ad
Deshabhimani

പിഎം ശ്രി യുഡിഎഫിന് പണ്ട് എൽഡിഎഫ് - ബിജെപി ഡീൽ ആണ്, ഇപ്പോൾ എന്ത് ഡീലാണ്: പിണറായി വിജയൻ

Pinarayi Vijayan Press Meet
വെബ് ഡെസ്ക്

Published on Aug 01, 2026, 11:40 AM | 2 min read

തിരുവനന്തപുരം: പി എം ശ്രി വിഷയത്തിൽ യുഡിഎഫ് സർക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പണ്ട് അവർക്കത് എൽഡിഎഫ് - ബിജെപി ഡീലിന്റെ ഭാഗമായിരുന്നു, ഇപ്പോൾ അത് എന്ത് ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം ചോദിച്ചു.


കേന്ദ്രസർക്കാർ നടപ്പാക്കുന്ന പി എം ശ്രി കോൺഗ്രസ് സർക്കാരുകൾ നയിക്കുന്ന സംസ്ഥാനങ്ങളെല്ലാം അംഗീകരിച്ചിരുന്നു. കേരളത്തിലെ എൽഡിഎഫ് സർക്കാർ ഇത് നടപ്പാക്കുന്നതിന് സന്നദ്ധമായിരുന്നില്ല. ആ പി എം ശ്രീയുടെ ഭാഗമായി വിദ്യാഭ്യാസരംഗത്ത് ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടാക്കണമെന്നും എൽഡിഎഫ് ആഗ്രഹിച്ചിരുന്നില്ല.


യുഡിഎഫ് ആ ഘട്ടത്തിൽ പിഎം ശ്രീക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ചു. ഡീൽ ആരോപണത്തിന്റെ ഭാഗമായി വ്യാപകമായ പ്രചാരണമാണ് അഴിച്ചുവിട്ടത്. ജനവിധിയിലൂടെ യുഡിഎഫിന്റെ കൈയിലേക്ക് ഭരണം മാറുന്ന ദിവസം വരെ അവരുടെ നിലപാട് ഇതുതന്നെ ആയിരുന്നു.


അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് വരെ പറഞ്ഞവരുണ്ട്. എന്നാൽ സർക്കാർ തങ്ങളുടെ കൈയിലായതോടെ പഴയ നിലപാടിൽ നിന്ന് തകിടം മറിയുന്ന കാഴ്ചയാണ് കാണുന്നത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇപ്പോൾ പിഎം ശ്രീ നടപ്പാക്കുന്നതിന്റെ വാദങ്ങൾ ഉന്നയിക്കുകയാണ്.


മുഖ്യമന്ത്രിക്ക് പുറമെ മുസ്ലിം ലീഗും ഒറ്റയടിക്ക് മറുകണ്ടം ചാടുന്ന നിലയാണുള്ളത്. എൽഡിഎഫ് സർക്കാർ പി എം ശ്രീയുടെ ഭാഗമായുള്ള ഫണ്ട് കൈപ്പറ്റി എന്നും, എംഓയു ഒപ്പിട്ടു എന്നും അതുകൊണ്ട് ഇനി ഈ പദ്ധതിയിൽ നിന്ന് പിന്മാറാൻ പറ്റില്ല എന്നുമൊക്കെയാണ് ഇത്രയും നാൾ സമർത്ഥിക്കാൻ ശ്രമിച്ചത്.


എൽഡിഎഫ് സർക്കാർ എംഓയു ഒപ്പിട്ടു എന്നത് ശരിയാണ്. എന്നാൽ നയപരമായ നിലപാടെടുത്തുകൊണ്ട് തന്നെ എൽഡിഎഫ് സർക്കാർ അത് മരവിപ്പിക്കുകയും ഇക്കാര്യം കേന്ദ്രസർക്കാരിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. അന്നത്തെ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി കേന്ദ്രത്തിൽ പോയി ബന്ധപ്പെട്ടവരെ കണ്ട് ഇത് അറിയിക്കുകയും ചെയ്തു.


പി എം ശ്രി നടപ്പാക്കാനാവശ്യമായ തുടർനടപടികളിൽ ഒന്ന് പോലും എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നില്ല. ഇ വി അബ്ദുൽവഹാബ് പാർലമെൻറിൽ ചോദിച്ച ചോദ്യത്തിന് കിട്ടിയ മറുപടിയിൽ പദ്ധതിയിൽ ചേരാതിരിക്കുകയോ ഒപ്പിട്ട ധാരണാപത്രത്തിൽ നിന്ന് പിൻവാങ്ങുകയോ ചെയ്താൽ പി എം ശ്രി പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടും എന്നാണ് പറഞ്ഞത്.


അതായത് നിയമപരമായി പിന്മാറാൻ യാതൊരു തടസവും ഇല്ല. വ്യക്തമായി കേന്ദ്രസർക്കാർ ആ നിലപാട് പറഞ്ഞ് കഴിഞ്ഞു. കാവി അജണ്ടകൾ വിദ്യാഭ്യാസനയത്തിൽ കൊണ്ടുവരാനുള്ള ശ്രമമാണ് പിഎം ശ്രി വഴി കേന്ദ്രം നടത്തിയത്. അതിനു കുടപിടിക്കുന്ന നിലപാടിലേക്ക് മലക്കം മരിയൻ യുഡിഎഫിന് അധികം കാലതാമസം എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home