ad
Deshabhimani

കഥ

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിയ്ക്കുന്ന  രണ്ട് കുട്ടികൾ

ചിത്രീകരണം: നാസർ ബഷീർ
avatar
കൃഷ്ണമോഹൻ

Published on Aug 01, 2026, 12:40 PM | 7 min read



സുലൈമാന്റെ ദേഹത്തൂന്ന് റൂഹ് വിട്ടുപോയിട്ട് മണിക്കൂറഞ്ചായി. ഇതിത്തിരി നേരത്തെ ആയിപ്പോയെന്നും ഇത്തിരി വൈകിപ്പോയെന്നും ആളുകൾ പറഞ്ഞു. പക്ഷേ ആരും ഇത് നല്ല സമയമാണെന്ന് പറഞ്ഞുകേട്ടില്ല. സുലൈമാൻ വണ്ടിപ്പണിക്കാരനായിരുന്നു. പിന്നെ പേർഷ്യക്കാരനായി. അവിടന്ന് കച്ചവടക്കാരനായി. ദുബായിന്ന് വരുന്ന വഴിക്ക്‌ കരിപ്പൂര് വെച്ചൊന്ന് തലകറങ്ങി. പിന്നെ കിടപ്പിലായി.

നാട്ടിലാദ്യമായി മൊസൈക്ക് വിരിച്ചത് സുലൈമാന്റെ വീട്ടിലായിരുന്നു. അന്നത് കാണാൻ പാച്ചിക്ക പത്തിരിയും ഇറച്ചിയും പൊതിഞ്ഞ് ഹമീദാത്തേനേം കൂട്ടി വന്നു. മൂപ്പരാള് നാട്ടില് ഉണ്ടായില്ല. ഇറച്ചിയും പത്തിരിയും മക്കള് തിന്നു. അത്തറ് തേച്ച് നടന്ന കക്ഷത്ത് പേർഷ്യൻ സെന്റ്‌ പൂശി കൊടുത്തതും പരേതനായ സുലൈമാനാണ്.

ആളുകൾ വന്നുകൊണ്ടിരുന്നു. വീടിനകത്തുനിന്ന് ഊദിന്റ സുഗന്ധം മുറ്റത്തേക്ക് കടന്നു.

ചിത്രീകരണം: നാസർ ബഷീർചിത്രീകരണം: നാസർ ബഷീർ

വരമ്പ് കടന്നുവേണം സുലൈമാന്റെ വീടെത്താൻ. മുറ്റത്തേക്ക്‌ കയറുന്ന പടിയിലിരുന്ന് എട്ടുവയസ്സുകാരൻ തുമ്മു ആളുകളെ എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു.

പരേതന്റെ നേരെ ഇളയ സഹോദരന്റെ മകനാണ് തുമ്മു. ഷർട്ട് ഇടാതെ ഒരു കുട്ടിനിക്കർ മാത്രമിട്ട് പടിയിലിരിക്കുന്ന തുമ്മുവിനെ ആളുകൾ പരിചയഭാവത്തിൽ ചിരിച്ചുകൊണ്ട് കടന്നുപോയി. പക്ഷേ, ടിയാൻ അപ്പോഴും തന്റെ കണക്കിൽ വ്യാപൃതനായിരുന്നു. എണ്ണം അമ്പത്തിയാറിൽ എത്തിനിൽക്കുമ്പോൾ തുമ്മുവിനൊരു കോട്ടുവായ്‌ വന്നു. 

വായും പൊളിച്ചിരിക്കുമ്പോളാണ് അവൻ ചാച്ചുവിനെ കണ്ടത്. പരേതന്റെ ഭാര്യാസഹോദരന്റെ മകനാണ് ചാച്ചു.

രണ്ടാളും ഏകദേശം ഒരേ പ്രായം. ചാച്ചു ശകലം ഇളയതാണെങ്കിലേ ഉള്ളൂ. അവൻ പഠിക്കുന്നത് പട്ടണത്തിലെ സ്‌കൂളിലാണ്. മുമ്പൊരിക്കൽ ഓണപ്പൂട്ടിന് രണ്ടുദിവസം ചാച്ചു വീട്ടിൽ ഉണ്ടായിരുന്നു. പക്ഷേ തുമ്മു പനിച്ച് വിറങ്ങലിച്ച് ഒരേ കിടപ്പായിരുന്നു. പിന്നെ കാണുന്നത് ഇപ്പോഴാണ്.

‘‘തുമ്മൂന് സ്‌കൂളില് ട്രൗസർ ആണോ? എനിക്ക്‌ പാന്റാ...’’ ചാച്ചു ചിരിച്ചു.

തുമ്മു തന്റെ കീഴ്പോട്ടേക്ക് ഒന്നു നോക്കി. പാതി തുടയും പുറത്തുകാട്ടി നിൽക്കുന്ന രണ്ടു കാലുകളിൽ നേരിയ ഒരു തുണിയുണ്ട്.

‘‘അടുത്ത കൊല്ലം തൊട്ട് പാന്റാവും.’’ ഇത്തിരി ഗമയിൽ പറഞ്ഞു; ‘‘കോട്ടും ഉണ്ടാകും.’’


ചാച്ചു അതിശയിച്ചു. അവന്റെ ഉപ്പയും ഉമ്മയും വീടിനകത്തേക്ക്‌ നടന്നു. ചാച്ചു പടിയിൽ തുമ്മുവിനോടൊപ്പം ഇരുന്നു.

‘‘നിനക്ക് എണ്ണാനറിയോ?’’ തുമ്മു ചോദിച്ചു.

‘‘യെസ്. ഹൺഡ്രഡ് വരെ എണ്ണും.’’

കുഞ്ഞുമുഖം ആത്മവിശ്വാസംകൊണ്ട് നിറഞ്ഞു.

അവസാനം എണ്ണി നിർത്തിയത് ഏതിലാണെന്ന് തുമ്മു ആലോചിച്ചു. പിടുത്തം കിട്ടാതായപ്പോൾ അവൻ പറഞ്ഞു; ‘‘അല്ലെങ്കിൽ വേണ്ട. നമുക്ക് വേറൊരു കളി കളിക്കാം.’’

തുമ്മു നടന്നു. പിന്നാലെ ചാച്ചുവും. വീടിനു മുമ്പിൽ വലിച്ചുകെട്ടിയ ടാർപോള ഷീറ്റിന്റെ തണലുതൊടാതെ അവർ പുറകിലെ പറമ്പിലെത്തി. സുലൈമാന്റെ വീടിന് അതിര് വന്നിട്ട് അധികം കാലമായിട്ടില്ല. പറമ്പിൽ മാവും പ്ലാവും അടക്കയും ആഞ്ഞിലിയും എന്ന് വേണ്ട സകലമാന ജാതിയുണ്ട്. അതിരു മുറിച്ചപ്പോൾ മൂവാണ്ടൻ മാവ് ഷുക്കൂറിന്റെ വളപ്പിൽ പോയി.അവിടെ ഇപ്പോൾ ഒരു തറ കെട്ടിയിട്ടുണ്ട്.

‘‘നീ അയനിച്ചക്ക തിന്നട്ടുണ്ടോ?’’

‘‘ചക്ക തിന്നട്ടുണ്ട്...’’

‘‘അയനിച്ചക്കയാണോ സാധാ ചക്കയാണോ?’’

അയനിച്ചക്ക എന്താണെന്ന് പിടിയില്ലെങ്കിലും സാധാ ചക്ക എന്ന് പറയാൻ ചാച്ചുവിന് കുറച്ചില് തോന്നി.

അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു;

‘‘...അയനിച്ചക്ക.’’

‘‘ഉവ്വേ... അവന്റെയൊരു അയനിച്ചക്ക...’’ തെല്ലും ദയയില്ലാതെ തുമ്മു കൂട്ടിച്ചേർത്തു; ‘‘നീയേ ചക്ക തന്നെ തിന്നട്ട്ണ്ടാവില്ല. ഇണ്ടെങ്കിത്തന്നെ കടച്ചക്ക ആയിരിക്കും.’’

‘‘അല്ല.’’ ചാച്ചു സങ്കടത്തോടെ പറഞ്ഞു.

‘‘അല്ലേ?.. ഇനി ആണെങ്കിത്തന്നെ പച്ചച്ചക്ക ആയിരിക്കും.’’ തുമ്മു വിട്ടില്ല; ‘‘പഴുത്തതാണെങ്കിത്തന്നെ വെള്ളം കേറി പഴുത്തതായിരിക്കും.’’

ചാച്ചു കരച്ചിലിന്റെ വക്കിലെത്തി.

‘‘എനിയ്‌ക്കറിയാം... ജാക്ക് ഫ്രൂട്ട് ഗ്രീനാ... പക്ഷേ ഉള്ളില് യെല്ലോയാ.’’

ഇത് കേട്ട് തുമ്മു ഉറക്കെ ചിരിച്ചു. അവന്റെ ചിരി കാരണം നിക്കർവരെ ലൂസായി. അവനത് അരയിൽ കേറ്റിയിട്ട് ചാച്ചുവിനു മുമ്പിൽ തട നിന്നു.

‘‘നീ ഇങ്ങോട്ട് വാ.’’

ചാച്ചുവിന്റെ കയ്യിൽ പിടിച്ചുവലിച്ച് അയനിപ്പിലാവിന്റെ ചുവട്ടിൽ കൊണ്ട് നിർത്തി. മേലേക്ക് ചൂണ്ടിക്കൊണ്ട് കൗശലത്തിൽ തുമ്മു ചോദിച്ചു;

‘‘ഇനി പറ. ഇത് ആത്തച്ചക്കയാണോ, കൈതച്ചക്കയാണോ, അയനിച്ചക്കയാണോ, കടച്ചക്കയാണോ അതോ നിന്റെ ജാക്ക് ഫ്രൂട്ട് ആണോന്ന്.’’

മിണ്ടാതെ മിഴിച്ചുനിൽക്കുന്ന ചാച്ചുവിനെ നോക്കി തുമ്മു കൈകൊട്ടിച്ചിരിച്ചു. നേരത്തെ വക്ക് വരെയെത്തിയ സങ്കടം വക്ക് പൊട്ടിയൊലിച്ചു.

അവന്റെ കരച്ചിൽ നിക്കാണ്ടായപ്പോൾ തുമ്മൂന് പേടിയും സങ്കടവും ഒരുമിച്ചു വന്നു.

‘‘കരയണ്ട... നിന്റെ സ്ഥലത്ത് ഇതൊന്നൂല്യ. ഒക്കെ ഈ വളപ്പിലാ ഉള്ളേ... അതോണ്ട് പറഞ്ഞതാ...’’

ഇത് കേട്ടതും ചാച്ചു വീണ്ടും കരയാൻ തുടങ്ങി.

‘‘നീ എന്തിനാ ജാക്ക് ഫ്രൂട്ട് എന്ന് പറഞ്ഞേ... അത് മാത്രാണോ ചക്ക. ഇതൊക്കെ ചക്കയല്ലേ...’’

താൻ ചെയ്‌തതും പറഞ്ഞതും ന്യായമർഹിക്കുന്നു എന്ന തോന്നൽ അപ്പോഴും തുമ്മുവിനുണ്ട്. ചാച്ചു ഏങ്ങിയേങ്ങി കരഞ്ഞു. കണ്ണിൽനിന്നും മൂക്കിൽനിന്നും നിറയെ വെള്ളം വന്നു. തുമ്മു വീട്ടിലേക്ക് നോക്കി. പതുക്കെ സംസാരിക്കുന്ന ആളുകൾ. വലിയ ഒച്ചയും ബഹളവും ഒന്നും കേൾക്കാനില്ല. കുറച്ചുപേർ കയറിപ്പോകുന്നു. കുറച്ചുപേർ ഇറങ്ങി വരുന്നു. അതിനിടയിൽ ഇവന്റെ കരച്ചിൽ എല്ലാവരും ശ്രദ്ധിക്കുമെന്ന് തുമ്മുവിന് മനസ്സിലായി. അവൻ പ്ലാവിന്റെ മേലോട്ട് നോക്കി. അയനിച്ചക്ക കുടുംബമായി തൂങ്ങിക്കിടക്കുന്നു.

‘‘ഒരു സൂത്രം കാണിച്ചു തരാം.’’

ചിത്രീകരണം: നാസർ ബഷീർചിത്രീകരണം: നാസർ ബഷീർ

ഏങ്ങലിനിടയിലും തുമ്മു പറഞ്ഞത് ചാച്ചു കേട്ടു. തുമ്മു അയനിപ്ലാവിനെ വട്ടം പിടിച്ചു. കുഞ്ഞിക്കൈകൾ എത്തിയില്ല. എങ്കിലും തുമ്മു വിട്ടില്ല. പറമ്പിലെ അധികാരി ഇപ്പോൾ തുമ്മുവാണ്. അവൻ പറഞ്ഞാൽ കട ഇരിക്കുന്നിടത്ത് തല ഇരിക്കണം. അവൻ വലിഞ്ഞു കയറാൻ തുടങ്ങി. ചാച്ചു കാഴ്‌ച കണ്ട് നിൽക്കെ കരയാൻ മറന്നുപോയി. നിത്യാഭ്യാസിയാണ് തുമ്മുമെന്ന് അവന് മനസ്സിലായി. പത്തെണ്ണുന്ന വേഗത്തിൽ തുമ്മു ചക്കയിൽ കൈവെച്ചു. ഭൂമിയിൽ കാലുകുത്തുമ്പോൾ തന്റെ കയ്യിൽ മുഴുത്ത ഒരെണ്ണം തന്നെ വേണമെന്ന വാശിയിൽ തുമ്മു വീണ്ടും കയറി. ഇലകൾക്കിടയിൽ ഒന്നാന്തരമൊരു ചക്ക!

‘‘ടാ ചാച്ചു... നിന്റെ മോന്തേടെ അത്രേം ഇണ്ട്.’’

തുമ്മു പഴത്തിൽ കൈവെച്ചു. മുതുകത്തൂടെ എന്തോ ഒന്ന് അയഞ്ഞ നിക്കറിന്റെ ഉള്ളിലേക്ക് കയറുന്ന പോലെ തുമ്മൂന് തോന്നി. ചക്ക പിടിച്ചിരിക്കുന്ന കയ്യിലേക്ക് നോക്കിയപ്പോൾ അത് തോന്നലല്ല ഉള്ളതാണെന്ന് തുമ്മുവിന് ഉറപ്പായി. വിരലിന്റെ അറ്റത്ത് പുളിയുറുമ്പ് കൂടും കുടുക്കയുമെടുത്ത് ഭാര്യേം കുട്ടികളുമായി വരുന്നു. അടുത്തതെന്ത് എന്ന് ആലോചിക്കുന്നതിന് മുമ്പേ നിക്കറിനകത്ത് കടിവീണു. തുമ്മു പിടിവിട്ടു.

കടയ്‌ക്കൽ കൂട്ടിയിട്ടിരുന്ന കരിയിലയുടെ മേലേക്ക്‌ തുമ്മു പുറന്തല്ലി വീണു.

‘‘ഭാഗ്യം. ഒന്നും പറ്റിയില്ല.’’

നിക്കറിനകത്ത് കയ്യിട്ട് തുമ്മു പറഞ്ഞു.

മറ്റേ കയ്യിൽ മുറുക്കിപ്പിടിച്ചിരുന്ന പഴം ചാച്ചുവിന് നേരെ നീട്ടി.

‘‘ഇതാ അയനിച്ചക്ക... ഇന്നാ തിന്നോ...’’

കണ്ണീര് വറ്റി പാട് വന്ന കവിള് തേൻവരിക്ക പോലെ ചുവന്നു.

സുലൈമാനെ കാണാൻ വന്ന ആളുകളെ കണ്ട് ചാച്ചു ചോദിച്ചു;

‘‘കുറെ ആളോള് ഉണ്ടല്ലോ...’’

തീറ്റയുടെ ഇടയിലും നീ ഇതൊക്കെ നോക്കുന്നുണ്ടല്ലേ എന്ന് തുമ്മൂന് തോന്നി. അവൻ പറഞ്ഞു;

‘‘പിന്നല്ലാണ്ട്.. മൂത്താപ്പയ്‌ക്ക്‌ നെറച്ചും സൊന്തക്കാരാ...’’ എന്നിട്ട് ചുറ്റിലും നോക്കി. ‘‘ഈ വളപ്പിലെ ഏതോ ഒരു മരത്തിന്റെ പേര് ഉമ്മച്ചി പറയാർന്ന്... മൂത്താപ്പ ആ മരം പോലെയാണ്ന്ന്.’’

‘‘ദേ.. അതാണോ?’’ ചാച്ചു അടയ്‌ക്കാരം ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു;

‘‘നിന്റെ മൂത്താപ്പ നീളനെ അല്ലേ? അപ്പോ അതാവും.’’

‘‘ഒന്ന് പോടാ.’’

ചാച്ചൂന്റെ കണ്ടുപിടുത്തം തുമ്മു മുളയിലേ നുള്ളി. 

അതിരുകടന്ന് അവർ ഷുക്കൂറിന്റെ വളപ്പിലേക്ക്‌ ചാടി. അയനിച്ചക്ക തിന്ന് വീർത്ത വയറും വെച്ച് ചാച്ചു തറയിൽ കിടന്നു. അരികത്തായി തുമ്മു ഇരുന്നു.

വെയിലാറിയിട്ടുണ്ടായിരുന്നു. എങ്കിലും ചാച്ചുവിന് കണ്ണ് പാതി തുറക്കാനേ കഴിഞ്ഞിരുന്നുള്ളൂ.

‘‘ഈ തറ എന്തിനാ കെട്ടീത്?’’

‘‘പെര പണിയാൻ.’’

‘‘എന്നിട്ട് പെരന്ത്യേ?’’

‘‘പണ്തില്യ.’’

‘‘എന്ത്യേ?.’’

‘‘ആവോ... മൂത്താപ്പ നടക്കണ കാലത്ത് കെട്ടീതാ. അന്ന് കൊറെ പണിക്കാര്ണ്ടാർന്നു. ഞാൻ സ്‌കൂള് വിട്ട് വരുമ്പോ എന്നും ചായേം കടീം ഇണ്ടാവും. പണിക്കാര്ക്ക് ഇണ്ടാക്കണതാട്ടാ...’’ സുഖമുള്ള എന്തോ ഓർത്തെടുത്ത് തുമ്മു പറഞ്ഞു.

‘‘ഉമ്മച്ചി ഉന്നക്കായിണ്ടാക്കും. എനിക്ക് ഭയങ്കര ഇഷ്ടാ. ഒരു പഴം തിന്നാ വയറ് നെറയും. പക്ഷേ ഉന്നക്കായ അഞ്ചെട്ടെണ്ണം വരെ സൂപ്പറായിട്ട് തിന്നാം. നീ തിന്നട്ട്ണ്ടാ?’’

മറുപടിക്ക് കാത്തുനിൽക്കാതെ തുമ്മു ആത്മഗതം പോലെ പറഞ്ഞു;

‘‘അത് തിന്നട്ട്ണ്ടാവും. ഉന്നക്കായ വളപ്പില്ണ്ടാവണതല്ലല്ലോ...’’

‘‘ദേ... ഡ്രാഗൺ ഫ്ലൈ..!’’

ചാച്ചു ഉറക്കെ വിളിച്ചു പറഞ്ഞു.

തുമ്മു ഞെട്ടിത്തിരിഞ്ഞ് ആകാശത്തേക്ക്‌ നോക്കി.

‘‘എവടെ?’’

‘‘ദേ.’’

ചാച്ചു തറയിൽ മുളച്ച തുളസിച്ചെടിയിലേക്ക്‌ ചൂണ്ടി. അതിൽ ഒരു തുമ്പി വന്നിരിക്കുന്നു. തുമ്മു ആകാശത്തുനിന്നും ഭൂമിയിലേക്ക് കണ്ണെടുത്തു.

‘‘ഒന്നൂടെ പറഞ്ഞേ...’’ തുമ്മു ശകലം അരിശത്തോടെ ചോദിച്ചു.

‘‘ഡ്രാഗൺ ഫ്ലൈ.’’


ചാച്ചു നിഷ്‌കളങ്കമായി പറഞ്ഞു. നേരത്തെ കഴിഞ്ഞ കരച്ചിൽ നാടകവും പുളിയുറുമ്പിന്റെ കടിയും തുമ്മു ഓർത്തപ്പോൾ വെറുതെ വിടാം എന്ന് തോന്നി.

‘‘ഡ്രാഗൺ ഫ്ലൈയെ പിടിക്കണോ?’’ തുമ്മു പരിഹാസത്തോടെ ചോദിച്ചു.

ചാച്ചു സന്തോഷത്തോടെ തല കുലുക്കി. തുമ്മുവിന് അത് കണ്ടപ്പോൾ അനുകമ്പ തോന്നി. മുട്ടുകുത്തിനിന്ന് ശ്വാസമടക്കിപ്പിടിച്ചുകൊണ്ട് തുമ്മു പതുക്കെ നീങ്ങി. തുമ്പിപോലും അറിഞ്ഞില്ല പിടി വീണത്. തുമ്മുവിന്റെ രണ്ട് വിരലുകൾ തുമ്പിയുടെ ചിറകിന് പൂട്ടിട്ടു. ചാച്ചു ആശ്ചര്യംകൊണ്ട് കയ്യടിച്ചു. തുമ്പിയെ പിടിക്കാൻ പറ്റുമെന്ന് അവന് ആദ്യത്തെ അറിവായിരുന്നു.

‘‘ഇതിനെ എന്താ ചെയ്യാ?’’

‘‘കല്ലെടുപ്പിക്കാം.’’

ചാച്ചു അമ്പരന്നു. അവന്റെ അൽപ്പജ്ഞാനം തനിക്ക്‌ വിലസാനുള്ള കളിനിലമാണെന്ന് തുമ്മു മനസ്സിലാക്കി. അവൻ അതിനെ മണ്ണിലിരുത്തി. ഒരു ചെറിയ കല്ലിനു മേലെ വെച്ചു.

‘‘തുമ്പീ, തുമ്പീ കല്ലെടുക്ക്. തമ്പ്രാൻ പറഞ്ഞു കല്ലെടുക്കാൻ.’’ തുമ്മു ഈണത്തിൽ പാടി.

എന്തോ അത്ഭുതം സംഭവിക്കാൻ പോകുന്നു എന്ന ഭാവത്തിൽ ചാച്ചു കളി കണ്ടിരുന്നു. തുമ്പിയുടെ കാലിൽ കല്ല് തട്ടുമ്പോൾ അവൻ അതിനെ മേലോട്ട് വലിച്ചു. ഇപ്പോൾ കല്ലുമായി തുമ്പി മേൽപ്പോട്ട് പറക്കും എന്ന് പ്രത്യാശിച്ചിരുന്ന ചാച്ചു നിരാശയോടെ "ശ്ശേ' എന്ന് ശബ്ദമുണ്ടാക്കി. വീണ്ടും കളി തുടർന്നു. പക്ഷേ ഇത്തവണ കാലിൽ തടഞ്ഞ കല്ല് കൈപ്പിടിയിലാക്കി തുമ്പി മേൽപ്പോട്ട് ഉയർന്നു. ഒരു മാന്ത്രികനെ പോലെ തുമ്മു ചാച്ചുവിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു.

‘‘നീ ജീവിതത്തില് ഇങ്ങനെ ഒരു സംഭവം കണ്ടട്ട്ണ്ടാവൂല... തുമ്പി ദാണ്ടേ കല്ലെടുക്കുന്നു... കണ്ടോളീ...’’

ചിറകിൽ പിടിച്ച് പൊക്കി പതുക്കെ വട്ടം കറക്കി. തുമ്മുവിന് ചുറ്റും തുമ്പിയും ചാച്ചുവും വട്ടം കറങ്ങി.

‘‘ഇവനെ ഇങ്ങനെ പിടിച്ചു നടക്കാൻ പറ്റില്ല.’’ തുമ്മു വീണ്ടും അതിര് ചാടി.

‘‘എന്ത്‌ ചെയ്യും?’’ തുമ്മുവിന്റെ കൂടെ ചാച്ചുവും തിരിച്ചുചാടി.

‘‘വഴിയുണ്ടാക്കാം.’’

നിക്കറിന്റെ തുമ്പ് കീറിയ ഭാഗത്തുനിന്നും ഒരു നൂല് വലിച്ചെടുത്തു. എന്താണ് അടുത്ത മാജിക് എന്നാലോചിച്ച് ആശ്ചര്യപ്പെട്ടു നിൽക്കുന്ന ചാച്ചുവിന് നേരെ ഒട്ടും പ്രതീക്ഷിക്കാതെ തുമ്മു കൈ നീട്ടി. ചിറകടിക്കാതെ വായുവിൽ നിൽക്കുന്ന തുമ്പി ചാച്ചുവിനെ നോക്കി.

‘‘നീ ഇതിനെ ഒന്ന് പിടിക്ക്.’’

ചാച്ചു സസൂക്ഷ്മം പതുക്കെപ്പതുക്കെ തുമ്മുവിന്റെ വിരലിലൂടെ തന്റെ വിരലുകൾ കൊണ്ടുവന്ന് തുമ്പിയുടെ ചിറകിൽ തൊട്ടു. ചാച്ചുവിന്റെ കയ്യിൽ തന്റെ മാന്ത്രിക വസ്‌തു ഭദ്രമായി എന്ന് തോന്നിയപ്പോൾ തുമ്മു പിടിവിട്ടു. നൂലിന്റെ ഒരറ്റം തുമ്പിയുടെ വാലിൽ കെട്ടി മറ്റേയറ്റം തുമ്മു പിടിച്ചു.

‘‘ഇനി എടുപ്പിച്ചോ.’’

‘‘ഇതെന്തിനാ കെട്ടിയേക്കുന്നെ?’’

‘‘അതിനും പറക്കണ്ടേ? ചിറകിൽ പിടിച്ചിരുന്നാ എങ്ങനെയാ പറക്കാ..? കല്ലെടുത്ത് ക്ഷീണിക്കുമ്പോൾ അതിനെ ഇങ്ങനെ പറത്തിവിടും. പിടിവിട്ടേ...’’

തുമ്മുവിന്റെ നിർദേശമനുസരിച്ച് ചാച്ചു തുമ്പിയെ വിട്ടു. അത് പറന്നു. നേരെ പറന്നു; തലകീഴായി പറന്നു; വട്ടം പറന്നു; ചരട് വലിഞ്ഞു. വീണ്ടും ചാച്ചുവിന്റെ കയ്യിൽ തന്നെ എത്തി.

തുമ്മു എടുപ്പിച്ചതിനേക്കാൾ വലിയ കല്ലെടുപ്പിക്കാൻ ചാച്ചുവിന് വാശി തോന്നി. ചിറകിൽ കൂട്ടിപ്പിടിച്ച് തുമ്പിയെ താഴേക്കിറക്കി.തപ്പിത്തടഞ്ഞ് ഒരു കല്ലിൽ പിടി വീണു. ചാച്ചു കൈ മുകളിലേക്ക് ഉയർത്തി. തുമ്പി പ്രയാസപ്പെട്ടുകൊണ്ട് കല്ലെടുത്തുയർന്നു. ഒരു മാന്ത്രികന്റെ എല്ലാ ചടുലതയോടും കൂടെ ചാച്ചു കൈകൾ ആകാശത്തേക്കുയർത്തി നൃത്തം ചെയ്‌തു. 

കുഞ്ഞിക്കാലുകൾ ചാടിയും തിരിഞ്ഞും വട്ടം കറങ്ങി. കൂടെ, കല്ലുവിടാതെ തുമ്പിയും നൂലു വിടാതെ തുമ്മുവും മായാജാലത്തിന് കാഴ്‌ചക്കാരായി.

ചാച്ചു പിടിവിട്ടതും തുമ്മു നൂലും കൊണ്ടോടി. ചാച്ചു പിന്നാലെ ഓടി. മൂവാണ്ടനും പ്ലിയൂരും ആത്തയും അയനിയും കടന്നോടി. തെങ്ങും കവുങ്ങും മഹാഗണിയും കറുകപ്പട്ടയും പിന്നിലായി. ഓട്ടം നിന്നത് വളപ്പിന്റെ തെക്കേ അതിരിലാണ്. കൊമ്പും ചില്ലയും ഇറക്കിയ കൂറ്റൻ തേക്കിന് ചുവട്ടിൽനിന്ന് രണ്ടാളും അണച്ചു. പിടിവിടാതെ വിരലിൽ ചുറ്റിയ നൂലിന്റെ അറ്റത്ത് കൂട്ടിമുട്ടാൻ ആവുതില്ലാത്ത രണ്ടു ചിറകുകൾ.

ചിത്രീകരണം: നാസർ ബഷീർചിത്രീകരണം: നാസർ ബഷീർ

അടുത്തത് തന്റെ ഊഴമാണെന്ന് കണ്ണുകൊണ്ട് പറഞ്ഞ് തുമ്മു രണ്ടു ചിറകുകളും കൂട്ടിപ്പിടിച്ചു. വാലിലെ കെട്ടുപൊട്ടിച്ച് വായുവിലേയ്‌ക്കെറിഞ്ഞു. മറ്റാർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത നേട്ടത്തിലേക്കാണ് താൻ നടന്നു കയറേണ്ടത് എന്ന് തുമ്മുവിന് ബോധ്യമുണ്ടായിരുന്നു. അവൻ തുമ്പിയെ മണ്ണിൽ ഇറക്കി. കാലിൽ തടഞ്ഞ ചെറിയ കല്ലുകളെയെല്ലാം നിസ്സാരമായി അവൻ തട്ടിക്കളഞ്ഞു. ആ കളി നീണ്ടുപോയി. അവശനായ തുമ്പിയുടെ കാലുകളിൽ ഒടുവിൽ ഒരു കല്ല് തട്ടി. ഒരു ഉരുളൻകല്ല്! വാശിയോടെ തുമ്മു ചാച്ചുവിനെ നോക്കി. കൊത്തുകോഴികളെ പോലെ അവർ മുഖാമുഖം നിന്നു. തുമ്പിയുടെ ഉടൽ ഉരുളൻകല്ലിൽ മുട്ടിച്ചുവെച്ചു. അൽപ്പനേരം തുമ്മു അത് നോക്കി നിന്നു. പിടിമുറുക്കി എന്ന് ഉറപ്പായപ്പോൾ തുമ്മു ഉറക്കെ വിളിച്ച് പറഞ്ഞു;

‘‘ദേ.. കാണടാ...’’

കൂട്ടിപ്പിടിച്ച ചിറകുകൾ മേലേക്ക് ഉയർന്നു. ഉരുളൻകല്ല് ഭൂമിയുമായുള്ള ബന്ധം വിട്ടു. ഭാരം താങ്ങാനാവാതെ ഉടൽ താഴേക്കിറങ്ങി. ചിറകിൽനിന്നും ഉടലറ്റു. നെഞ്ചിൽ ചേർത്തുപിടിച്ച കല്ലുമായി ചിറകില്ലാത്ത ഒരു പ്രാണി മണ്ണിൽ പതിച്ചു. തുമ്മുവിന്റെ കൈ അപ്പോഴും ആ ചിറകിനെ മുറുക്കെപ്പിടിച്ചിരുന്നു. സുലൈമാന്റെ മയ്യത്ത് മുറ്റത്തേക്കിറക്കി. മക്കളായ അഫ്സലും അജ്മലും തലയ്‌ക്കല് പിടിച്ചു. വാലറ്റത്ത് വേറെ രണ്ടുപേര് പിടിച്ചു. റൂഹ് വിട്ട ദേഹം ചിറക്കപ്പള്ളിയുടെ ഖബറിടം നോക്കി നടന്നു .



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home