മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായവർക്കായി തെരച്ചിൽ തുടരുന്നു; പ്രതിഷേധിച്ച് കുടുംബാംഗങ്ങൾ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു 2 മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ തെരച്ചിൽ തുടരുന്നു. തെരച്ചിലിനായി മറൈൻ എൻഫോഴ്സ്മെന്റ് കപ്പൽ വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ടു. ഇന്നലെയാണ് അഴിമുഖത്തേക്ക് പോകുന്ന സമയത്ത് ശക്തമായ തിരയിൽ പെട്ട് അഞ്ചുതെങ്ങ് സ്വദേശിയായ ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളം മറിയുന്നത്.
അഞ്ചുതെങ്ങ് സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. കോസ്റ്റൽ ഗാർഡ് സംഘം രക്ഷാപ്രവർത്തനം നടത്തുകയാണ്. ശക്തമായ കടലാക്രമണവും വെളിച്ചം കുറവായതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുകയാണ്. ഹെലികോപ്റ്റർ ഉപയോഗിച്ചും തെരച്ചിൽ നടത്തും. തെരച്ചിൽ വൈകുന്നതിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങൾ കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് 3.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.









0 comments