അടുത്ത 3 മണിക്കൂറിൽ 7 ജില്ലകളിൽ റെഡ് അലേർട്ട്; മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 3 മണിക്കൂറിൽ മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടാണുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
വയനാട് ജില്ലയിലെ അങ്കണവാടികൾ, മത പഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റസിഡൻഷ്യൽ സ്‌കൂളുകൾക്കും, റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല. അതേസമയം ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും ഒരു അറിയിപ്പുണ്ടാകുന്നതു വരെ അവധി തുടരും.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നതിനാലും വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പി.എസ്.സി പരീക്ഷകളും സർവകലാശാല പരീക്ഷകളും നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കും. ഓൺലൈൻ ക്ലാസുകൾക്ക് അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു.










0 comments