ഒരു മണിക്കൂറിനുള്ളിൽ വകുപ്പുകൾ മാറിയതെങ്ങനെ? അടി തലയിൽ കൊള്ളുന്നില്ല; എസ്ഐടിക്ക് കോടതിയുടെ രൂക്ഷവിമർശനം

ആലപ്പുഴ: നവകേരളബസിന് മുന്നിലേക്ക് പ്രതിഷേധവുമായി പാഞ്ഞടുത്ത യൂത്ത്‌കോൺഗ്രസ് നേതാക്കൾക്ക് മർദനമേറ്റെന്ന കേസിൽ എസ്ഐടി (പ്രത്യേക അന്വേഷണ സംഘം)ക്ക് കോടതിയുടെ രൂക്ഷ വിമർശനം. ഇരുപതിലേറെ തവണ ദൃശ്യങ്ങൾ കണ്ടെന്നും, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയിൽ സുരക്ഷാ ജീവനക്കാർ അടിക്കുന്നതായി കണ്ടില്ലെന്നും ആലപ്പുഴ ജില്ലാ സെഷൻസ് കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ സുരക്ഷാ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
പ്രതികൾ കീഴടങ്ങാൻ തയ്യാറായിരുന്നു. എന്നിട്ടും ഒരു മണിക്കൂർകൊണ്ട് പ്രതികൾക്കെതിരായ വകുപ്പുകൾ മാറി. അത് എന്തുകൊണ്ടെന്ന് വ്യക്തത വരുത്തണമെന്ന് എസ്ഐടിയോട് കോടതി ആവശ്യപ്പെട്ടു. സുരക്ഷാ ജീവനക്കാർ ജാമ്യാപേക്ഷ കൊടുത്തപ്പോൾ ജാമ്യം കിട്ടുന്ന വകുപ്പായിരുന്നു ചുമത്തിയിരുന്നത്. പ്രതികൾക്കെതിരെ 308-ാം വകുപ്പ് ഉണ്ടെന്ന് പറയുന്ന റിപ്പോർട്ട് രാവിലെ സമർപ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ജാമ്യം റദ്ദാക്കുമ്പോൾ അതിനുള്ള അപേക്ഷ നൽകി തുടർനടപടി എടുക്കണം. അതാണ് നടപടി ക്രമം. അതല്ലെങ്കിൽ തങ്ങൾ എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്നും കോടതി ചോദിച്ചു. ഇനി രേഖകൾ എന്തെങ്കിലും ഉണ്ടെങ്കിൽ വിധി പറയുന്നതിന് മുൻപായി സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സുരക്ഷാ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയാനായി മാറ്റി.
കേസിൽ വാദിഭാഗം സമർപ്പിച്ചത് പൊലിപ്പിച്ച് എഴുതിയതുപോലുള്ള പരാതിയാണെന്ന് കഴിഞ്ഞ ദിവസം കോടതി പരാമർശിച്ചിരുന്നു. മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചശേഷമാണ് പരാമർശം. പരിശോധന ഇല്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയത്. എസ്‌ഐടിയുടെ ഉദ്ദേശ്യമെന്താണെന്നും ഗുരുതരപരിക്ക് എന്ന് പറയുമ്പോൾ അത് തെളിയിക്കുന്ന രേഖകൂടിവേണ്ടേ എന്നും കോടതി ചോദിച്ചിരുന്നു.
മരണം സംഭവിച്ചേക്കാവുന്ന മർദനമെന്ന് എന്തുകൊണ്ട് ഡോക്ടർ അന്ന് പറഞ്ഞില്ല? അത് മറച്ചുവച്ചതാണെങ്കിൽ ഡോക്ടർക്കെതിരെ നടപടി എടുക്കണ്ടേയെന്നും കോടതി ചോദിച്ചു.
മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ വാഹനത്തിനുമുന്നിലേക്ക് കരിങ്കൊടി ഉയർത്തി ചാടി വീണവരെ പ്രതിരോധിക്കുകയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരെന്ന് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചിരുന്നു. പരിക്കേറ്റ രണ്ടുപേരും ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടിയത്. പ്രതികൾക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയത് ശരിയല്ല. പ്രചരിക്കുന്ന വീഡിയോദൃശ്യങ്ങൾ പൂർണമല്ല. മെയ് 30ന് രാവിലെയാണ് നരഹത്യാക്കുറ്റം ചുമത്തിയെന്ന റിപ്പോർട്ട് എസ്‌ഐടി നൽകിയത്. മർദനത്തിന് ഉപയോഗിച്ച ആയുധം പരിശോധിച്ചത് അന്ന് വൈകിട്ടാണ്. ആയുധം വൈകിട്ട് പരിശോധിച്ചെങ്കിൽ എങ്ങനെ രാവിലെ റിപ്പോർട്ട് നൽകാനാകുമെന്നും പ്രതിഭാഗം ചോദിച്ചു.









0 comments