജലത്തെ കലയുടെ ഉള്ളടക്കമായി കാണുന്നതിനുപകരം, അതിനെ രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സാമൂഹിക-രാഷ്‌ട്രീയ വ്യവഹാരങ്ങളെയും സാംസ്‌കാരിക പ്രതിനിധാനങ്ങളെയും വിമർശനാത്മകമായി ചോദ്യം ചെയ്യാൻ ഈ സിദ്ധാന്തത്തെ ഒരു ചട്ടക്കൂടായി ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നദികളുടെ കൃത്രിമമായ ഗതിമാറ്റങ്ങൾ, വൻകിട അണക്കെട്ടുകൾ സൃഷ്ടിക്കുന്ന ജനകീയ കുടിയേറ്റങ്ങൾ, കുടിവെള്ളത്തിന്റെ ആഗോള വാണിജ്യവൽക്കരണം, ആന്ത്രോപോസീൻ പ്രതിസന്ധികൾ തീർത്ത അപ്രതീക്ഷിത പ്രളയങ്ങളും വരൾച്ചകളും തുടങ്ങിയ സമകാലിക വിഷയങ്ങളിൽ കല ഇന്ന് ഇടപെടുന്നത് ജലത്തെ ഇത്തരം രാഷ്‌ട്രീയ പ്രക്രിയകളുമായി പിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്ന ഒരു ‘ഹൈഡ്രോ-സോഷ്യൽ’ പ്രതിഭാസമായി കണ്ടുകൊണ്ടാണ്.

പരിസ്ഥിതിയെയും ജൈവരാഷ്‌ട്രീയത്തെയും ഇണക്കുന്ന കണ്ണിയായി തണ്ണീർസാമൂഹികതയെ കാണാം. പരിസ്ഥിതി എന്ന സങ്കൽപ്പം പലപ്പോഴും മനുഷ്യനുപുറത്തെ ഒന്നായി സങ്കൽപ്പിക്കപ്പെട്ടതിന്റെ അപകടത്തെ ഹൈഡ്രോ-സോഷ്യൽ ഒരു പരിധിവരെ മറികടക്കുന്നുണ്ട്. പ്രകൃതിയെ യുക്തികൊണ്ട് കീഴടക്കാം എന്ന പരമ്പരാഗത പുരുഷാധിപത്യ ചിന്താഗതിക്ക് പകരം, പ്രകൃതിയുടെ അനിശ്ചിതത്വങ്ങളെ ഉൾക്കൊള്ളുന്ന ഒരു ‘പോസ്റ്റ്-മാസ്കുലിനിസ്റ്റ് യുക്തി' വളർത്തിയെടുക്കണമെന്ന് വാദിക്കുകയാണ്‌ ജോവാന സൈലിൻസ്ക. മനുഷ്യൻ പ്രകൃതിയോട് പുലർത്തേണ്ട പുത്തൻ ധാർമിക ഉത്തരവാദിത്വങ്ങളെക്കുറിച്ചാണ് സൈലിൻസ്ക ചർച്ച ചെയ്യുന്നത്. മുൻകൂട്ടി നിശ്ചയിച്ച നിയമങ്ങൾക്കോ കേവലമായ വ്യക്തിഗത ശീലങ്ങൾക്കോ അപ്പുറം, മനുഷ്യൻ പ്രകൃതിയിൽനിന്ന് വേറിട്ട ഒന്നല്ലെന്നും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ച പ്രക്രിയയുടെ ഒരു താൽക്കാലിക ഭാഗം മാത്രമാണെന്നുമുള്ള ആഴത്തിലുള്ള ബോധ്യത്തിൽ നിന്നാണ് ‘മിനിമൽ എത്തിക്‌സ്‌’ രൂപപ്പെടേണ്ടത്.


പാരിസ്ഥിതികനീതിയും

ഉഭയജീവിത

വീക്ഷണവും

ദക്ഷിണേഷ്യൻ പശ്ചാത്തലത്തിൽ, നദികളുടെയും ജലാശയങ്ങളുടെയും ഒഴുക്ക് പലപ്പോഴും ദേശീയ അതിരുകളാൽ വിഭജിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പ്രകൃതിദത്തമായ ജലസ്രോതസ്സുകളെ രാഷ്‌ട്രീയമായ അതിരുകൾക്കുള്ളിൽ തളച്ചിടാൻ ശ്രമിക്കുന്ന ആധുനികരാഷ്‌ട്രങ്ങളുടെ യുക്തിയെ സമകാലിക കല ശക്തമായി ചോദ്യം ചെയ്യുന്നു. ഉദാഹരണത്തിന്‌, പാരിസ്ഥിതിക- അതിർത്തി പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്ന സമകാലിക ഇന്ത്യൻ ആർട്ടിസ്റ്റായ റീന സൈനി കല്ലാട്ടിന്റെ ഇൻസ്റ്റലേഷനുകൾ നോക്കുക. വൈദ്യുത കമ്പികളും കേബിളുകളും ഉപയോഗിച്ച് നദികളുടെയും പ്രകൃതിദത്ത അതിരുകളുടെയും ഭൂപടങ്ങൾ നിർമിക്കുന്നതിലൂടെ, പ്രകൃതിക്കുമേൽ മനുഷ്യൻ അടിച്ചേൽപ്പിക്കുന്ന കൃത്രിമവിഭജനങ്ങളെ അവർ തുറന്നുകാട്ടുന്നു. ജലം എന്ന സാർവലൗകിക പ്രതിഭാസത്തെ രാഷ്‌ട്രീയമായ അധികാരമുപയോഗിച്ച് തടഞ്ഞുനിർത്താൻ ശ്രമിക്കുന്നതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഇത്തരം കലാകൃതികൾ ചർച്ച ചെയ്യുന്നു.

മറ്റൊരു പ്രധാന പാരിസ്ഥിതിക ആശങ്ക, പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതമായ അപഹരണവും അതിന്റെ ഫലമായി വന്യജീവികൾക്കും മനുഷ്യർക്കും ഒരേപോലെ അനുഭവിക്കേണ്ടിവരുന്ന ആവാസവ്യവസ്ഥയുടെ തകർച്ചയുമാണ്. മനുഷ്യൻ സാമ്പത്തിക ലാഭത്തിനായി ഭൂമിയെ തുരക്കുകയും നദികളെ മലിനമാക്കുകയും ചെയ്യുമ്പോൾ, പാരിസ്ഥിതികമായ വലിയൊരു വിച്ഛേദമാണ് സംഭവിക്കുന്നത്. ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ രവി അഗർവാൾ ഫോട്ടോഗ്രഫിയിലൂടെയും ഡോക്യുമെന്റേഷൻ പ്രൊജക്ടുകളിലൂടെയും പരിസ്ഥിതിയും കലയും തമ്മിലുള്ള പുതിയ സംവാദത്തെയാണ്‌ ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നത്. യമുനാ നദിയുടെ തീരങ്ങളിലെ വ്യാവസായിക മലിനീകരണവും കോർപറേറ്റ് വികസന യുക്തികൾ മത്സ്യത്തൊഴിലാളികളുടെ ജീവിതം എങ്ങനെ ഇല്ലാതാക്കുന്നു എന്നതും അഗർവാളിന്റെ ആർട്ട് പ്രൊജക്ടുകൾ കൃത്യമായി രേഖപ്പെടുത്തുന്നു. പ്രകൃതി ഒരു വിഭവമല്ല, ജൈവികമായ ഒരു സഹവർത്തിത്വ വ്യവസ്ഥയാണെന്ന ബോധം ഇത്തരം ഡോക്യുമെന്റേഷനുകളിലൂടെ രൂപപ്പെടുന്നു.


ഉത്തരാധുനിക ചിന്തകനായ തിമോത്തി മോർട്ടൻ മുന്നോട്ടുവയ്‌ക്കുന്ന ‘ഹൈപ്പർഒബ്ജക്റ്റ്സ്' എന്ന സൈദ്ധാന്തിക സങ്കൽപ്പം ഇവിടെ ഏറെ പ്രസക്തമാണ്. ആഗോളതാപനം, പ്ലാസ്റ്റിക് മലിനീകരണം, സമുദ്രനിരപ്പ് ഉയരൽ തുടങ്ങിയ പ്രതിഭാസങ്ങൾ മനുഷ്യന്റെ ചിന്താശേഷിക്കും ദൃശ്യപരിധിക്കും അപ്പുറം വ്യാപിച്ചുകിടക്കുന്ന, എന്നാൽ പ്രപഞ്ചത്തെ മുഴുവൻ വിഴുങ്ങുന്ന ഹൈപ്പർ ഒബ്ജക്റ്റുകളാണ്. ഇവയെ കേവലമൊരു ചിത്രത്തിലോ ശിൽപ്പത്തിലോ ഒതുക്കാൻ കലാകൃത്തിന്‌ കഴിയില്ല. അതുകൊണ്ടുതന്നെ, സമകാലിക പാരിസ്ഥിതിക കല ഈ ഭീമാകാരമായ യാഥാർഥ്യങ്ങളെ ആവിഷ്‌കരിക്കാൻ ഡാറ്റാ വിവർത്തനങ്ങളും പെർഫോമൻസുകളും പ്രകൃതിദത്ത വസ്‌തുക്കളുടെ നേരിട്ടുള്ള വിന്യാസങ്ങളുമാണ് ഉപയോഗിക്കുന്നത്. പ്രകൃതിയെ കീഴടക്കേണ്ട ഒന്നായി കാണുന്ന ആൺ/സാമ്രാജ്യത്വ/കോർപറേറ്റ്‌ യുക്തിയെ പിന്തള്ളിക്കൊണ്ട്‌, ഹൈപ്പർ ഒബ്ജക്റ്റുകളുടെ കാലത്ത് മനുഷ്യൻ എത്രത്തോളം നിസ്സഹായനാണെന്ന് ഓർമിപ്പിക്കുകയാണ് പുതിയ പാരിസ്ഥിതിക കല ചെയ്യുന്നത്. ഒപ്പം, കല എന്ന ഒറ്റവ്യക്തിയുടെ മാനസികവ്യാപരങ്ങളിലൂന്നിയ കാൽപ്പനികഭാവനയെ സാമൂഹികമായും രാഷ്‌ട്രീയമായും പുനർനിർവചിക്കേണ്ടുന്നതിന്റെ ആവശ്യകതയേയും കലയിലെ ഉഭയജീവിതവീക്ഷണം മുന്നോട്ടുവയ്‌ക്കുന്നു .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home