നോവൽ ‐39
തെറം


പി വി ഷാജികുമാർ
Published on Aug 01, 2026, 12:46 PM | 4 min read
ഒരം
മുസ്‌തഫയുടെ കഥ തുടങ്ങുന്നത് ചാരായനിരോധനത്തോടെ. മുസ്‌തഫയുടെ മാത്രമല്ല, ഉജ്ജിറയിലെ പല കുട്ടികളുടെയും കഥയാരംഭിക്കുന്നതും അവിടെ നിന്നുതന്നെ. അതുവരെ മുസ്‌തഫ നുള്ളിപ്പാടിയിലെ യത്തീംഖാനയിലായിരുന്നു. ദാരിദ്ര്യം സീനത്തിനെക്കൊണ്ട് മക്കളെ യത്തീംഖാനയിലേക്ക് അയപ്പിച്ചു.
മുത്തലിയും ഫനീഫയും ഒരമൊന്നും കാണിക്കാതെ അവിടെ പഠിച്ചെങ്കില്‍ മുസ്‌തഫ നേരെ എതിരായിരുന്നു.
ആ നേരത്ത് തന്നെയായിരുന്നു അലാമിയുടെ പേരമകന്‍ ഗൗതമന്‍ അവിടേക്ക് പഠിക്കാനെത്തിയത്.
ചീരുമ്പയിലെ മുതിര്‍ന്നവര്‍ക്കൊപ്പമായിരുന്നു ഗൗതമന്റെ കൂട്ട്. അക്കാലത്ത് സാംസ്‌കാരികവേദിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവമായിരുന്നു. ആധുനികരായ എഴുത്തുകാരുടെ രചനകള്‍ വായിച്ച് മത്ത് പിടിച്ചവര്‍ കാസർകോട് ഏറെയുണ്ടായിരുന്നു.
അസ്‌തിത്വപ്രതിസന്ധി മൂത്ത് അവര്‍ താടി കളയാന്‍ മടിച്ചു.
ഉറങ്ങുമ്പോള്‍ പോലും കണ്ണുകളില്‍ വിഷാദം ഒഴിയാതെ നിന്നു.
താടിക്കൊപ്പം ദൊള്ളായ കുപ്പായവും അവരുടെ ശീലമായി.
ചാരായം കൂടി ചേര്‍ന്നതോടെ ജീവിതം കാറ്റില്‍ വട്ടംതിരിയുന്ന അപ്പൂപ്പന്‍ താടി പോലെ ഒഴുകിനടന്നു.
ചിത്രീകരണം: കെ പി മുരളീധരൻ
ഫിലിം സൊസൈറ്റിയുമുണ്ടായിരുന്നു കാസർകോട്. തര്‍ക്കോവസ്‌ക്കിക്കും ബര്‍ഗ്ഗ്മാനും കുറസോവയ്‌ക്കും അങ്ങനെ കാസർകോട്ടും ആരാധകരുണ്ടായി.
ജോണ്‍ എബ്രഹാം കയ്യൂര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയെടുക്കാന്‍ കാസർകോട് വന്ന കാലം കൂടിയായിരുന്നു അത്.
ഖസാക്കിന്റെ പേരിലുള്ള ഒരു ലോഡ്ജ് തന്നെ കാസർകോടു ണ്ടായിരുന്നു. കയ്യൂരില്‍ നിന്ന് ഇടയ്‌ക്കിടെ ജോണ്‍ ഖസാക്കിലേക്ക് വന്നു. ജോണ്‍ മാത്രമല്ല, സച്ചിദാനന്ദനും കടമ്മനിട്ടയും ഖസാക്കില്‍ വരാറുണ്ടായിരുന്നു. ലോഡ്ജിന്റെ വെളുത്ത ചുമരില്‍ ഒരു കലാകാരന്‍ കമനീയമായ കയ്യക്ഷരത്തില്‍ പാബ്ലോ നെരൂദയെ എഴുതിവച്ചിരുന്നു.
‘‘അറിയപ്പെടാത്ത മനുഷ്യരുമായി
നീ എനിക്ക് സാഹോദര്യം നല്‍കി.
ജീവിച്ചിരിക്കുന്ന എല്ലാറ്റിലുമുള്ള കരുത്തുമുഴുവന്‍
നീ എനിക്ക് നല്‍കി.
ഒരു പുതിയ ജന്മത്തില്‍ എന്നപോലെ
എന്റെ രാജ്യം നീ എനിക്ക് തിരിച്ചു നല്‍കി.
ഏകാകിയായ മനുഷ്യന് ലഭിക്കാത്ത സ്വാതന്ത്ര്യം
നീ എനിക്ക് നല്‍കി.
എന്നിലെ കാരുണ്യവായ്‌പ്പിനെ
ഒരഗ്‌നിയെപോലെ ഉദ്ദീപ്തമാക്കാന്‍
നീ എന്നെ പഠിപ്പിച്ചു.
ഒരു വൃക്ഷത്തിന് അനിവാര്യമായ ഔന്നത്യം നീ
എനിക്കു തന്നു.
മനുഷ്യരുടെ ഏകത്വവും നാനാത്വവും ദര്‍ശിക്കുവാന്‍
നീ എന്നെ പ്രാപ്തനാക്കി.
എല്ലാവരുടെയും വിജയത്തില്‍
എന്റെ വൈയക്തിക ദുഃഖങ്ങള്‍ക്ക്
മരണമടയാന്‍ കഴിയുന്നതെങ്ങനെയെന്നു
നീ എനിക്കു കാണിച്ചുതന്നു.
ലോകത്തിന്റെ പ്രസന്നതയും സൗഖ്യത്തിന്റെ
സാധ്യതയും
കണ്ടെത്തുവാന്‍ നീ എന്നെ പഠിപ്പിച്ചു.
നീ എന്നെ അനശ്വരനാക്കി,
എന്തെന്നാല്‍,
ഇനിമേല്‍ ഞാന്‍ എന്നില്‍ത്തന്നെ ഒടുങ്ങുന്നില്ല...''
മറ്റൊരിടത്ത് ഖസാക്കിന്റെ ഇതിഹാസത്തിലെ വരികളും എഴുതിവച്ചിട്ടുണ്ടായിരുന്നു.
‘‘സായാഹ്ന യാത്രകളുടെ അച്ഛാ, വിട തരിക...
മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തു തുന്നിയ ഈ പുനര്‍ജനിയുടെ കൂടുവിട്ട് ഞാന്‍ യാത്രയാവുകയാണ്...''
മനസ്സിന് ഏകാന്തതയോ വിഷാദമോ ഇല്ലാത്ത മനുഷ്യര്‍ പോലും ഖസാക്കിലെത്തിയാല്‍ വിഷാദികളായി മടങ്ങിപ്പോയി.
പാതിരാത്രികളില്‍ അവിടെനിന്ന് നെരൂദയുടെയും കടമ്മനിട്ടയുടെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും സച്ചിദാനന്ദന്റെയും കവിതകള്‍ ഉയര്‍ന്നുകേട്ടു. സച്ചിദാനന്ദന്റെ ‘വേനല്‍മഴ’യായിരുന്നു കൂടുതല്‍ ആവര്‍ത്തിക്കപ്പെട്ടത്.
‘‘വേനലിലെ ആദ്യത്തെ മഴ പെയ്യുകയാണിപ്പോള്‍.
മഴയുടെ ചില്ലുകുഴലിലൂടെ
എണ്ണമറ്റ കുഞ്ഞിമാലാഖമാര്‍ വന്നിറങ്ങി
ഇലകളില്‍ നൃത്തംവയ്‌ക്കുന്നതും നോക്കി
ഈ ഭൂമിയിലെ പ്രക്ഷുബ്ധമായ പ്രവാസത്തെക്കുറിച്ചോര്‍ത്ത്
നിന്റെ തടവറയുടെ ജനലരികില്‍ നീ
ഇരിക്കുന്നതെനിക്കു കാണാം...''
എന്ന് തുടങ്ങുന്ന വരികള്‍ അവരില്‍ പലരുടെയും ജീവിതം കൂടിയായിരുന്നു.
ലോഡ്ജിന്റെ വഴിവക്കില്‍ കിടന്നിരുന്ന ഒരു ഭിക്ഷക്കാരന്‍ ഖസാക്കില്‍ നിന്നുയരുന്ന കവിതകള്‍ കേള്‍ക്കുകയും കേട്ടുകേട്ട് അയാള്‍ അതൊക്കെ ഹൃദിസ്ഥമാക്കുകയുമുണ്ടായി. ഭിക്ഷാടനത്തിനൊപ്പം കവിത കേട്ടുണ്ടായ തരിപ്പില്‍ അയാള്‍ കവിത കുറിക്കാനും തുടങ്ങി. നാല് വരികളില്‍ ഒതുങ്ങുന്ന ഹൈക്കു കവിതകളായിരുന്നു അയാളുടേത്. അയാള്‍ മരിച്ചപ്പോള്‍ അയാളുടെ ഭാണ്ഡത്തില്‍നിന്ന് കൂട്ടിവച്ച പൈസയ്‌ക്കൊപ്പം ആ കവിതകളും കണ്ടെടുത്തു. ആ കവിതകള്‍ പുസ്‌തകമാക്കാന്‍ ചിലര്‍ ശ്രമിച്ചതാണ്. ചാരായം കുടിച്ച് ഭാണ്ഡത്തിലെ പൈസ ചിലര്‍ തീര്‍ത്തതല്ലാതെ കവിതകള്‍ അച്ചടിക്കപ്പെട്ടില്ല. എന്നാലും ലഹരി അയാളുടെ കവിതകളെ വാമൊഴിയായി പടര്‍ത്തി.
‘‘ഈ ഭ്രാന്തന്‍ഭൂമിയില്‍
ഇനിയൊരു ജന്മമരുതേ...
സങ്കടമല്ലാതെ
മറ്റെന്തുണ്ടീ ഭൂമിയില്‍..!''
എന്ന വരികളും
‘‘എല്ലാം കഴിയുമവസാനം
ബാക്കിയായുള്ളതെന്ത്..?
ചോദിക്കുന്നൂ കാലത്തിന്‍ വിഹഗം.
ഒന്നുമേയില്ല,
വെറും ശൂന്യതതന്‍ ഇരുള്‍ഗുഹ മാത്രം..!!''
എന്ന വരികളും ആളുകള്‍ക്കിടയില്‍ അങ്ങനെ മരിക്കാതെ കിടന്ന രണ്ട് കവിതകളായിരുന്നു.
ഭിക്ഷക്കാരന്റെ മരണം കാണാന്‍ വന്നതായിരുന്നു ഗൗതമന്‍. അവിടെ ഉണ്ടായിരുന്ന ചീരുമ്പയിലെ ചിത്രകാരനായ മോഹനനും എല്‍പി സ്‌കൂളിലെ വിജയന്‍ മാഷും സുഗുണന്‍ മാഷും അവനെ ഖസാക്കിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവര്‍ക്ക് പട്ടഷാപ്പില്‍നിന്ന് പട്ടയും മുട്ടയും വാങ്ങിവരാന്‍ ഗൗതമന്‍ നിന്നു. നാല് കാലിലായപ്പോള്‍ മകളെ കാണാന്‍ കരഞ്ഞ മോഹനനെ സൈക്കിളില്‍ മുന്നിലിരുത്തി ദൂരത്തായുള്ള ബേഡകത്തേക്ക് പാതിരാവില്‍ കൊണ്ടിറക്കുകയും ചെയ്‌തു.
ചിത്രീകരണം: കെ പി മുരളീധരൻ
അങ്ങനെ കാസർകോട്ടേക്കും ഉജ്ജിറയിലെ മോഹനന്റെയും സംഘത്തിന്റെയും താവളത്തിലേക്കും ഇടയ്‌ക്കിടെ അവനെത്തി. പന്ത്രണ്ടാം വയസ്സില്‍ അവന്‍ പട്ടയുടെ ലഹരിയും അറിഞ്ഞു. അവരില്‍നിന്ന് കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും സിനിമകളുടെയും പുസ്‌തകങ്ങളുടെയും സംവിധായകരുടെയും എഴുത്തുകാരുടെയും പേരുകളും അവന്‍ പഠിച്ചു.
സ്വന്തം ജീവിതത്തിലെ അരാജകത്വം സ്‌കൂളിലേക്കും പടര്‍ന്നുപിടിച്ചു. ക്ലാസില്‍ കയറാതെ ഉച്ചക്കഞ്ഞിയുണ്ടാക്കുന്ന ചേച്ചിയുടെ സഹായിയായി അവനും അവനെ പോലെ കുരുത്തംകെട്ട മൂന്ന് പേരും നിന്നു. പെണ്‍കുട്ടികളെ ലൈംഗികമായ ഉദ്ദേശ്യത്തോടെ പിടിക്കുന്ന കായിക അധ്യാപകനെ കായികമായി നേരിട്ടതോടെ അവന് സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ വിലയുണ്ടായി. വീട്ടില്‍നിന്ന് അച്ഛന്‍ ജനാർദനനെ വിളിച്ചുകൊണ്ടുവരാന്‍ ആ സംഭവം പ്രേരണയായി. അതൊരു തുടക്കം മാത്രമായിരുന്നു. മാസത്തില്‍ ഒരു തവണയെങ്കിലും ജനാർദനന് സ്‌കൂളില്‍ വരേണ്ടിവന്നു. സ്‌കൂളിന് പിറകിലെ തെങ്ങിലെ തേങ്ങ പറിച്ചുപൊതിച്ച് ഹോട്ടലില്‍ കൊടുത്ത് കൂട്ടുകാര്‍ക്കൊപ്പം പൊറോട്ട കഴിച്ചത് പിടിച്ചത് ഗൗതമനെ കൂടുതല്‍ വലിയവനാക്കി. ടിസി എഴുതിവച്ച് ഹെഡ്മാസ്റ്റര്‍ ജനാർദനനെ കാത്തിരുന്നു. ജനാർദനന്‍ ടിസിയും വാങ്ങിച്ച് ഒരക്ഷരം ഉരിയാടാതെ അവനെയും വലിച്ച് വീട്ടിലെത്തി, മുറ്റത്തെ വെങ്കണമരത്തിന് കെട്ടിയിട്ട് പൊതിരെത്തല്ലി. വേദന സഹിക്കാനാവാതെ അവന്‍ ഉറക്കെക്കരഞ്ഞു. അമ്മ സാവിത്രി മുറിയത്തില്‍ വീണതുകൊണ്ട് താന്‍ ചാവാതെ രക്ഷപ്പെട്ടെന്ന് ഗൗതമന്‍ പിന്നീട് പറഞ്ഞു.
‘‘കുരുത്തംകെട്ടവരാടാ നാടിന് കുരുത്തമുണ്ടാക്കിയത്...''
ഗൗതമന്‍ വാങ്ങിക്കൊണ്ടുവന്ന ചാരായം മോന്തിയപ്പോള്‍ വന്ന തത്വം പറഞ്ഞ് മോഹനന്‍ അവനെ ആശ്വസിപ്പിച്ചു. എല്‍പിസ്‌കൂള്‍ മാഷന്മാര്‍ മോഹനന്‍ പറഞ്ഞത് ശരിയാണെന്ന് ആവര്‍ത്തിച്ചു. അതവനെ സമാധാനിപ്പിച്ചെങ്കിലും ഈ കുരുത്തക്കേടിനെ വെറുതെ വിട്ടാല്‍ താന്‍ തീരുമെന്ന് അവന്റെ മനം മന്ത്രിച്ചു.
ഗൗതമന്റെ ഗുണമറിയാവുന്ന ആരും അവന് ഒരു സ്‌കൂളിലും പ്രവേശനം കൊടുത്തില്ല. അതിന്‍പ്രതി ഇതികര്‍ത്തവ്യതാമൂഢനായിരിക്കവെ പടികയറിവന്ന ചെത്തുകാരന്‍ മമ്മദാണ് നുള്ളിപ്പാടിയിലെ യത്തീംഖാനയ്‌ക്ക് കീഴിലെ സ്‌കൂളിനെക്കുറിച്ച് പറഞ്ഞത്. ആര്‍ക്കും ചേരാമെന്നും അവിടെത്തന്നെ താമസിച്ച് പഠിക്കാമെന്നും മമ്മദ് കൂട്ടിച്ചേര്‍ത്തതോടെ ജനാർദനന്‍ ഒന്നും നോക്കിയില്ല.

ഒമ്പതാം ക്ലാസില്‍ പുതിയ വിദ്യാർഥിയായി ചേര്‍ന്ന അവന്‍ താമസിച്ചിരുന്ന മുറിയില്‍ നാല് പേര്‍ക്കൊപ്പം മുസ്‌തഫയുമുണ്ടായിരുന്നു. മുഖത്ത് കുരുത്തക്കേട് എഴുതിവച്ച മുസ്‌തഫയെ കണ്ടപ്പോള്‍ തന്നെ ‘കുരുത്തക്കേട് അവസാനിപ്പിക്കാന്‍ നീയെന്നെ സമ്മതിക്കില്ല, അല്ലേ ദൈവമേ..!' എന്നാണ് ഗൗതമന്റെ മനസ്സില്‍ ആദ്യം തോന്നിയത്.
അത് അക്ഷരംപ്രതി ശരിയായി. ഗൗതമന് ചേര്‍ന്നവനായി മുസ്‌തഫ.
മുസ്‌തഫ എട്ടാം ക്ലാസിലായിരുന്നു, എന്നാല്‍ ഒരത്തില്‍ പ്രായപൂര്‍ത്തി അറിയിച്ചു. അവര്‍ ഒരുമിച്ച് നഗരത്തിലേക്ക് പ്രായപൂര്‍ത്തിയാവര്‍ക്ക് മാത്രമുള്ള സിനിമ കാണാന്‍ പോയി. അവര്‍ ഒരുമിച്ച് വഴിതെറ്റി നടന്നു.
എന്നാല്‍ അവരുടെ കൂട്ടുകെട്ടിന് രണ്ട് മാസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു നട്ടപ്പാതിരയ്‌ക്ക് അവന്‍ ഗൗതമനോടുപോലും പറയാതെ യത്തീംഖാന ചാടിപ്പോയി. അതിന് അവനെ പ്രേരിപ്പിച്ചത് കുമ്പളയില്‍ പതിനഞ്ച് വയസ്സിന് താഴെയുള്ളവര്‍ക്കായി നടക്കുന്ന ജില്ലാതല ഫുട്‌ബോള്‍ മത്സരമായിരുന്നു.
ഉജ്ജിറയിലെ ഫുട്‌ബോള്‍ ടീമിന് അവന്‍ ഇല്ലാതെ പറ്റില്ല, കാരണം ആ ടീമിന്റെ നായകന്‍ അവനാകുന്നു...! .
(തുടരും)
ഒരം -‐ കുരുത്തക്കേട്
ദൊള്ള് ഷര്‍ട്ട്- ‐ വലിയ കുപ്പായം










0 comments