ad
Deshabhimani

കനത്ത മഴ

നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്; താമരശ്ശേരി ചുരത്തിലൂടെ യാത്രകൾ ഒഴിവാക്കാൻ നിർദേശം

nelliyampathy palakkad

photo credit: kerala tourism

വെബ് ഡെസ്ക്

Published on Aug 01, 2026, 12:01 PM | 1 min read

പാലക്കാട് : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ മലയോര മേഖലയിൽ സഞ്ചാരികൾക്ക് യാത്രാ നിയന്ത്രണം. ജില്ലയിലെ നെല്ലിയാമ്പതി ഉൾപ്പടെ മലയോര മേഖലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കലക്‌ടർ അറിയിച്ചു. മലമ്പുഴയിലെ കവയിലും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.


വയനാട്ടിലും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തിൽ, വയനാട് ജില്ലയിൽ നിന്നു കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയിൽ നിന്നു വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണം. താമരശ്ശേരി ചുരത്തിലൂടെ അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും അനുമതി. ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.


എല്ലാ പൊതുജനങ്ങളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണം. അത്യാവശ്യങ്ങൾക്കല്ലാതെ വയനാട്ടിലേക്കുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിക്കുന്നതായി ജില്ലാ കലക്ടർ പറഞ്ഞു. നിലവിൽ ജില്ലയിലുള്ള എല്ലാ വിനോദസഞ്ചാരികളും അവരുടെ താമസ സ്ഥലങ്ങളിൽ തന്നെ തുടരുകയും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങളും ഒഴിവാക്കുകയും വേണം. ജില്ലാ ഭരണകൂടവും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും പുറപ്പെടുവിച്ച ഔദ്യോഗിക നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home