print edition കളത്തിൽ ഇന്ത്യയില്ല

അർജുൻ എറിഗെയ്‌സി / ഡി ഗുകേഷ് / ആർ പ്രഗ്നാനന്ദ

ഏറ്റവും കൂടുതൽ കളിക്കാരെ ലോക കാൻഡിഡേറ്റ്സ് ടൂർണമെന്റിലേക്ക് തെരഞ്ഞെടുക്കുന്ന വ്യക്തിഗത ചെസ് മത്സരമെന്നതാണ് ലോകകപ്പിന്റെ സവിശേഷത. എട്ട് പേരാണ് കാൻഡിഡേറ്റ്സ് മത്സരങ്ങളിൽ പോരാടുക. അതിലെ വിജയി നിലവിലെ ലോക ചാമ്പ്യനെ (ഇന്ത്യയുടെ ഡി ഗുകേഷ്) നേരിടും. കാൻഡിഡേറ്റ്സ് മത്സരത്തിലേക്ക് നാല് കളിക്കാർ വ്യത്യസ്ത മാനദണ്ഡങ്ങൾ പ്രകാരം ഇതിനകം യോഗ്യത നേടി.
ഫാബിയാനോ കരുവാന, ഹികാരു നകാമുറ (ഇരുവരും അമേരിക്ക), അനീഷ് ഗിരി ( നെതർലൻഡ്സ്), മാത്തിയാസ് ബ്ലൂബോം(ജർമനി) എന്നിവരാണ്. ഇപ്പോൾ നടക്കുന്ന ലോകകപ്പ് ചെസിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവരും കാൻഡിഡേറ്റ്സ് മത്സരത്തിൽ ഇടം പിടിക്കും. ശേഷിക്കുന്ന ഒരു സ്ഥാനം ഫിഡെ സർക്യൂട്ട് ചെസ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന കളിക്കാരനാണ് ലഭിക്കുക. ആ സ്ഥാനം ഇന്ത്യയുടെ ആർ പ്രഗ്നാനന്ദക്ക് ലഭിക്കുമെന്നത് ഏതാണ്ടുറപ്പാണ്.
ഇദംപ്രഥമമായി ഇന്ത്യ ചെസ് ലോകകപ്പിന് ആതിഥ്യമരുളിയപ്പോൾ മൊത്തം പങ്കെടുത്ത താരങ്ങളിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നായിരുന്നു– - 24 പേർ. ആദ്യ മൂന്ന് സീഡുകളും ഇന്ത്യയുടെ യുവ സൂപ്പർ ഗ്രാൻഡ് മാസ്‌റ്റർമാരായിരുന്നു.
പത്തൊമ്പതുകാരനായ ലോക ചാമ്പ്യൻ ഡി ഗുകേഷ്, ലോക ഏഴാം നമ്പർ താരം അർജുൻ എറിഗെയ്‌സി, എട്ടാം റാങ്കുകാരൻ ആർ പ്രഗ്നാനന്ദ എന്നിവർ. വിദിത് ഗുജറാത്തി, അരവിന്ദ് ചിദംബരം, നിഹാൽ സരിൻ, പി ഹരികൃഷ്ണ തുടങ്ങി ശക്തരായ ഇന്ത്യൻ താരങ്ങൾ വേറേയുമുണ്ടായിരുന്നു.
ഫിഡെ ലോക ചെസ് റേറ്റിങ്ങിൽ ഏറ്റവും മുന്നിലുള്ള മാഗ്നസ് കാൾസൺ, ഹികാരു നകാമുറ, ഫാബിയോ കരുവാന എന്നിവർ ലോകകപ്പിൽ പങ്കെടുത്തില്ല. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ താരങ്ങൾക്ക് അനുകൂലമായൊരു സാഹചര്യമായിരുന്നു ഗോവ ലോകകപ്പിൽ നിലവിലുണ്ടായിരുന്നത്. എന്നാൽ മത്സരങ്ങൾ സെമി -ഫൈനൽ ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ എല്ലാ ഇന്ത്യൻ താരങ്ങളും പുറത്തായി.
കഴിഞ്ഞ കാൻഡിഡേറ്റ്സ് മത്സരത്തിൽ -ഗുകേഷ്, പ്രഗ്നാനന്ദ, വിദിത് ഗുജറാത്തി -എന്നിവരുണ്ടായിരുന്നു. ഇത്തവണ അത് ഒരാളിലേക്ക് മാത്രമായി (പ്രഗ്നാനന്ദ) ചുരുങ്ങുന്നുവെന്നത് അപ്രതീക്ഷിതവും നിരാശാജനകവുമായ ഒരു വർഷാന്ത്യത്തെയാണ് 2025 ഇന്ത്യൻ ചെസ് പ്രേമികൾക്ക് സമ്മാനിക്കുന്നത്.
ഗോവയിൽ നടന്ന ലോകകപ്പിലെ ഏറ്റവും വലിയ നഷ്ടം അർജുൻ എറിഗെയ്‌സിയുടേതാണ്. ഇന്ത്യയുടെ ഒന്നാം നമ്പർ താരം സമകാലിക ലോക ചെസിലെ ഏറ്റവും ചങ്കൂറ്റമുള്ള കളിക്കാരനാണ്. വിശ്വനാഥൻ ആനന്ദിനു ശേഷം 2800 എന്ന റേറ്റിങ്ങ് കടമ്പ കടന്ന ഏക ഇന്ത്യൻ താരം. എറിഗെയ്‌സിയുടെ ആക്രമണശൈലിയെയും ജയിക്കാനുള്ള ത്വരയെയും മാഗ്‌നസ് കാൾസൺ പല തവണ ശ്ലാഘിച്ചിട്ടുണ്ട്. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ വെയ് യിയോട് ടൈബ്രേക്കറിൽ 1.5-–2.5 എന്ന സ്കോറിന് പരാജയമേറ്റുവാങ്ങിയ എറിഗെയ്‌സിയുടെ പുറത്താകൽ 2026 ലെ ഇന്ത്യൻ ലോകകിരീട സ്വപ്നങ്ങൾക്കേറ്റ വൻപ്രഹരമാണ്.
എല്ലാ കളിയും നോക്കൗട്ട് ഘടനയിലുള്ളതാണെന്നത് ലോകകപ്പിനെ മറ്റ് മത്സരങ്ങളിൽ നിന്ന് വിഭിന്നവും ആവേശകരവും ഉദ്വേഗജനകവുമാക്കി മാറ്റുന്നുണ്ട്. സ്വാഭാവികമായും അട്ടിമറികളുടെ വിളനിലമായി ലോകകപ്പ് മത്സരവേദി മാറുന്നു. ചെറിയൊരു പിഴവു പോലും ഇവിടെ മാരകമാവുന്നു. പല ഇന്ത്യൻ താരങ്ങളും ഇത്തരം അട്ടിമറികൾക്ക് ഇരയായി പുറത്തായി.
ഫൈനലിൽ ഒരു ഉസ്ബെക്ക് യുവതാരം സ്ഥാനം പിടിക്കുമെന്നത് സുനിശ്ചിതമായിരിക്കുന്നു. കാരണം ഉസ്ബെക്കുകളായ പത്തൊന്പതുകാരൻ ജാവോഖിർ സിൻഡറോവും ഇരുപത്തിമൂന്നുകാരൻ നോദിർബെക്കും തമ്മിലാണ് ഒരു സെമി.
രണ്ടാം സെമിഫൈനൽ റഷ്യയുടെ ആന്ദ്രേ എസിപെങ്കോയും ചൈനയുടെ വെയ് യിയും തമ്മിലാണ്. ജാവോഖിറിനും വെയ് യിക്കുമാണ് കൂടുതൽ വിജയസാധ്യത.
ചെസ് ലോകകപ്പിൽ ഇന്ന് സെമി
ചെസ് ലോകകപ്പ് സെമി ഫൈ-നൽ പോരാട്ടം ഇന്ന് തുടങ്ങും. ഉസ്‌ബെക്കിസ്ഥാൻ താരങ്ങളായ ജവോഖിർ സിൻഡറോവും നോദിർബെക് യാക്കുബ്‌ബോയെവും ഏറ്റുമുട്ടും. മറ്റൊരു സെമിയിൽ ചൈനയുടെ വെയ് യിയും റഷ്യയുടെ ആന്ദ്രേ എസിപെങ്കോയും കളിക്കും. സെമിയിലും രണ്ട് കളിയുണ്ട്. സമനിലയായാൽ മൂന്നാംദിനം ടൈബ്രേക്കറിൽ വിജയിയെ നിശ്‌ചയിക്കും.










0 comments