കവർസ്റ്റോറി
ഭൂമിപുത്രന്മാരുടെ ഉത്സവം

വി ആർ സുധീഷ്
Published on Aug 01, 2026, 10:49 AM | 3 min read
നാലുവർഷം കഴിഞ്ഞ് വീണ്ടും ലോകം പാതിരാത്രിയിൽ വാതിലുകൾ തുറന്നിട്ടു. നിദ്ര തഴുതിട്ടടച്ച മുറികളിൽ ആരവങ്ങൾ നിറഞ്ഞു. വർണങ്ങളുടെ വെളിച്ചത്തിൽ പന്തുരുണ്ടു. പോരാളികൾ പിന്നാലെ‐- ലോകമഹോത്സവത്തിന് കൊടിയേറ്റം.
ഇന്ത്യയിലെ 140 കോടി മനുഷ്യരിൽ ഒരാളായി ഞാനും കാണുകയാണ് ജീവൻകൊണ്ട് പന്ത് പാഞ്ഞ് തൊടുന്നവരെ. ആരാകിലെന്ത്! മിഴിയുള്ളവർ നോക്കിനിന്നുപോകുന്നു-, അതാണ് ഈ കളി. ജയിച്ചവരുടെ വീഴ്‌ചയ്‌ക്കും തോറ്റവരുടെ ഉയർച്ചയ്‌ക്കും കാത്തിരിക്കുന്നൊരു കളി. മനസ്സ് ഓങ്ങിയിട്ടും ശരീരമെത്താത്ത, ചിലപ്പോൾ എത്തുന്ന ഫുട്ബോൾ എന്ന മാന്ത്രിക കേളി! അവിടെ ഓരോ വിജയത്തിനുമപ്പുറത്ത് എന്തുമാത്രം കണ്ണീരും സ്വപ്‌നങ്ങളുമാണ്!
2026‐ന്റെ ലോകകപ്പ് മത്സരം വരുമ്പോൾ നൈരാശ്യത്തോടെ ഓർത്തുപോയ ഒരു കാര്യമുണ്ട്. പ്രതാപികളായ ഒരുപാട് കളിക്കാർ അരങ്ങത്തുനിന്ന് നിഷ്ക്രമിക്കാൻ പോകുന്നു. ഇനി വരുന്ന പോർമുഖത്ത് അവരെ കണ്ടെന്നുവരില്ല. ഇത്രയേറെ ജീനിയസ്സുകൾ ഒന്നിച്ച് വിരമിക്കുന്ന ആദ്യത്തെ ലോകകപ്പ് ഇതായിരിക്കും. പുതിയ താരോദയത്തിന്റെ നാന്ദിയും ഇവിടെയാകാം. ബ്രസീലിന്റെ കളി കാണാൻ എത്തിയ പഴയ മുഖങ്ങളെ ഗാലറിയിൽ കണ്ടു. റൊണാൾഡോ, കക്ക, റിവാൾഡോ, ദുംഗ, സിദാൻ, കാർലോസ്... ഓർമകൾ പിന്നിലേക്ക് പോകുന്നു. എത്രയോ വർഷകാലരാത്രികൾ ഉള്ളിൽ നിറയുന്നു. 1986 തൊട്ട് കളി കാണുന്നു. 40 വർഷങ്ങൾ. അതിന്റെ കാവ്യാനന്ദം-, ദൃശ്യ ചാരുത, മെയ്യനക്കത്തിന്റെ മാന്ത്രികത. നൃത്തചടുലത. പ്രാവിനെപ്പോലെ, കഴുകനെപോലെ പറന്നുവീഴുന്ന ഓമൽകിരാതത്വം. വല കുലുക്കുന്നവർ ഭൂമിക്കപ്പുറത്തേക്ക് കുതിച്ചുയരുന്നു. തിരികെ മണ്ണിൽ വീണ് മുത്തമിടുന്നു. ആകാശപ്പിളർപ്പിലെ മിശിഹായെനോക്കി കുരിശ് വരയ്‌ക്കുന്നു. ചിലർക്ക് ആഘോഷമേയില്ല. നിർമമരായി അവർ അടുത്ത നിമിഷം പന്ത് കാലിൽ കോർക്കുന്നു. പൂർവികരെ സ്മരിച്ച് സ്വീഡന്റെ യാസിൻ അയാരി അങ്ങനെ ചെയ്‌തു.

കെയ്‌പ് വെർദെയാണ് ഈ ലോകകപ്പിന്റെ അത്ഭുതം, മാന്ത്രിക ലഹരി! വൊസീഞ്ഞ എന്ന ഗോൾകീപ്പർ വിരിച്ചിട്ട കൈകൾ ചരിത്രത്തിൽ പതിച്ചു. ഏഴ് സെയ്‌വോടെ വോസീഞ്ഞ ചരിത്രത്തെ വായുവിൽ പറത്തി. കാലം മെസ്സിയിലും വൊസീഞ്ഞയിലും പ്രായം മറന്ന് കനിഞ്ഞു. അൾജിരിയയുമായുള്ള കളിയിൽ ഹാട്രിക് നേടിയ മെസ്സിയെ കോച്ച് തിരിച്ചു വിളിച്ചിരുന്നു. ആ ഹാട്രിക്കിനോടും മെസ്സിയോടുമുള്ള അപാരമായ അനുഭാവം കൊണ്ടും സ്‌നേഹസാഹോദര്യം കൊണ്ടും പിന്നെ അർജന്റീനക്കാർ കളി മന്ദഗതിയിലാക്കി. ഹാട്രിക്കിന്റെ ഗൗരവം കാത്തു. മെസ്സിയോടുള്ള ആദരവും പുലർത്തി. ഗോളിന് പിന്നാലെ പോയതേയില്ല.
നെയ്‌മറും ക്രിസ്‌റ്റ്യാനോ റൊണാൾഡോയും എംബാപ്പെയും മോഡ്രിച്ചും ഹാളണ്ടും ഹാരി കെയ്നുമെല്ലാം ഈ ലോകകപ്പിന്റെ വിസ്മയ രൂപങ്ങളാണ്. ഹാരി കെയ്നിന്റെ വേറിട്ട വ്യക്തിത്വം ആരെയും വശീകരിക്കും. കളികഴിഞ്ഞ് പുൽമൈതാനത്ത് കണ്ണീരോടെ നോക്കിനിൽക്കുന്ന നെയ്‌മറിന്റെയും റൊണാൾഡോയുടെയും ദൃശ്യങ്ങൾ നമ്മുടെ ചങ്കു കലക്കുന്നതാണ്. ഈ കളി അങ്ങനെയാണ്. നേരത്തേ ക്ഷണിക്കുന്നു. നേരത്തേ പറഞ്ഞയക്കുന്നു.
ഒരു ടീം ശക്തമായതുകൊണ്ടുമാത്രം കളി ജയിച്ചെന്നുവരില്ല. ഒമ്പത് പേരെ വെട്ടിച്ച് ഒറ്റയ്‌ക്ക് ഒരാൾക്ക് കളി മുന്നോട്ട് കൊണ്ടുപോകാനും അസാധ്യം. ഒഴിഞ്ഞ ഇടം, തേടിവരുന്ന പന്ത്, കാലുകൾക്ക് എത്താവുന്ന ദൂരം... അങ്ങനെ ഓരോന്നിനെ ആശ്രയിച്ചിരിക്കുന്നു വലയിലേക്കുള്ള പന്ത്. ഗോളിയുടെ കരവലയത്തിലൊതുങ്ങിയോ, ഗോൾപോസ്റ്റിൽ തട്ടിയോ പന്ത് പോരാളിയെ പരിക്ഷീണിതനാക്കാം. ചില അനക്കങ്ങൾ, കുതിപ്പുകൾ, സ്ട്രാറ്റജി ഒത്തുവന്നാൽ കളിയുടെ സംവിധാനം ഭദ്രമാകുന്നു. ഇത്തവണ ചെറിയ ടീമുകൾ വലിയ വിജയമെഴുതിയതിനു പിന്നിൽ ഈയൊരു കാലസത്യമുണ്ട്. അപായമുഴക്കവുമായി വന്ന ഫ്രാൻസിനെയാണ് ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ട് ആറ് ഗോളുകൾക്ക് തൂത്തുവാരിയത്. നാം എന്തുകൊണ്ടോ വലുതായി പ്രതീക്ഷിച്ച നോർവേക്കാരാണ് വൈക്കിങ് റോയുമായി മടങ്ങിയത്. ഒരൊറ്റ കളിപോലും ജയിക്കാതെയാണ് കെയ്‌പ് വെർദെ ലോകകപ്പ് ഗ്രൂപ്പ് കടന്നുവന്നത്. അർജന്റീനക്കെതിരെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്സിനെ മറികടന്ന് സിഡ്നി കബ്രാൽ നേടിയ മാരിവിൽ ഗോൾ എന്നും മനസ്സിലുണ്ടാകും. തകർപ്പൻ ഷോട്ടിനുശേഷം വേലിയും ഗാലറിയും മറികടന്ന് അയാൾ മുകളിലേക്ക് ഓടിച്ചെല്ലുന്നു. ആരെയോ കാത്തുനിൽക്കുന്നു. അതാ അവൾ വരുന്നു. അയാളുടെ പ്രണയിനി. അവർ സ്വയം മറന്ന് ആശ്ലേഷിക്കുന്നു. അയാൾ വലിയ ചൈതന്യത്തോടെ വീണ്ടും കളിക്കളത്തിലേക്ക്. ഈ ലോകകപ്പിലെ ഏറ്റവും പ്രണയഭരിതമായ മുഹൂർത്തമായിരുന്നു അത്.
ലോകകപ്പ് ഫൈനൽ ആഘോഷച്ചടങ്ങിൽ ഷാക്കിറ പാടുന്നു
ഇംഗ്ലണ്ടിന്റെയും ഫ്രാൻസിന്റെയും ഗോൾമഴ തീർത്ത മഴയുള്ള രാത്രിയുടെ അവസാനമായി. അടുത്ത പാതിരയ്‌ക്ക് കാലത്തിന്റെ വിധി വരും. അർജന്റീനയായാലെന്ത്, യമാലിന്റെ സ്‌പെയിനായാലെന്ത്! തലയിൽ വെളിച്ചം ചൂടിവരുന്ന തലമുറകൾക്ക് താലോലമേകുകതന്നെ!
ചെറിയ രാജ്യങ്ങളും വലിയ പരിചയമില്ലാത്ത യുവാക്കളുമാണ് ഇത്തവണ ലോകകപ്പിൽ കതിർമയായത്. വിനീഷ് ജൂനിയറും ഒലിസെയും ബെല്ലിങ്ങാമും ബുകായോ സാക്കയും ഡംബലെയും ഫെറാൻ ടോറസും അടുത്ത ചരിത്രവഴിയിൽ മിന്നൽ പ്രഭയാകും. സ്‌പെയിനിന്റെ നായകൻ റോഡ്രിയാണ് ഈ ലോകകപ്പിന്റെ അമരത്തെ നിശ്ശബ്ദ നാവികൻ. അയാളുടെ സാന്നിധ്യത്തിന് കാന്തിക പ്രസരമുണ്ട്. ഇനിയുള്ള നാലുവർഷം സ്‌പെയിൻ തരംഗത്തിൽ ലോകം ആർപ്പുവിളിച്ച് മുന്നോട്ടുപോകും. തളർച്ചയോടെ പുൽമൈതാനത്തിരുന്ന് കരയുന്ന കണ്ണുകളോടെ ആൾക്കൂട്ടത്തെയും അനന്തതയെയും നെഞ്ച് നീറി നോക്കുന്ന മെസ്സി ഒരു ക്ലാസിക് സിനിമയുടെ അസാധാരണ ദൃശ്യമായിരുന്നു. കളിയരംഗത്തുനിന്നും കൈവീശി അയാൾ മടങ്ങുമ്പോൾ ആ ചിത്രം പൂർണമാകുകയായി. ഇനി തിരിച്ചു വരരുതെന്ന് കാലം മെസ്സിയോട് പറയട്ടെ. ശരീരംകൊണ്ടും മനസ്സുകൊണ്ടും അയാൾ പതിച്ച മുദ്രകളിലൂടെ ഇനി കടന്നുവരാൻ ആരൊക്കെയാണ്! മെസ്സിയുടെ മൂന്ന് കുഞ്ഞുങ്ങൾ, ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പുത്രൻ, പാമിൻ യമാലിന്റെ കുഞ്ഞനുജൻ, ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിൽ പിറന്നതും പിറക്കാനിരിക്കുന്നതുമായ കാൽപ്പന്തിന്റെ ഭൂമിപുത്രന്മാർ! അവരെത്തുമ്പോഴേക്കും നാം മടങ്ങിയിരിക്കും. ടിക്കിടാക്കയ്‌ക്ക് രൂപാന്തരം സംഭവിച്ചേക്കും. വൊസിഞ്ഞയെയും എമിലിയാനോ മാർട്ടിനെസ്സിനേയും മറികടക്കുന്ന പുതിയ ഗോൾകീപ്പർമാർ കാൽപ്പന്തിന് അനശ്വരമായ വിസ്മയരാവുകൾ തീർക്കും. ഭൂമിയുടെ ഈ കാവ്യ കഥോത്സവം കൊണ്ട് നമ്മെ കൂടുതൽ എളിമയും സംസ്‌കാരവുമുള്ളവരാക്കിത്തീർക്കുന്ന കാലത്തിന് നന്ദി പറയാൻ ഏത് വചനമുചിതമാകും?.










0 comments