print edition ചെസ് ലോകകപ്പ് പ്രീക്വാർട്ടർ ; അർജുനും ഹരികൃഷ്‌ണക്കും സമനില

പി ഹരികൃഷ്ണ
പനജി
ചെസ് ലോകകപ്പ് പ്രീക്വാർട്ടറിലെ ആദ്യ കളിയിൽ ഇന്ത്യൻ താരങ്ങളായ പി ഹരികൃഷ്‌ണയും അർജുൻ എറിഗെയ്‌സിയും സമനില നേടി. രണ്ടാമത്തെ കളി ഇന്ന് നടക്കും. ജയിച്ചാൽ ക്വാർട്ടറിലേക്ക് മുന്നേറാം. രണ്ട് തവണ ലോകകപ്പ് നേടിയ അമേരിക്കൻ താരം ലെവൻ അരോണിയനെ 41 നീക്കത്തിലാണ് അർജുൻ സമനിലയിൽ തളച്ചത്. ഹരികൃഷ്‌ണ മെക്‌സിക്കോയുടെ ജോസ് മാർടിനെസുമായി സമനിലയിൽ പിരിഞ്ഞു.
എട്ട് പ്രീക്വാർട്ടറുകളിൽ ഏഴിലും ആദ്യ കളി സമനിലയിൽ അവസാനിച്ചു. ഉസ്‌ബെകിസ്ഥാന്റെ ജാവോഖിർ സിൻഡറോവ് ജർമനിയുടെ ഫ്രെഡറിക് എസ്‌വാനെ 68 നീക്കത്തിൽ കീഴടക്കിയതാണ് ഏക വിജയം. സിൻഡറോവിന് ക്വാർട്ടറിലെത്താൻ ഇന്ന് സമനില മതി.
റഷ്യക്കാർ തമ്മിലുള്ള പോരിൽ ആന്ദ്രേ എസിപെങ്കോയും അലക്‌സി ഗ്രെബ്‌നോവും 31 നീക്കത്തിൽ സമനിലയിൽ അവസാനിപ്പിച്ചു. ഉസ്‌ബെക് താരം നോഡിർബെക് അർമേനിയയുടെ ഗബ്രിയേൽ സർഗിസിയാനുമായി സമനിലയായി. ചൈനയുടെ വെയി യിയും അമേരിക്കയുടെ സാം സെവിയനും 60 നീക്കത്തിൽ കൈകൊടുത്ത് പിരിഞ്ഞു. വിയറ്റ്‌നാം താരം ലിയം ലി ജർമനിയുടെ അലക്‌സാണ്ടർ ഡോൺചെങ്കോയും 31 നീക്കത്തിൽ സമനില സമ്മതിച്ചു. റഷ്യക്കാരൻ ഡാനിൽ ഡുബോവ് അമേരിക്കയുടെ സാം ഷാങ്ക്‌ലാൻഡുമായി 57 നീക്കത്തിൽ സമനില വഴങ്ങി.
206 കളിക്കാർ അണിനിരന്ന ലോകകപ്പിൽ 24 ഇന്ത്യക്കാരുണ്ടായിരുന്നു. രണ്ട് പേരാണ് ഇനി അവശേഷിക്കുന്നത്.









0 comments