കോമൺവെൽത്ത് ഗെയിംസ്
ക്രിക്കറ്റ് ഉൾപ്പടെ പ്രധാന ഇനങ്ങൾ ഒഴിവാക്കി; കായികതാരങ്ങളുടെ എണ്ണത്തിൽ 2,000ത്തോളം കുറവ്

ഗ്ലാസ്‌ഗോ : ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്‌ഗോയിൽ തുടക്കമാകുമ്പോൾ ഇത്തവണ ക്രിക്കറ്റ് ഉണ്ടാകില്ല. ചെലവ് ചുരുക്കലിന്റെ ഭാഗമായി മത്സരങ്ങൾ പരിമിതപ്പെടുത്തിയതോടെയാണ് ക്രിക്കറ്റ് ഉൾപ്പെടെയുള്ള പ്രധാന കായിക ഇനങ്ങൾ ഒഴിവാക്കിയത്. 2022 ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ക്രിക്കറ്റിന്റെ വിടവാങ്ങൽ വലിയ തിരിച്ചടിയാണ്.
24 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 2022ൽ ക്രിക്കറ്റ് കോമൺവെൽത്ത് ഗെയിംസിലേക്ക് തിരിച്ചെത്തിയത്. അതിനുമുമ്പ് 1998ലെ ക്വാലാലംപൂർ പതിപ്പിലാണ് ക്രിക്കറ്റ് അവസാനമായി ഉൾപ്പെടുത്തിയിരുന്നത്. മുൻപത്തെ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണത്തെ 23-ാമത് കോമൺവെൽത്ത് ഗെയിംസിൽ 10 കായിക ഇനങ്ങളിലായി 215 മെഡൽ ഇനങ്ങളാണുള്ളത്. 2022 ബർമിങ്ഹാമിൽ 20 ഇനങ്ങളും, 2018, 2014 പതിപ്പുകളിൽ 18 ഇനങ്ങൾ വീതവും ഉണ്ടായിരുന്നു.
ക്രിക്കറ്റിന് പുറമെ ബാഡ്മിന്റൺ, ഹോക്കി, ടേബിൾ ടെന്നീസ്, റെസ്ലിംഗ് (ഗുസ്തി), സ്‌ക്വാഷ്, റഗ്ബി സെവൻസ്, ബീച്ച് വോളിബോൾ, ട്രയാത്ത്‌ലൺ, ഡൈവിംഗ് എന്നീ പ്രമുഖ ഇനങ്ങളും ഇത്തവണ ഒഴിവാക്കി. ഇതോടെ മത്സരരംഗത്തുള്ള കായികതാരങ്ങളുടെ എണ്ണത്തിൽ 2,000ത്തോളം കുറവുണ്ടാകും. ഓസ്ട്രേലിയയിലെ വിക്ടോറിയയിലായിരുന്നു 2026ലെ ഗെയിംസ് നടക്കേണ്ടിയിരുന്നത്. എന്നാൽ ഗെയിംസ് നടത്തുന്നതിനുള്ള ചെലവ് 6-7 ബില്യൺ ഓസ്‌ട്രേലിയൻ ഡോളറായി ഉയർന്നതോടെ 2023 ജൂലൈയിൽ വിക്ടോറിയ പിന്മാറി.
മാസങ്ങളോളം അനിശ്ചിതത്വത്തിൽ നിന്ന ശേഷമാണ് ഗ്ലാസ്‌ഗോ പകരം വേദിയായി എത്തിയത്. 2024 സെപ്റ്റംബറിലാണ് സ്കോട്ടിഷ് സർക്കാരും കോമൺവെൽത്ത് ഗെയിംസ് ഓസ്ട്രേലിയയും ചേർന്ന് ടൂർണമെന്റ് ഗ്ലാസ്‌ഗോയിൽ നടത്തുമെന്ന് പ്രഖ്യാപിച്ചത്. തയ്യാറെടുപ്പുകൾക്ക് കുറഞ്ഞ സമയം മാത്രം ലഭിച്ചതും സാമ്പത്തിക ബാധ്യത കുറയ്ക്കേണ്ടതും കണക്കിലെടുത്താണ് നാല് വേദികളിലായി മത്സരങ്ങൾ ചുരുക്കിയത്. ഇതിന്റെ ഭാഗമായാണ് ആഗോളതലത്തിൽ വലിയ ജനപ്രീതിയുള്ള ക്രിക്കറ്റും ഒഴിവാക്കപ്പെട്ടത്.










0 comments