ad
Deshabhimani

കവർസ്റ്റോറി

അനിശ്ചിതകാലത്തിന്റെ ആംഫിബിയൻ ഏസ്‌തെറ്റിക്‌സ്‌

ഇഷാരാ ഹൗസ്‌
avatar
മുസ്‌തഫ ദേശമംഗലം

Published on Aug 01, 2026, 11:27 AM | 11 min read


ട്ടാഞ്ചേരിയുടെ ചരിത്രഗന്ധമുള്ള വഴികളിലൂടെ നടക്കുമ്പോൾ, കശ്‌മീരി തുണിക്കച്ചവടങ്ങളും ഉപേക്ഷിക്കപ്പെട്ട പാണ്ടികശാലകളും പഴയകാല വ്യാപാരങ്ങളുടെ മങ്ങിയ ഓർമകളും ഒരുമിച്ച് മുന്നിലും പിന്നിലുമായി കടന്നുപോകും. നൂറ്റാണ്ടുകളുടെ പഴക്കവും നിശ്വാസങ്ങളും തളംകെട്ടിക്കിടക്കുന്ന പാതയും, അതിലൂടെ ഒഴുകിയ അനവധി കാലടികളും സങ്കടങ്ങളും ആഘോഷങ്ങളും തേരോട്ടങ്ങളും ഒത്തുചേർന്ന് ജീവിക്കുന്ന വളഞ്ഞു പുളഞ്ഞ വഴികൾ.

ഓരോ കല്ലിനും തൂണിനും പട്ടികയ്‌ക്കും കഴുക്കോലിനും ഇടനാഴികകൾക്കും നൂറ്റാണ്ടുകളുടെ കൊടുക്കൽ വാങ്ങലുകളുടെ കഥകൾ പറയാനുണ്ടാകും. എണ്ണിയാലൊടുങ്ങാത്ത സംസ്‌കാരങ്ങളുടെ വിസ്മൃതികളിലൂടെ നടന്നുപോകുമ്പോൾ, ഊദിന്റെയും അത്തറിന്റെയും പലവ്യഞ്ജനങ്ങളുടെയും ഗന്ധങ്ങൾ സ്മരണകളുടെ നാൾവഴികളെ വർത്തമാനത്തിലേക്ക് സുഗന്ധപൂരിതമായി വിവർത്തനം ചെയ്യുന്നു.

ഇഷാരാ ഹൗസ്‌ഇഷാരാ ഹൗസ്‌

ജൂതന്മാർ പോയെങ്കിലും, അവരുടെ ദേവാലയമായ സിനഗോഗിലേക്ക് തിരിഞ്ഞുനിൽക്കുന്നയിടത്ത് പഴയ ജൂത ഭവനമായ കാശി ഹല്ലേഗ്വ ഹൗസ് ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. അതിന്റെ മുൻവശത്ത് ഒഴുകിയ ‘വസുധൈവ കുടുംബകം, ലോകാ സമസ്‌താ സുഖിനോ ഭവന്തു’ എന്ന ആശംസകളും, മനുഷ്യരെ ഒന്നായി നിർത്തേണ്ടതിന്റെ ആവശ്യകത വിളിച്ചുപറയുന്ന സമാധാനവഴികളുടെ കവിതകളും, അനേകം മനുഷ്യരുടെ കണ്ണുകളിലൂടെ കടന്നുപോയിട്ടുണ്ട്.

അതിലെ ഒരു വാക്യം:

“ഭൂതദയാം വിസ്‌താരയ” അഥവാ ‘‘എല്ലാ ജീവജാലങ്ങളിലേക്കും കരുണയുടെ പരിധി വിപുലീകരിക്കുക...’’ ഇങ്ങനെ തുടങ്ങുന്ന വാക്യങ്ങൾ ശ്രദ്ധാപൂർവം വായിച്ചവരിൽ പലരും പിന്നീട് ആ ഭവനത്തിന്റെ അകത്തേക്ക് കടന്നു. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന Ishara Art Foundationഉം ആഴി ആർക്കൈവ്‌സും കൈകോർത്തപ്പോൾ, ഈ പഴയ ജൂത ഭവനം ‘ഇഷാരാ ഹൗസ്’ എന്ന സമകാലിക കലാസ്ഥലമായി പുനർജനിച്ചു. അഥവാ, ഓർമകളുറങ്ങുന്ന പഴയ ജൂത വീടിന്റെ മുറികളും ഇടനാഴികളും മുറ്റവും ചേർന്ന്, ആംഫിബിയൻ ഏസ്‌തറ്റിക്‌സിന്റെ ഭാഗമായ ഒരു സവിശേഷ ‘site of resistance’ ആയി അത് രൂപാന്തരപ്പെട്ടുവെന്ന് പറയാം. അവിടെ ഇടംനേടിയ വ്യത്യസ്‌തരായ 12 കലാകാരന്മാരുടെ സൃഷ്ടികളും വൈറ്റ് ബാലൻസ് എന്ന ബാനറിന്റെ ഇൻസ്റ്റലേഷനുകളും, കാലങ്ങളുടെ ചിന്തകളും സംഭാഷണങ്ങളും ഓർമകളും വഹിക്കുന്ന വഴികളായി മാറി. ‘ആംഫിബിയൻ ഏസ്‌തറ്റിക്‌സ്‌’ എന്ന പ്രദർശനത്തിന്റെ ആ ചാലകതയെക്കുറിച്ച്, ഷോയുടെ ആർട്ടിസ്റ്റിക് ഡയറക്ടറും ശിൽപ്പിയുമായ റിയാസ് കോമു പറയുന്നത് ഇങ്ങനെയാണ്:

“ഞാൻ ഈ ഷോയെ കാണുന്നത് ഒരു പ്രത്യേക തരത്തിലുള്ള ‘site imagination’ നമ്മളെ എങ്ങനെ പൂർണമായും വ്യത്യസ്‌തമായ ദിശകളിലേക്ക് നയിക്കുന്നു എന്നതിന്റെ ഒരു ചിന്താപരമായ നിമിഷമായിട്ടാണ്. 2022ൽ സംഘടിപ്പിച്ച ‘Sea: A Boiling Vessel’ അഥവാ ‘തിളയ്‌ക്കുന്ന ചെമ്പാണ് കടൽ’ എന്ന പ്രദർശനത്തിന്റെ ആദ്യ എഡിഷൻ നടന്ന അതേ കെട്ടിടത്തിൽ, പുതിയ സംഭാഷണങ്ങളും പുതിയ വിവർത്തനങ്ങളും കലയുടെ പുതുവഴികളും രൂപപ്പെടുന്നു. ഈ ഇടം അതിന്റെ സ്മരണകളും ആശയങ്ങളും ഒരു കലാസൃഷ്ടി എങ്ങനെ തുടർച്ചയായി പുനർനിർമിക്കപ്പെടുന്നു എന്ന് തിരിച്ചറിയാനുള്ള അവസരമായി മാറുന്നു.”

2025 ഡിസംബർ 13 മുതൽ 2026 മാർച്ച് 31 വരെ, ‘ആംഫിബിയൻ ഏസ്‌തറ്റിക്‌സ്‌’ എന്ന പ്രദർശനത്തിന് വേദിയായ കാശി ഹല്ലേഗ്വ ഹൗസ് എന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജൂതഭവനം ‘ആംഫിബിയൻ ഏസ്‌തറ്റിക്‌സ്‌’ എന്ന പ്രദർശനത്തെ ഒരു സാധാരണ ആർട്ട് ഷോയുടെ പരിധിക്കപ്പുറം കൊണ്ടുപോയി.

കല്ല് ഗ്ലാസിനോട് പാടുമ്പോൾ ‐ ശിൽപ്പ ഗുപ്തയുടെ ഇൻസ്‌റ്റലേഷൻകല്ല് ഗ്ലാസിനോട് പാടുമ്പോൾ ‐ ശിൽപ്പ ഗുപ്തയുടെ ഇൻസ്‌റ്റലേഷൻ

രാജ്യമെമ്പാടും കലാപ്രദർശനങ്ങൾ പതിവായി നടക്കുന്ന ഈ കാലഘട്ടത്തിൽ, എന്തുകൊണ്ടാണ് ‘ആംഫിബിയൻ ഏസ്‌തറ്റിക്‌സ്‌’ ശ്രദ്ധേയമാകുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. ‘ആംഫിബിയൻ ഏസ്‌തറ്റിക്‌സ്‌’ അഥവാ ‘ഉഭയ സൗന്ദര്യം’ എന്ന ആശയം, വെള്ളത്തിന്റെയും കരയുടെയും ഇടയിൽ ജീവിക്കുന്ന ഒരു അവസ്ഥയെ മാത്രമല്ല സൂചിപ്പിക്കുന്നത്, അത് ഒരു ദ്വന്ദജീവിതത്തിന്റെ ദർശനമാണ്. കടലും കരയും തമ്മിലുള്ള അതിർത്തികൾ നേരിയതായിപ്പോകുന്ന വേളയിൽ, മനുഷ്യന്റെ ശരീരവും മനസ്സും, അവന്റെ സംസ്‌കാരവും പലായനവും ഓർമകളും, ഈ രണ്ട് ലോകങ്ങൾക്കിടയിൽ എങ്ങനെ മാറിമാറി നിലകൊള്ളുന്നു എന്നതാണ് ഈ പ്രദർശനം അന്വേഷിക്കുന്നത്.

ആംഫിബിയൻ ഏസ്‌തറ്റിക്‌സ്‌ ഷോ ഉഭയജീവിത സാധ്യതയുടെ ആശയത്തിൽനിന്ന് ജീവനെക്കുറിച്ചുള്ള ചില ആഴമുള്ള ചോദ്യങ്ങൾ നിശ്ശബ്ദമായി തുറന്നിട്ടിരുന്നു.

കടൽ ഉയരുമ്പോൾ, നഗരങ്ങൾ വെള്ളത്തിനടിയിലാകുമ്പോൾ കരയുടെയും ജലത്തിന്റെയും ഇടയിലായി കുടുങ്ങുന്ന മനുഷ്യൻ ‘വീട്’ എന്ന ആശയം എവിടെയാണ് വീണ്ടും കണ്ടെത്തുന്നത്?

അല്ലെങ്കിൽ, വെള്ളത്തിന്റെയും കരയുടെയും ഇടയിൽ തന്നെ ഒരു പുതിയ ‘വീട്’ സൃഷ്ടിക്കാൻ മനുഷ്യൻ പഠിക്കേണ്ടിവരുമോ? ഭൂമി എന്നത് നമ്മൾ ആശ്രയിക്കുന്ന ഒരു സ്ഥിരതയാണോ, അല്ലെങ്കിൽ സമയത്തിനൊപ്പം ഒഴുകി മാറിക്കൊണ്ടിരിക്കുന്ന ഒരു സ്മരണയോ? നമ്മൾ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്ന, പക്ഷേ ഒരിക്കലും പൂർണമായി നിശ്ചലമാകാത്ത എന്തോ ഒന്നില്ലേ, അതെന്താണ്?

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം യഥാർഥത്തിൽ സഹവർത്തിത്വമാണോ, അല്ലെങ്കിൽ പതിയെ ഒരു സംഘർഷത്തിലേക്ക് നീങ്ങുന്ന അനിവാര്യ ഗതിയോ? ഈ ‘ഉഭയ’നിലയിൽ ജീവിതം രണ്ട് ലോകങ്ങൾക്കിടയിൽ പിളർന്നുനിൽക്കുമ്പോൾ നമ്മൾ പ്രകൃതിയുടെ ഭാഗമായിട്ടാണോ ജീവിക്കുന്നത്, അല്ലെങ്കിൽ അതിന്റെ അതിർത്തികളെ താണ്ടിപ്പോകാൻ ശ്രമിക്കുന്ന ഒരു ശക്തിയായി മാറിയിട്ടാണോ മനുഷ്യന്റെ നിലനിൽപ്പ്? ഈ നാനാവിധ ചോദ്യങ്ങൾക്കിടയിൽ, ഉഭയജീവിതത്തിന്റെ അതിർത്തിയിൽ നിൽക്കുന്ന മനുഷ്യന്റെ യാത്ര നീങ്ങുന്നത് എങ്ങോട്ടാണ്, അല്ലെങ്കിൽ അതിന്റെ അവസാനം എന്തായിരിക്കും?

ദിമ സ്രൂജിയുടെ ‘അടിത്തറകൾ’ എന്ന സൈറ്റ്സ്പെസിഫിക് ഇൻസ്റ്റലേഷൻ ആനന്ദ്‌ പട്‌വർധൻ സന്ദർശിച്ചപ്പോൾദിമ സ്രൂജിയുടെ ‘അടിത്തറകൾ’ എന്ന റ്റ്സ്പെസിഫിക് ഇൻസ്റ്റലേഷൻ ആനന്ദ്‌ പട്‌വർധൻ സന്ദർശിച്ചപ്പോൾ

ആംഫിബിയൻ ഏസ്‌തറ്റിക്‌സ്‌ ഷോ, കലയുടെ ഭാഷയിയിൽ തന്നെ ഈ ചോദ്യങ്ങളെ നേരിടുന്നു. സൗന്ദര്യത്തിലൂടെ അസ്വസ്ഥത സൃഷ്ടിക്കുകയും, ദൃശ്യങ്ങളിലൂടെ ചിന്തയെ ഉദ്ധീപിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കടലിനും കരയ്‌ക്കും ഇടയിൽ കുടുങ്ങിയ ഒരു മനുഷ്യന്റെ കഥ പറയുമ്പോൾ, അത് ഒറ്റ മനുഷ്യന്റെ കഥയല്ല, ഇന്നത്തെ ലോകത്ത് ജീവിക്കുന്ന നമ്മളൊക്കെയും പങ്കിടുന്ന ഒരു അവസ്ഥയുടെ പ്രതിഫലനമാണ്.

കടലിനെ നോക്കുമ്പോൾ നമ്മൾ കാണുന്നത് വെറും ജലപ്പരപ്പല്ല. അതിന്റെ മുകളിൽ പതിഞ്ഞ പ്രകാശത്തിന്റെ നീലച്ചായമോ, തിരമാലകളുടെ റിഥമോ സന്ധ്യയുടെ സ്വർണച്ചായമോ മാത്രം അല്ല അത്, അതിന്റെ അടിയിലായി ശതാബ്ദങ്ങളായി അടിഞ്ഞുകൂടിയ മനുഷ്യചരിത്രങ്ങളാണ്.

കപ്പലുകളുടെ വഴികൾ, വ്യാപാരത്തിന്റെ അടയാളങ്ങൾ, കൊളോണിയൽ അധിനിവേശങ്ങളുടെ മുറിവുകൾ, സ്വമേധയാ നടത്തിയ യാത്രകളും നിർബന്ധിതമായ ദേശാടനങ്ങളും തുടങ്ങിയവയെല്ലാം ചേർന്ന് കടൽ ഒരു ജീവിച്ചിരിക്കുന്ന സ്മരണയായി മാറുന്നു. ഈ സ്മരണകളെ ദൃശ്യരൂപത്തിൽ പിടിച്ചെടുക്കാനുള്ള ഒരു ശക്തമായ ശ്രമമായിരുന്നു ‘Sea: A Boiling Vessel’ എന്ന ഉരു ആർട്ട് ഹാർബറും ആഴി ആർക്കൈവ്‌സും ക്യൂറേറ്റ് ചെയ്‌ത ഒരു ദീർഘകാല കലാപദ്ധതി.

കടൽ സ്മരണകളുടെ ശേഖരമാണ്. അതിന്റെ ചലനങ്ങളിൽ തന്നെ ചരിത്രം എഴുതപ്പെട്ടിരിക്കുന്നു. ഒരിക്കൽ അറബിക്കടലിലൂടെ സഞ്ചരിച്ച വ്യാപാരക്കപ്പലുകൾ കൊണ്ടുവന്നത് മസാല വസ്‌തുക്കൾ മാത്രമല്ലായിരുന്നു; ഭാഷകൾ, വിശ്വാസങ്ങൾ, ഭക്ഷണരീതികൾ, വസ്‌ത്രങ്ങൾ, സംഗീതം എന്നിങ്ങനെ പലതുമായിരുന്നു. അധിനിവേശത്തിനെതിരെ പോരാടിയവരുടെ രക്തവും മജ്ജയും മാംസവുമെല്ലാം അവയിൽ ഉൾച്ചേർന്നിട്ടുണ്ട്. ഇവയെല്ലാം ചേർന്നാണ് വലിയൊരു സാംസ്‌കാരിക ലോകം രൂപപ്പെട്ടു വന്നത്. കേരളത്തിന്റെ സംസ്‌കാരം ഒരു കരഭൂപടത്തിൽ മാത്രം വായിക്കാൻ കഴിയാത്തതിന്റെ കാരണം ഇതാണ്. അത് വായിക്കേണ്ടത് കടൽ വഴിയാണ്.

Sea: A Boiling Vessel എന്ന ഷോ ഈ സഞ്ചാരങ്ങളുടെ അദൃശ്യ പാതകളെ തിരിച്ചറിയാൻ ശ്രമിച്ചിരുന്നു. നാവിഗേഷൻ, പര്യവേക്ഷണം, വ്യാപാരം, കൊളോണിയലിസം ഇവയെല്ലാം മനുഷ്യചരിത്രത്തിന്റെ അടിത്തറകളായി നിലകൊള്ളുന്നു. എന്നാൽ ഈ ചലനങ്ങൾ വെറും സാമ്പത്തിക ഇടപാടുകൾ മാത്രമല്ല; അവ മനുഷ്യന്റെ മനസ്സിലും ഓർമകളിലും പതിഞ്ഞ ദീർഘകാല വികാരയാത്രകളാണ്.

മൈക്കലാഞ്ചലോ പിസ്റ്റൊലെറ്റോയുടെ ‘കേജ്‌’മൈക്കലാഞ്ചലോ പിസ്റ്റൊലെറ്റോയുടെ ‘കേജ്‌’

ഈ ചലനങ്ങൾ ഇന്നും അവസാനിച്ചിട്ടില്ല. ഇന്ന്, കുടിയേറ്റത്തിന്റെ പുതിയ തരംഗങ്ങൾ കടലിനെ വീണ്ടും ഒരു പ്രധാന കഥാപാത്രമാക്കുന്നു. ഹോർമുസ് കടലിടുക്കിന്റെ പേര് പറഞ്ഞുള്ള യുദ്ധവും അക്രമങ്ങളും ഇത്തരം അധിനിവേശത്തിന്റെ വളരെ വലിയ, ഒടുവിലെ ഉദാഹരണമാണ്. ഇവിടെ കടൽ ഒരു ദൂരമല്ല, ഒരു വിധിയാണ്, പുറപ്പെടലും പ്രതീക്ഷയും തമ്മിൽ നിൽക്കുന്ന ഇല്ലാത്തതോ ഒഴുകുന്നതോ ആയ ഒരു രേഖയാണത്.

വീടുകൾ ഉയർന്നത് പണത്താൽ മാത്രം അല്ല; പുതിയ സ്വപ്‌നങ്ങളാലും, ദൂരദേശങ്ങളിൽ നിന്നെത്തിയ സാധ്യതകളാലുമാണ്. ഓരോ ഗൾഫ് വീടിനും പിന്നിൽ ഒരു വിമാന ടിക്കറ്റിന്റെ ശബ്ദവും, ഒരു അമ്മയുടെ കാത്തിരിപ്പും, ഒരു കുട്ടിയുടെ ഓർമയിൽ മങ്ങിയ ഒരു അച്ഛന്റെ മുഖവും ഒളിഞ്ഞിരിക്കുന്നു. എന്നാൽ ആ സ്വപ്‌നങ്ങളുടെ അടിയിൽ ഒരേസമയം ഒരു ശൂന്യതയും അതിവിപുലമായി വളർന്നിട്ടുണ്ട്. വിട്ടുപോയ വീടുകളുടെ നിശ്ശബ്ദത, തിരിച്ചുവരാത്ത യാത്രകളുടെ വേദന, ഫോൺ കോളുകളിൽ ചുരുങ്ങിപ്പോയ ബന്ധങ്ങൾ, ആഘോഷങ്ങൾ പോലും പകുതിയായി മാറിയ ജീവിതങ്ങൾ.

കടൽ ഇങ്ങനെ വീണ്ടും വീണ്ടും മനുഷ്യരെ ബന്ധിപ്പിക്കുകയും വേർപെടുത്തുകയും ചെയ്യുന്നു. അതിന്റെ തിരമാലകൾ വെറും വെള്ളത്തിന്റെ ചലനം മാത്രമല്ല; അവ ഓർമകളുടെയും നഷ്ടങ്ങളുടെയും പ്രതീക്ഷകളുടെയും തിരമാലയാവർത്തനങ്ങളാണ്.

സീ എ ബോയിലിംഗ് വെസ്സൽ എന്ന പ്രോജക്റ്റിന്റെ തുടർച്ചയായാണ് “ആംഫിബിയൻ എസ്തെറ്റിക്സ് ” എന്ന ശക്തമായ ഒരു പ്രധാന ഗ്രൂപ്പ് പ്രദർശനം രൂപം കൊള്ളുന്നത്. ഉഭയ ജീവിത സൗന്ദര്യ ചർച്ചകളെ കൂടുതൽ ആഴത്തിലേക്ക് ഇത് കൊണ്ടുപോകുന്നു. മട്ടാഞ്ചേരിയിലെ ചരിത്രസാന്നിധ്യമുള്ള ഇടത്തിൽ നടന്ന ഈ പ്രദർശനം, കടലും കരയും തമ്മിലുള്ള ബന്ധങ്ങളെ വെറും ഭൗമശാസ്ത്രപരമായ അതിർത്തികളായി കാണാതെ, സാംസ്‌കാരികവും രാഷ്ട്രീയവുമായ പരിവർത്തനങ്ങളുടെ സജീവ ഇടങ്ങളായി വായിക്കാൻ നമ്മെ നിർബന്ധിതരാക്കി.

ഫോർട്‌ കൊച്ചിയിലെ ജൂതത്തെരുവ്‌ഫോർട്‌ കൊച്ചിയിലെ ജൂതത്തെരുവ്‌

‘ആംഫിബിയൻ’ എന്ന പദം സാധാരണയായി വെള്ളത്തിലും കരയിലും ഒരുപോലെ ജീവിക്കുന്ന ജീവികളെ സൂചിപ്പിക്കുന്നു. എന്നാൽ ഈ പ്രദർശനത്തിൽ, അത് ഒരു ജീവശാസ്ത്ര പദമല്ല, ഒരു ദാർശനിക ആശയമാണ്. മനുഷ്യന്റെ നിലനിൽപ്പ്‌ തന്നെ ഒരു ‘ആംഫിബിയൻ’ അവസ്ഥയാണെന്ന് ഇത് സൂചിപ്പിക്കുന്നു.

നമ്മൾ, മനുഷ്യർ, ഒരൊറ്റ ലോകത്തിൽ ജീവിക്കുന്നവർ അല്ല. നമ്മൾ ഇടയ്‌ക്കുള്ളവരാണ്. ഭൂതകാലത്തിന്റെയും ഭാവിയുടെയും ഇടയിൽ, ഓർമയുടെയും സ്വപ്‌നത്തിന്റെയും ഇടയിൽ, യാഥാർഥ്യത്തിന്റെയും കൽപ്പനയുടെയും ഇടയിൽ നിലകൊള്ളുന്നവർ. ഈ ഇടനാഴിയാണ് മനുഷ്യജീവിതത്തിന്റെ യഥാർഥ വേദി. ഈ ‘ഇടയ്‌ക്ക്‌’ എന്ന അവസ്ഥ സ്ഥിരതയില്ലാത്ത ഒരു ചലനമാണ്. അത് ഉറച്ച നിർവചനങ്ങളെ ചോദ്യം ചെയ്യുകയും, നമ്മെ അനിശ്ചിതത്വത്തിന്റെ പരിധികളിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അത് ആശങ്ക സൃഷ്ടിക്കുന്നു. എന്നാൽ, അതേ സമയം, ഈ അനിശ്ചിതത്വം തന്നെയാണ് സൃഷ്ടിപരമായ ചിന്തകൾക്കും പുതിയ സാധ്യതകൾക്കും തുടക്കംകുറിക്കുന്നത്.

ഭൂമി എന്ന വിശാലവും സങ്കീർണവുമായ വ്യവസ്ഥയിൽ മനുഷ്യൻ എപ്പോഴും ഒരു അന്വേഷകനാണ്. അവൻ കരയെയും കടലിനെയും, അതിരുകളെയും ഇടവഴികളെയും, അനുഭവങ്ങളുടെയും വിഭവങ്ങളുടെയും പുതിയ സാധ്യതകളാക്കി മാറ്റുന്നു. പക്ഷേ ഈ അന്വേഷണത്തിന്റെ അത്യാഗ്രഹം പലപ്പോഴും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുകയും, മനുഷ്യനടക്കം എല്ലാ ജീവജാലങ്ങൾക്കും തിരിച്ചടികൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും ആവശ്യമായത് കീഴടക്കൽ എന്ന മനോഭാവമല്ല, ഉൾക്കൊള്ളലിന്റെ ദർശനമാണ്. വൈവിധ്യങ്ങളെ മാനിക്കുകയും പരസ്‌പരം ആശ്രയിച്ചുള്ള സഹവർത്തിത്വത്തെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു ജീവിതരീതിയാണ് നിലനിൽപ്പിനുള്ള വഴിയെന്ന് തിരിച്ചറിയേണ്ട സമയമാണിത്. അല്ലെങ്കിൽ ഭൂമിയിലെ എല്ലാ രാശികളും ഉന്മൂലനം ചെയ്യപ്പെടും.

ആംഫീബിയൻ ഏസ്‌തറ്റിക്‌സ്‌ ഈ ഇടയ്‌ക്കുള്ള നിലകളെ ആസ്‌പദമാക്കി ഒരു പുതിയ സൗന്ദര്യബോധം നിർമിക്കുന്നു. അത് മനുഷ്യന്റെ ഇടനില അനുഭവങ്ങളെ മാത്രം അവതരിപ്പിക്കുന്നില്ല, മറിച്ച് അവയെ ആഘോഷിക്കുന്നു.

അത് നമ്മെ ലളിതമായെങ്കിലും ഗൗരവമുള്ള ഒരു സത്യത്തിലേക്ക് നയിക്കുന്നു: നമ്മൾ ശുദ്ധമായി കരയിലോ, ശുദ്ധമായി കടലിലോ ജീവിക്കുന്നവർ അല്ല‐ നമ്മൾ ഇടയ്‌ക്കുള്ളവരാണ്. ഈ തിരിച്ചറിവ്, ജീവിതത്തിന്റെ കൊടുക്കൽ വാങ്ങലുകളെയും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും, കൂടുതൽ സഹജമായും സുന്ദരമായും കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു.

പലവിധ ജൈവ ബന്ധങ്ങളുടെ വിശാല ജാലകം തുറന്നിട്ടിരുന്ന ഈ പ്രദർശനം ഒറ്റ ലീനിയർ കഥകൾ അനുഭവത്തിൽ പങ്കാളികളാകുന്നവരോടോ കാഴ്‌ചക്കാരോടോ പറയുന്നില്ല. അത് ഒരു ‘റൈസോമാറ്റിക്’ ഘടനയിലാണ് വികസിപ്പിച്ചിരിക്കുന്നത്, പല വഴികൾ തമ്മിൽ ചേരുന്നതായുള്ള അനുഭവം അത് വിഭാവനം ചെയ്യുന്നു. വീണ്ടും പിരിയുന്നു, വീണ്ടും ചേരുന്നു. ഇവിടെ ഒരു ആരംഭമോ അവസാനമോ ഇല്ല. ഉള്ളത് ഒത്തൊരുമിച്ചുള്ള സാധ്യതകൾ തിരയുന്ന ബന്ധങ്ങളാണ്. അതിന്റെ പല വഴികളിലൂടെ പ്രേക്ഷകനോട് സഞ്ചരിക്കാൻ ആംഫിബിയൻ ഏസ്‌തെറ്റിക്‌സ്‌’ ആഹ്വാനം ചെയ്യുന്നു. നമുക്കതിൽ പലതും ദർശിക്കാനാകും. ഇതിൽ ഒരു കലാസൃഷ്ടി മറ്റൊന്നുമായി സംസാരിക്കുന്നു. ഒരു ആശയം മറ്റൊന്നിലേക്ക് നീങ്ങുന്നു. ഈ ബന്ധങ്ങൾ ഒരു ദിശയിലേക്കല്ല; പല ദിശകളിലേക്കാണ്. ഇതിലൂടെ പ്രേക്ഷകൻ ഒരു നിരീക്ഷകനല്ലാതായി, ഒരു അന്വേഷകനായി മാറുന്നു.

ഇത് ഇന്നത്തെ ലോകത്തിന്റെ ഒരു പ്രതിബിംബമായും കാണാം. ഡിജിറ്റൽ കാലഘട്ടത്തിൽ, വിവരങ്ങൾ ലീനിയർ ആയി സഞ്ചരിക്കുന്നില്ല; അവ നെറ്റ്‌വർക്കുകളായി വ്യാപിക്കുന്നു. അതുപോലെ തന്നെയാണ് ഈ പ്രദർശനവും, ഒരിടത്ത്‌ ജീവിച്ചിരിക്കുന്നതും അതേസമയം പരന്നൊഴുകുന്നതുമായ ചിന്തകളുടെ കണ്ണികളിൽ എവിടെയെങ്കിലുമൊക്കെ കാഴ്‌ചക്കാർക്ക് പങ്കാളികളാകാൻ സാധിക്കും.

ടി രതീഷിന്റെ ‘അജ്ഞാതപുഷ്‌പമുള്ള ഒരു ഇന്ത്യൻ ഉദ്യാനം’ടി രതീഷിന്റെ ‘അജ്ഞാതപുഷ്‌പമുള്ള ഒരു ഇന്ത്യൻ ഉദ്യാനം’

കലയും സമാധാനവും:

ഒരു രാഷ്ട്രീയ ഇടപെടൽ

ഈ പ്രദർശനത്തിലെ ശക്തമായ ശബ്ദങ്ങളിൽ ഒന്ന് മൈക്കലാഞ്ചലോ പിസ്റ്റൊലെറ്റോ (Michelangelo Pistoletto) യുടേതായിരുന്നു. അദ്ദേഹത്തിന്റെ Third Paradise എന്ന ആശയം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള നഷ്ടപ്പെട്ട സമതുലിതാവസ്ഥയെ പുനഃസ്ഥാപിക്കാനുള്ള ഒരു ദർശനമാണ്. പിസ്റ്റൊലെറ്റോയ്‌ക്ക്‌ കല ഒരിക്കലും ഒരു അലങ്കാരം മാത്രമല്ല, അത് ജീവിതത്തെയും സമൂഹത്തെയും സ്‌പർശിക്കുന്ന ഒരു പ്രവർത്തനമാണ്. ആംഫിബിയൻ ഏസ്‌തെറ്റിക്‌സ്‌ തുറന്ന് കാണിക്കുന്ന ഇടനില സാധ്യതകളെ അന്വേഷിക്കുന്ന ഒരു പ്രവാഹം.

സംഘർഷങ്ങളും യുദ്ധങ്ങളും കുടിയേറ്റങ്ങളും കാലാവസ്ഥാ പ്രതിസന്ധിയും നിറഞ്ഞ സമകാലിക ലോകം നമ്മെ പലവിധത്തിൽ വേർതിരിക്കുമ്പോൾ, കലയ്‌ക്ക് നമ്മെ വീണ്ടും ബന്ധിപ്പിക്കാനുള്ള ശക്തിയുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

അദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ശ്രദ്ധേയമായത് ‘മിറർ ആർട്ട്’ ആണ്. കണ്ണാടി പ്രതിഫലനങ്ങളിലൂടെ നിർമിക്കപ്പെട്ട ഈ കൃതികളിൽ, കാണുന്നവന്റെ പ്രതിബിംബം തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നു. ഇവിടെ കലയും ജീവിതവും തമ്മിലുള്ള അതിർത്തി മായുകയും, പ്രേക്ഷകൻ തന്നെ കൃതിയുടെ അർഥനിർമാണത്തിൽ പങ്കാളിയാവുകയും ചെയ്യുന്നു.

കലയും സമൂഹവും തമ്മിലുള്ള ബന്ധം പുനർനിർമിക്കാൻ നടത്തുന്ന ഈ ശ്രമം, സാമൂഹിക മാറ്റത്തിനുള്ള ഉപാധിയായി കലയെ ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ ദർശനത്തെ വ്യക്തമാക്കുന്നു.

പ്രദർശനത്തിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ‘കേജ്’ എന്ന കൃതി സ്വാതന്ത്ര്യം അകത്താണോ, പുറത്താണോ എന്ന അടിസ്ഥാന ചോദ്യത്തെ ഉയർത്തുന്നു. ഒരു നിശ്ചിത പരിധിക്കുള്ളിൽ അടച്ചിടപ്പെട്ട അവസ്ഥയെ അത് കാണിച്ചുകൊണ്ടിരിക്കുമ്പോഴും, ആ പരിധി യാഥാർഥ്യത്തിലാണോ, അല്ലെങ്കിൽ നമ്മുടെ ബോധത്തിനുള്ളിലാണോ എന്ന സംശയം ഉണർത്തുന്നു. മനുഷ്യന്റെ ഉള്ളിലാണ് ജയിൽ എന്ന് അദ്ദേഹം ‘കേജ്‌’ എന്ന സൃഷ്ടിയിലൂടെ വിളംബരം ചെയ്യുന്നുണ്ട്. ഇവിടെ തടസ്സം ഒരു ഭൗതിക മതിലല്ല, മനുഷ്യന്റെ ചിന്തയും തിരിച്ചറിവും തന്നെയാണ്.

ജീവിതകാലം മുഴുവൻ കലയിൽ പ്രവർത്തിച്ച മൈക്കലാഞ്ചലോ പിസ്റ്റൊലെറ്റോ, തൊണ്ണൂറ്റി രണ്ടാം വയസ്സിലും സൃഷ്ടിപ്രവർത്തനം തുടരുകയാണ്. 2025ലെ നൊബേൽ സമാധാന ബഹുമതിക്ക് പിസ്റ്റൊലെറ്റോയെ നാമനിർദേശം ചെയ്‌തത് അദ്ദേഹത്തിന്റെ കലാസൃഷ്ടികൾക്കു പിന്നിലുള്ള സാമൂഹിക ദർശനത്തിനും സമാധാനത്തിനായുള്ള ദീർഘകാല ഇടപെടലിനുമാണ്. യുദ്ധങ്ങൾക്ക് ശേഷം സമാധാനം പുനർനിർമിക്കുന്നതിൽ അർഥമെന്തെന്ന് ചോദിക്കുന്നു അദ്ദേഹം. സംഘർഷങ്ങൾ രൂപപ്പെടുന്നതിന് മുമ്പേ അവയെ തിരിച്ചറിഞ്ഞ് തടയാനുള്ള Preventive Peace എന്ന ആശയമാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രത്തിൽ നിലകൊള്ളുന്നത്. അദ്ദേഹത്തിന്റെ രചനകൾ ആംഫിബിയൻ ഏസ്‌തെറ്റിക്‌സിന്റെ ആശയങ്ങളെ ദൃശ്യമായി തുറന്ന് കാണിക്കുന്ന പ്രധാന കൃതികളായി നിലകൊള്ളുന്നു.

ആർട്ടിസ്റ്റ് ശിൽപ്പ ഗുപ്ത അതിർത്തികളുടെ ആശയത്തെ തന്റെ ‘കല്ല് ഗ്ലാസിനോട് പാടുമ്പോൾ’ എന്ന ഇൻസ്റ്റലേഷനിലൂടെ ചോദ്യം ചെയ്യുന്നു. രാഷ്ട്രങ്ങൾ വരച്ച രേഖകൾ മനുഷ്യജീവിതത്തെ എങ്ങനെ നിയന്ത്രിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു എന്നത് അവർ സൂക്ഷ്മമായ ദൃശ്യഭാഷയിലൂടെ വെളിപ്പെടുത്തുന്നു. ഈ കൃതി, ഭൗതികമായ അതിർത്തികൾക്കപ്പുറം, ശബ്ദം, ചലനം, അനുഭവം എന്നിവയെ പോലും നിയന്ത്രിക്കുന്ന അദൃശ്യ സംവിധാനങ്ങളെക്കുറിച്ച് നമ്മെ ചിന്തിപ്പിക്കുന്നു.

മിഥുൻ മോഹന്റെ ചിത്രങ്ങൾമിഥുൻ മോഹന്റെ ചിത്രങ്ങൾ

ടി രതീഷിന്റെ ‘അജ്ഞാതപുഷ്‌പമുള്ള ഒരു ഇന്ത്യൻ ഉദ്യാനം’ എന്ന ലിനൻ പ്രതലത്തിൽ തീർത്ത എണ്ണച്ചായ ചിത്രം ഈ പ്രദർശനത്തിൽ ശ്രദ്ധേയമായ സ്ഥാനം വഹിച്ചു. സമകാലീന ഇന്ത്യയിലെ സാമൂഹിക വിഭജനങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന രചന ആംഫിബിയൻ ഏസ്‌തെറ്റിക്‌സ്‌ ഉയർത്തുന്ന ഇടനില അനുഭവങ്ങളോ സാധ്യതകളോ ആയി ചേർന്ന് നിലകൊള്ളുന്നു. നിലത്തെയും വെള്ളത്തെയും ഒരുപോലെ അനുഭവിക്കുന്ന ജീവിയെപ്പോലെ, ഇരട്ട യാഥാർഥ്യങ്ങളിൽ ഒരേസമയം ജീവിക്കാൻ നിർബന്ധിതരായ മനുഷ്യരെയാണ് ടി രതീഷ്‌ ഇവിടെ രൂപപ്പെടുത്തുന്നത്. ബ്രാഹ്മണ്യവും ആൺകോയ്‌മയും പോലെ ദീർഘകാലം സാമൂഹികഘടനയിൽ ഇഴചേർന്ന് കിടന്ന ശക്തികൾ, ഇന്നത്തെ മതവർഗീയ സാഹചര്യങ്ങളിൽ പുതിയ രൂപങ്ങളിൽ ഉയിർത്തെഴുന്നേൽക്കുന്നതായി കാൻവാസിൽ കാണാം.

അപ്പുപെൻ രചിച്ച ‘ആംഫി ജോസിന്റെ ലോകം X ഫ്രോഗ്മാൻ’ എന്ന ഗ്രാഫിറ്റി, ആംഫിബിയൻ ഏസ്‌തെറ്റിക്‌സിന്റെ ദൃശ്യ-രാഷ്ട്രീയ ഭൂപടത്തെ ശക്തമായി വിപുലീകരിക്കുന്ന കൃതിയാണ്. ജോർജ് മാത്തൻ എന്ന യഥാർഥ പേരിൽ അറിയപ്പെടുന്ന അപ്പുപെൻ, ഗ്രാഫിക് നോവലുകളുടെ ഭാഷയും സ്ട്രീറ്റ് ആർട്ടിന്റെ ഇടപെടലും ഡിജിറ്റൽ ദൃശ്യസംസ്‌കാരത്തിന്റെ സ്വാധീനങ്ങളും സംയോജിപ്പിച്ച്, സമകാലീന യാഥാർഥ്യങ്ങളെ ഇരുണ്ട ഫലിതത്തിലൂടെ പുനർരചിക്കുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽനിന്ന് അച്ചടി മാധ്യമങ്ങളിലേക്കും കൊച്ചിയുടെ ചുവരുകളിലേക്കും വ്യാപിക്കുന്ന ഈ ശൈലി, ഒരു ഏകകൃത കലാരൂപമല്ല, മാറിക്കൊണ്ടിരിക്കുന്ന ഒരു ദൃശ്യഭാഷയായിരുന്നു.

ഈ കൃതിയിൽ, അപ്പുപെൻ ജനപ്രിയതാ സൗന്ദര്യശാസ്ത്രവും രൂക്ഷപരിഹാസവും ഉപയോഗിച്ച് സ്വത്വരാഷ്ട്രീയം, പാരിസ്ഥിതിക പ്രതിസന്ധി, നിരീക്ഷണസംസ്‌കാരം, വ്യാജവിവരങ്ങളുടെ പ്രചാരണം എന്നിവയെ ഒരുമിച്ച് ചേർക്കുന്നു. അതിദേശീയതയുടെ ആവേശത്തിൽ ചാലിച്ച ഒരു സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയെക്കുറിച്ചുള്ള കൽപ്പിതകഥയായി ഇത് രൂപം കൊള്ളുമ്പോഴും, അതിന്റെ അടിത്തട്ടിൽ യാഥാർഥ്യത്തിന്റെ കഠിനത വ്യക്തമായി നിലനിൽക്കുന്നു. ഈ ലോകത്തിന്റെ കേന്ദ്രത്തിൽ നിൽക്കുന്ന ആംഫി ബി എൻ ജോസ്, ‘ഫ്രോഗ്മാൻ’ എന്ന പിടിക്കാനാവാത്ത പ്രതീകത്തിനെതിരെ സർക്കാർ നടത്തുന്ന പ്രചാരണയന്ത്രത്തിന്റെ ഭാഗമാവുന്നു. സ്ഥിരതയും ഉയർച്ചയും തേടിയുള്ള അവന്റെ യാത്ര, വ്യാജവാർത്തകളും കൃത്രിമവിവരങ്ങളും ഉപയോഗിച്ച് ഭയം സൃഷ്ടിക്കുന്ന ഒരു സംവിധാനത്തിലേക്കുള്ള ലയനമായി മാറുന്നു. അധികാരത്തിന്റെ ആനുകൂല്യങ്ങൾ വേഗത്തിൽ സ്വന്തമാക്കുന്ന ഈ കഥാപാത്രം, ഇന്നത്തെ ചങ്ങാത്തമുതലാളിത്തത്തിന്റെ ഇരുണ്ട പ്രവർത്തനരീതികളെ പ്രതിഫലിപ്പിക്കുന്ന ഒരു ദൃശ്യരൂപകമാണ്. ഈ രീതിയിൽ, ആംഫി ജോസിന്റെ ലോകം X ഫ്രോഗ്മാൻ ഒരു കഥയിലൊതുങ്ങുന്നില്ല. ഇത് ആംഫിബിയൻ ഏസ്‌തെറ്റിക്‌സ്‌ നിർദേശിക്കുന്ന പോലെ, യാഥാർഥ്യവും കൽപ്പനയും തമ്മിലുള്ള ഇടനാഴിയിൽ നിലകൊള്ളുന്ന, അസ്വസ്ഥമായ സത്യങ്ങളെ തുറന്നുകാട്ടുന്ന ഒരു അനുഭവമാകുന്നു.

അപ്പുപെൻ രചിച്ച ‘ആംഫി ജോസിന്റെ ലോകം X ഫ്രോഗ്മാൻ’ അപ്പുപെൻ രചിച്ച ‘ആംഫി ജോസിന്റെ ലോകം X ഫ്രോഗ്മാൻ’

ഷാൻവിൻ സിക്സ്റ്റസിന്റെ ‘ഉള്ളിൽ, ഇടയിലും’ എന്ന ഇൻസ്റ്റലേഷൻ അനിശ്ചിതത്വം തന്നെയാണ് മനുഷ്യാവസ്ഥയുടെ അടിസ്ഥാനമെന്ന തിരിച്ചറിവിലേക്ക് നമ്മെ വീണ്ടും കൊണ്ടുപോയി. ഉറച്ച അടിത്തറകൾ തേടുന്ന പ്രവണതയെ അത് സാവധാനം ചോദ്യം ചെയ്യുന്നു. കാരണം, നമ്മൾ നിൽക്കുന്നത് പലപ്പോഴും പരസ്‌പരം ആശ്രയിച്ചാണെങ്കിലും അസ്ഥിരമായ ഘടനകളിലാണ്. കരയുടെയും കടലിന്റെയും ഉറച്ച തിരിച്ചറിവുകൾക്ക് പുറത്തായി, ഇടയ്‌ക്കുള്ള അതിർത്തിയിലാണ് ഈ കൃതി സ്വയം സ്ഥാപിക്കുന്നത്. അതൊരു ഭൗതിക ഇടമാത്രമല്ല; ബന്ധങ്ങളും ആശ്രയങ്ങളും ചേർന്ന് നിർമിക്കുന്ന ഒരു നിലനിൽക്കുന്ന അവസ്ഥയാണ്. ഈ ഇടനിലയിലാണ് സഹവർത്തിത്വം സാധ്യമാകുന്നതെന്നും, മനുഷ്യജീവിതത്തിന്റെ ആരോഗ്യകരമായ രൂപങ്ങൾ ഇവിടെ തന്നെയാണെന്നും ഈ ഇൻസ്റ്റലേഷൻ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, ഇത് ആംഫിബിയൻ ഏസ്‌തെറ്റിക്‌സിന്റെ ആശയങ്ങളെ ദൃശ്യവൽക്കരിക്കുന്നതിൽ ഒതുങ്ങാതെ, അവയെ അനുഭവമായി മാറ്റുന്ന ഒരു ഇടമായി മാറുന്നു.

ഈ പ്രദർശനത്തിന്റെ ദൃശ്യ- ആശയഭൂപടത്തിൽ മിഥുൻ മോഹൻ ഒരു സാന്നിധ്യം മാത്രമല്ല, ഒരു ഒഴുക്കാണ്. അകാലത്തിൽ വിടപറഞ്ഞ മിഥുൻ മോഹന്റെ കൃതികൾ ഒരിക്കലും ലീനിയർ കഥകൾ പറയുന്നില്ല. അവ മറഞ്ഞുകിടക്കുന്ന ഓർമകളെയും ചരിത്രങ്ങളെയും പതിയെ തുറന്നുകാട്ടുന്ന യാത്രകളാണ്. കാപ്പിരി മുത്തപ്പൻ എന്ന സാംസ്‌കാരിക- ആത്മീയ പ്രതീകത്തെ ആസ്‌പദമാക്കി മിഥുൻ രചിച്ച ‘Internal Slave’ സീരീസ്, കൊച്ചിയുടെ കൊളോണിയൽ പാരമ്പര്യവും അടിച്ചമർത്തലുകളും വിശ്വാസങ്ങളുമെല്ലാം ഒരുമിച്ച് വഹിക്കുന്ന ഒരു ദൃശ്യഭാഷയായി. പ്രദർശനവേദിയുടെ മുറ്റത്തെ ഓരത്ത് സ്ഥാപിച്ചിരുന്ന ഒരു പെട്ടിക്കുള്ളിലെ കാപ്പിരി സ്ലേവ് രൂപങ്ങൾ വെളുപ്പും കറുപ്പും ചേർന്ന ഇന്നത്തെ ലോകത്തിന്റെ ശക്തമായ പ്രതീകങ്ങളായി മാറുന്നു. അവ ചരിത്രത്തിന്റെ ഒരു അവശിഷ്ടമല്ല, ആധുനിക ലോകക്രമത്തിൽ മനുഷ്യർ വിവിധ രൂപങ്ങളിൽ അടിമത്തത്തിന്റെ ഘടനകളിൽ കുടുങ്ങിക്കിടക്കുന്നു എന്ന സത്യത്തിന്റെ സൂചനയാണ്.

പലസ്‌തീനിൽ നിന്നുള്ള കലാകാരി ദിമ സ്രൂജിയുടെ ‘അടിത്തറകൾ’ എന്ന സൈറ്റ്സ്പെസിഫിക് ഇൻസ്റ്റലേഷൻ, കാണാനാവാത്ത ഘടനകളുടെ രാഷ്ട്രീയവും ഓർമയും തുറന്ന് കാണിച്ചു. മണ്ണിനടിയിലൊളിഞ്ഞിരിക്കുന്ന പാളികളെപ്പോലെ, ചരിത്രവും സംഘർഷവും മനുഷ്യജീവിതത്തെ എങ്ങനെ രൂപപ്പെടുത്തിയെന്നും, നശിപ്പിക്കപ്പെട്ട ഇടങ്ങളുടെയും പുനർനിർമിക്കപ്പെട്ട സ്മരണകളുടെയും ഇടയിൽ, ഒരു അസ്ഥിരമായ നിലപാടായി ഈ കൃതി ഇടംപിടിച്ചു.

അനിഷ ബൈദ്, സ്മൃതി ചഞ്ചാനി, ശബ്നം വിർമാനി എന്നിവർ ചേർന്ന് രൂപപ്പെടുത്തിയ ‘Akath Katha: the Untellable Tale’ എന്ന മൾട്ടിമീഡിയ ഇൻസ്റ്റലേഷൻ, കബീർ ദാസിന്റെ ആത്മീയ പാരമ്പര്യത്തെയും സംഗീതാനുഭവത്തെയും സമകാലികമായി പുനർജീവിപ്പിക്കുന്ന ഒരു അനുഭവമായി മാറുന്നു. വാക്കുകൾക്ക് അപ്പുറത്തുള്ളതിനെ (the untellable) സ്‌പർശിക്കാൻ ശ്രമിക്കുന്ന ഈ കൃതി, ശബ്ദവും ദൃശ്യവും ഇടകലർന്ന ഒരു ഉഭയജീവിതാനുഭവം സൃഷ്ടിച്ചു. ആംഫിബിയൻ ഏസ്‌തെറ്റിക്‌സിന്റെ പശ്ചാത്തലത്തിൽ, ഭിന്നതകൾക്കിടയിലെ സഹവർത്തിത്വവും ആത്മീയ ബന്ധവും അന്വേഷിക്കുന്ന ഈ ഇൻസ്റ്റലേഷൻ, കലയും അനുഭവവും തമ്മിലുള്ള അതിർത്തികളെ മായ്ച്ചുകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കുന്ന ഒരു സജീവ ഇടമായി കഴിഞ്ഞ മൂന്നര മാസം.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ടിസ്റ്റ് റാമി ഫാറൂഖിന്റെ Three Acts of a Masjid എന്ന 6- ചാനൽ വീഡിയോ ഇൻസ്റ്റലേഷൻ, ഇരുനൂറിലധികം വെർട്ടിക്കൽ വീഡിയോകൾ തമ്മിൽ കൂട്ടിച്ചേർത്ത്, വിഭിന്ന ജീവിതാനുഭവങ്ങളുടെ ഒരു പാളികളുള്ള ദൃശ്യലോകം സൃഷ്ടിച്ചു. ഈ കൃതിയിൽ, ഒരു മസ്ജിദ് വെറും ആരാധനാലയമല്ല എന്നും, അത് കരുതലിന്റെയും നിയന്ത്രണത്തിന്റെയും പരസ്‌പര ഘടനകൾ ഒരേസമയം പ്രവർത്തിക്കുന്ന ഒരു സാമൂഹിക ഇടമാണെന്നും പറയുന്നുണ്ട്. ഈ ദൃശ്യസംയോജനത്തിൽ ഇന്ത്യയിലെ ആദ്യ മസ്ജിദായി പരിഗണിക്കപ്പെടുന്ന ചേരമാൻ പള്ളിയും ഉണ്ടായിരുന്നു.

ഭാവിനഗരങ്ങളെ ‘closed-loop ecosystem’ ആയി കാണുന്ന CAAS കളക്ടീവിന്റെ സങ്കൽപ്പങ്ങൾ ഈ പ്രദർശനത്തിൽ ഒരു നിർണായക ദിശ തുറന്നു. സുസ്മിത മൊഹന്തിയും സിദ്ധാർഥ് ദാസും ചേർന്ന് രൂപപ്പെടുത്തിയ ഈ ആശയം, പിന്നീട് ബർബാറ ഇംഹോഫ്‌, സ്യൂ ഫയർബേൺ, രോഹിണി ദേവേശർ എന്നിവരുടെ ഇടപെടലുകളിലൂടെ കൂടുതൽ വിപുലമായി വികസിച്ചു. സാങ്കൽപ്പികവും പ്രായോഗികവുമായ ഇത്തരം ഉഭയ ജീവിത സൗന്ദര്യത്തിന്റെ ഇടനാഴിയിൽ, സാഹിർ മിർസ രൂപം നൽകിയ ‘ബോട്ട്കാസ്റ്റ്’ എന്ന വീഡിയോ പരമ്പര ഒരു സഞ്ചാരവേദിയായി പ്രത്യക്ഷപ്പെടുന്നു. കേരളത്തിന്റെ ജലപാതകളെ വേദിയാക്കി, നീങ്ങിക്കൊണ്ടിരിക്കുന്ന സംഭാഷണങ്ങളിലൂടെ സ്ഥലവും സമൂഹവും തമ്മിലുള്ള ബന്ധങ്ങളെ വീണ്ടും വായിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഡിജിറ്റൽ മാധ്യമത്തിന്റെ സാധ്യതകൾ ഉപയോഗിച്ച്, ജലവും ഓർമയും മനുഷ്യാനുഭവവും തമ്മിലുള്ള സജീവ ബന്ധം ഈ വീഡിയോ പരമ്പരയിൽ തെളിഞ്ഞു. വലിയൊരു പാഠ്യവിഷയത്തിന്റെ ജാലകമായിരുന്നു ഇത്.

അതേസമയം, White Balance അവതരിപ്പിച്ച കാപ്പിരി മുത്തപ്പന്റെ വിവിധ രൂപങ്ങളും ‘കബർ’ എന്ന സൈറ്റ്സ്പെസിഫിക് ഇൻസ്റ്റലേഷനും പ്രദർശനത്തിൽ ഗാഢമായ വികാരപ്രതികരണം ഉണർത്തി. ഗാസയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യുദ്ധങ്ങളും മനുഷ്യനഷ്ടങ്ങളും ഓർമിപ്പിക്കുന്ന ഈ ഇൻസ്റ്റലേഷൻ, നിശ്ശബ്ദമായ ദുഃഖസ്മരണയായി. മനസ്സിനെ മുറിക്കുന്ന ഒരു സാന്നിധ്യമായി നിലകൊണ്ടിരുന്നു.

ഷാൻവിൻ സിക്‌സ്‌റ്റസിന്റെ  ‘ഇൻബിറ്റ്‌വീൻ’ഷാൻവിൻ സിക്‌സ്‌റ്റസിന്റെ ‘ഇൻബിറ്റ്‌വീൻ’

വിവിധ ശാഖകളിൽ നിന്നുള്ള ചിത്രകാരന്മാർ, ക്യൂറേറ്റർമാർ, എഴുത്തുകാർ, ചിന്തകർ എന്നിവർ അവരുടെ സക്രിയ പ്രവർത്തനങ്ങളെ രാഷ്ട്രീയബോധത്തോടെ സമീപിക്കുന്ന ഈ സാഹചര്യത്തിൽ, ‘Amphibian Aesthetics’ ഒരു പ്രദർശനമെന്ന പരിധിയിൽ ഒതുങ്ങുന്നില്ല, അത് ലോകത്തെ കാണാനും അനുഭവിക്കാനുമുള്ള ഒരു പുതിയ ചിന്താ പദ്ധതി തുറക്കുന്ന ഇടമായി മാറുന്നു. ഇഷാരാ ആർട്ട് ഫൗണ്ടേഷനും ആഴി ആർക്കൈവ്‌സും ഉരു ആർട്ട് ഹാർബറും ഒന്നിച്ചു നിന്ന് രൂപപ്പെടുത്തിയ ഈ ഗ്രൂപ്പ് ആർട്ട് എക്സിബിഷൻ മനുഷ്യനും പ്രകൃതിയും സാങ്കേതികതയും സ്മരണയും തമ്മിൽ കുടുങ്ങിക്കിടക്കുന്ന നമ്മുടെ കാലഘട്ടത്തിന്റെ സങ്കീർണതകളെ അനവധി ദൃശ്യ-ശബ്ദങ്ങളിലൂടെ തുറന്നിടുന്നു.

‘ആംഫിബിയൻ’ എന്നത് ഒരു ജീവശാസ്ത്രപരമായ പരാമർശമല്ല, അതൊരു നിലപാടാണ്. സ്ഥിരതയും അനിശ്ചിതത്വവും തമ്മിൽ നിലകൊള്ളേണ്ടി വരുന്ന മനുഷ്യാവസ്ഥയുടെ ആത്മസാക്ഷ്യം. സംഘർഷങ്ങൾകൊണ്ട് വിഘടിച്ച ലോകത്തിൽ, വ്യക്തമായ ഉത്തരങ്ങൾ അപൂർവമാകുമ്പോൾ, ഈ പ്രദർശനം നമ്മെ അനിശ്ചിതത്വത്തോടൊപ്പം ജീവിക്കാനും അതിൽ സഹവർത്തിത്വത്തിന്റെയും സഹിഷ്‌ണുതയുടെയും ഗാന്ധി മാർഗം പോലുള്ള ദർശനങ്ങളെ കാണാനും അത് അനുഭവിക്കാനും മനുഷ്യരെ ക്ഷണിക്കുന്നു. ഈ അനുഭവത്തിലൂടെ, പ്രേക്ഷകൻ ഒരു വിദൂര നിരീക്ഷകനല്ലാതെയാകുന്നു. എല്ലാവരും ഈ പ്രവാഹത്തിന്റെ ഭാഗമാകുന്നു. ഭൂതകാലത്തിന്റെ മുറിവുകളും വർത്തമാനത്തിന്റെ അസ്വസ്ഥതകളും ഭാവിയുടെ അനിശ്ചിത പ്രതീക്ഷകളും തമ്മിൽ ചേർന്ന്, സമാധാന ജീവിത ഇടനാഴിയെന്ന സത്യത്തെ ഈ പ്രദർശനം നിശ്ശബ്ദമായി തുറന്നുകാട്ടുന്നു .





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home