ജമ്മു കാശ്മീരിൽ മേഘവിസ്‌ഫോടനം; വീടുകൾക്കും കടകൾക്കും നാശനഷ്ടം

മേഘവിസ്ഫോടനത്തെത്തുടർന്ന് തകർന്ന വീടുകൾ
കിഷ്ത്വാർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ വ്യാപക നാശനഷ്ടം. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് മുൻകരുതൽ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.
കഴിഞ്ഞ 19 ന് സമാനമായ കനത്ത മഴയെത്തുടർന്ന് മേഘവിസ്‌ഫോടനം സംഭവിക്കുകയും നിരവധിയിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാവുകയും ചെയ്തിരുന്നു. ജൗരി, പൂഞ്ച് എന്നീ അതിർത്തികളെ കാശ്മീരുമായി ബന്ധിപ്പിക്കുന്ന പ്രദേശത്തെ റോഡുകളിലും വൻ നാശനഷ്ടങ്ങളുണ്ടായി.
മേഖലയിൽ രണ്ടാഴ്ചക്കാലമായി ഗതാഗതം പൂർണമായും നിലച്ച അവസ്ഥയിലാണ്. പലയിടത്തും പുതിയ റോഡുകളുൾപ്പടെ തകർന്നു. വാഹനങ്ങൾക്കുമേൽ മണ്ണിടിഞ്ഞ് വീണ് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്.
അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചുവെന്നും ജാഗ്രതാനിർദേശങ്ങൾ നൽകിയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പൊതുജനം അപകടസാധ്യത കണക്കിലെടുത്ത് റോഡ് മാർഗമുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.









0 comments