രാജ്യത്തെ ഫുട്ബോൾ വികസനത്തിന് പ്രതിവർഷം കേന്ദ്രം ചെലവഴിക്കുന്നത് 7.6 കോടി രൂപ മാത്രം

ന്യൂഡൽഹി: രാജ്യത്തെ ഫുട്ബോൾ വികസനത്തിന് പ്രതിവർഷം കേന്ദ്രം ചെലവഴിക്കുന്ന തുക 7.6 കോടി രൂപ മാത്രമെന്ന് കണക്കുകൾ. രാജ്യസഭയിൽ ഡോ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര കായിക വകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യ നൽകിയ മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കിയത്.
2021- 22 മുതൽ 2025-26 വരെയുള്ള കഴിഞ്ഞ 5 വർഷം ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് കേന്ദ്രം ആകെ അനുവദിച്ച തുക 43.98 കോടി രൂപ മാത്രമാണ്. ഇതിൽ ചെലവഴിച്ചത് 37.98 കോടി രൂപയും. ഇന്ത്യൻ ദേശീയ ഫുട്ബോൾ ഫെഡറേഷന്റെ പേര്മാറ്റത്തിൽ തങ്ങൾക്ക് യാതൊരു പങ്കും ഇല്ല എന്നാണ് കേന്ദ്രം പറയുന്നത്. അതേസമയം ഫുട്ബോൾ ഫെഡറേഷന്റെ പേര് ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത് എന്നാക്കുന്നതിൻ്റെ ഗുണഫലങ്ങൾ എന്ത് എന്ന ചോദ്യത്തിന് കേന്ദ്ര സർക്കാർ മറുപടി നൽകിയില്ല.
ഇന്ത്യൻ ഫുട്ബോൾ മേഖലയുടെ വികസനത്തിനായി പ്രത്യേകമായ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നും, പൊതുവായി കായിക വികസനത്തിനായി നടപ്പിലാക്കിയ പദ്ധതികളിൽ ഫുട്ബോളും ഉൾപ്പെടുന്നുമെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്.
ജനസംഖ്യയിലും ദേശീയ വരുമാനത്തിലും ഇന്ത്യയെക്കാൾ എത്രയോ പിന്നിൽ നിൽക്കുന്ന രാജ്യങ്ങൾ വരെ ഈ വർഷത്തെ ലോകകപ്പിൽ കളിക്കാൻ യോഗ്യത നേടിയപ്പോൾ, യോഗ്യതാ റൗണ്ടിൽ പൊലും വിജയിക്കൻ എന്തുകൊണ്ട് ഇന്ത്യക്കാവുന്നില്ല എന്ന ചോദ്യം പൊതുമണ്ഡലത്തിൽ വ്യാപകമായി ഉയർന്നുവരുന്ന സാഹചര്യത്തിൽ, ഇന്ത്യൻ ഫുട്ബോളിൻ്റെ വികസനം രാജ്യത്തെ കായിക മന്ത്രാലയത്തിൻ്റെ അജണ്ടയിലെ ഒരു പ്രധാന ഇനമല്ലെന്ന് പ്രഖ്യാപിക്കുന്ന മറുപടിയാണ് മന്ത്രിയിൽ നിന്നും ലഭിച്ചിരിക്കുന്നത്.
മികച്ച കളിക്കളങ്ങളുടെ അഭാവം, വിദ്ഗധ കോച്ചുകളുടെ ലഭ്യതക്കുറവ്, കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരമില്ലായ്മ തുടങ്ങിയവയാണ് വർഷങ്ങളായി ഇന്ത്യൻ കായികതാരങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ. എന്നാൽ ഇത് പരിഹരിക്കുന്നതിനാവശ്യമായ വിഹിതം നീക്കിവെയ്ക്കാൻ കേന്ദ്രം തയ്യാറാവുന്നില്ല എന്ന് ഇപ്പോൾ ലഭ്യമാക്കിയ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു.
FIFA റാങ്കിംഗിൽ കഴിഞ്ഞ 10 വർഷമായി നമ്മുടെ സ്ഥാനം കുത്തനെ താഴോട്ടേക്കാണ്. 2017 ൽ 97ാം സ്ഥാനമുണ്ടായിരുന്നത് 2026 ൽ 138-ാം സ്ഥാനത്താണ്. ഫുട്ബാൾ മേഖലയുടെ സമഗ്രമായ മുന്നേറ്റത്തിനാവശ്യമായ ശ്രദ്ധ പുലർത്താൻ കായിക മന്ത്രാലയം തയ്യാറല്ല എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. അതേസമയം, തങ്ങളുടെ രാഷ്ട്രീയ പ്രചരണത്തിനുള്ള ഒരു വേദിയായി ദേശീയ ഫുട്ബോൾ ഫെഡറേഷനെ മാറ്റാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുകയാണ് എന്നും ഡോ. വി ശിവദാസൻ എംപി പറഞ്ഞു.









0 comments