ഫുട്ബോൾ ലോകകപ്പ്
ഇംഗ്ലണ്ടിന് തിരിച്ചടി; സൗഹൃദ മത്സരത്തിന് മുൻപ് ഫ്ലോറിഡയിൽ വില്ലനായി മോശം പിച്ചും പെരുമഴയും

ലോകകപ്പ് ട്രോഫിയും ഔദ്യോഗിക പന്തും |Photo:NDTV Sports
വാഷിംഗ്ടൺ : ലോകകപ്പ് ഫുട്ബോളിനായുള്ള ഇംഗ്ലണ്ട് ടീമിന്റെ പരിശീലനത്തിന് കനത്ത തിരിച്ചടിയായി ഫ്ലോറിഡയിലെ മോശം കാലാവസ്ഥയും പിച്ചിന്റെ മോശം അവസ്ഥയും. ശനിയാഴ്ച ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തിന് മുന്നോടിയായാണ് ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക പടർന്നിരിക്കുന്നത്. എന്നാൽ നിലവിലെ പ്രതികൂല സാഹചര്യങ്ങളിലും മുൻകൂട്ടി നിശ്ചയിച്ച പദ്ധതികളുമായി മുന്നോട്ട് പോകാനാണ് പരിശീലകൻ തോമസ് ടുഹലിന്റെ തീരുമാനം.
ജൂൺ 17ന് ഡാല്ലസിൽ ക്രൊയേഷ്യക്കെതിരെ നടക്കുന്ന ഗ്രൂപ്പ് എൽ മത്സരത്തിന് മുൻപായി യുഎസിലെ കടുത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ വേണ്ടിയാണ് ഇംഗ്ലണ്ട് ടീം ടാമ്പായിൽ ക്യാമ്പ് ചെയ്തത്. എന്നാൽ പ്രതീക്ഷിച്ചതിന് വിപരീതമായി ഫ്ലോറിഡയിൽ തുടർച്ചയായി പെയ്ത കനത്ത മഴയും മേഘാവൃതമായ അന്തരീക്ഷവും കളിക്കാരുടെ പരിശീലനത്തെ ബാധിച്ചു. എങ്കിലും ഇതൊന്നും തങ്ങളുടെ കഠിനാധ്വാനത്തെ തടസപ്പെടുത്തിയിട്ടില്ലെന്ന് വെള്ളിയാഴ്ച മാധ്യമങ്ങളെ കണ്ട തോമസ് ടുഹൽ വ്യക്തമാക്കി.
നമ്മൾ എന്ത് പ്ലാൻ ചെയ്താലും ജീവിതം അതിന്റെ വഴിക്ക് പോകുമെന്നാണ് ഈ കാലാവസ്ഥ തെളിയിക്കുന്നത്. വളരെ അസാധാരണമായ രീതിയിലാണ് ഇവിടെ മഴ പെയ്തത്. എന്നാൽ ഇന്ന് മാത്രമാണ് പൂർണമായി സൂര്യപ്രകാശം ലഭിച്ചത്. സാഹചര്യങ്ങളുമായി ഞങ്ങൾ പൊരുത്തപ്പെട്ടു കഴിഞ്ഞു. വരും ആഴ്ചകളിൽ നഷ്ടപ്പെട്ട സമയം ഞങ്ങൾ തിരിച്ചുപിടിക്കും, ടുഹൽ വ്യക്തമാക്കി.
കാലാവസ്ഥയ്ക്ക് പുറമെ മത്സരത്തിനായി ഒരുക്കിയ പിച്ചിന്റെ ചിത്രങ്ങളും വലിയ ആശങ്കയ്ക്ക് കാരണമായി. പല നിറത്തിലുള്ള പുല്ലുകൾ തുന്നിച്ചേർത്തത് പോലെയുള്ള പിച്ചിന്റെ അവസ്ഥ കളിക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. പിച്ച് അത്ര മികച്ചതല്ലെന്ന വാർത്തകൾ തന്നെ അല്പം ആശങ്കപ്പെടുത്തുന്നുണ്ടെന്നും എങ്കിലും കളിക്കളത്തിൽ ഇറങ്ങിയ ശേഷം മാത്രമേ ഇതിൽ അന്തിമ തീരുമാനം എടുക്കൂ എന്നും കോച്ച് കൂട്ടിച്ചേർത്തു.
ലോകകപ്പിന് മുൻപ് ടീമിലെ ഭൂരിഭാഗം കളിക്കാർക്കും അവസരം നൽകാനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. ഇതിനായി മത്സരത്തിൽ രണ്ട് വ്യത്യസ്ത ടീമുകളെ 45 മിനിറ്റ് വീതം ഇറക്കാനാണ് ടുഹലിന്റെ പദ്ധതി. ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിന് ശേഷം ചൊവ്വാഴ്ച കോസ്റ്റാറിക്കയുമായാണ് ഇംഗ്ലണ്ടിന്റെ അടുത്ത സൗഹൃദ മത്സരം. ഇതിന് ശേഷമേ ടീം ഔദ്യോഗിക ബേസ് ക്യാമ്പായ കൻസാസ് സിറ്റിയിലേക്ക് മാറുകയുള്ളൂ.








0 comments