അഹമ്മദാബാദിന് ഒരുങ്ങാൻ അഞ്ച് വർഷം , മറികടന്നത് നൈജീരിയയെ
print edition അഹമ്മദാബാദ് 2030 ; കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ വേദിയാകുന്നത് രണ്ടാം തവണ

ന്യൂഡൽഹി
ഗുജറാത്തിലെ അഹമ്മദാബാദ് 2030 കോമൺവെൽത്ത് ഗെയിംസ് വേദിയായി പ്രഖ്യാപിച്ചു. സ്‌കോട്ട്‌ലൻഡ് നഗരമായ ഗ്ലാസ്‌ഗോയിൽ ചേർന്ന കോമൺവെൽത്ത് സ്‌പോർട്ട് ജനറൽ അസംബ്ലിയിലാണ് തീരുമാനം. നൈജീരിയയുടെ തലസ്ഥാനമായ അബുജയും വേദിക്കായി രംഗത്തുണ്ടായിരുന്നു. 2034ൽ പരിഗണിക്കാമെന്നാണ് നൈജീരിയക്ക് വാഗ്‌ദാനം.
കഴിഞ്ഞമാസം ചേർന്ന കോമൺവെൽത്ത് സ്‌പോർട്ട് എക്‌സിക്യൂട്ടീവ് ബോർഡ് അഹമ്മദാബാദിന്റെ പേര് ശുപാർശ ചെയ്‌തിരുന്നു. 2030 ഗെയിംസിന്റെ ശതാബ്‌ദി വർഷംകൂടിയാണ്.
രണ്ടാം തവണയാണ് കോമൺവെൽത്ത് രാജ്യങ്ങളുടെ ഗെയിംസിന് ഇന്ത്യ ആതിഥേയരാകുന്നത്. 2010ൽ ഡൽഹി വേദിയായി. അഹമ്മദാബാദിൽ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ഗെയിംസ് നടക്കുക. ലോകത്തെ ഏറ്റവും വലിയ സ്‌റ്റേഡിയമായി അറിയപ്പെടുന്ന ഇവിടെ 1,32,000 പേർക്ക് ഇരിപ്പിടമുണ്ട്.
നാല് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഗെയിംസിന്റെ അടുത്ത വേദി 2026ൽ ഗ്ലാസ്‌ഗോയിലാണ്. 2022ൽ ബർമിങ്‌ഹാമിൽ നടന്ന ഗെയിംസിൽ ഓസ്‌ട്രേലിയ 67 സ്വർണവുമായി ഒന്നാമതെത്തി. ഇംഗ്ലണ്ടിനും കനഡക്കും പിറകിൽ ഇന്ത്യ നാലാമതായിരുന്നു. 22 സ്വർണമടക്കം 61 മെഡൽ കിട്ടി.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗ്ലാസ്‌ഗോയിൽ ജനറൽ അസംബ്ലിയിൽ പങ്കെടുത്തത്. ഇന്ത്യ 2036 ഒളിമ്പിക്‌സിന് ശ്രമിക്കുന്നുണ്ട്. ഇൗ നീക്കത്തിന് ഉൗർജം പകരുന്നതാകും കോമൺവെൽത്ത് ഗെയിംസ് സംഘാടനം.









0 comments