ad
Deshabhimani

ഉറങ്ങാൻ കിടക്കുമ്പോൾ അക്കൗണ്ട് ബാലൻസ് 113 രൂപ; ഉണർന്നെഴുന്നേറ്റപ്പോൾ 294 കോടി രൂപ; വിശ്വസിക്കാനാകാതെ ‍യുവാവ്

account

വികാസ് കുമാർ

വെബ് ഡെസ്ക്

Published on Jun 06, 2026, 01:10 PM | 1 min read

പട്ന: ഉറങ്ങാൻ കിടക്കുമ്പോൾ അക്കൗണ്ടിൽ ഉണ്ടായിരുന്നത് വെറും 113 രൂപ. എന്നാൽ രാവിലെ ഉണർന്നപ്പോൾ അക്കൗണ്ട് ബാലൻസ് കണ്ട പ്ലംബർ ഞെട്ടിത്തരിച്ചു. ഒറ്റരാത്രി കൊണ്ട് യുവാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത് 294 കോടിയിലധികം രൂപ. ബിഹാറിലെ ഗയയിലാണ് സിനിമാക്കഥകളെ വെല്ലുന്ന ഈ സംഭവം.


വ്യാഴാഴ്ച പുലർച്ചെയാണ് ബിഹാറിനെ അമ്പരപ്പിച്ച ഈ സംഭവം പുറത്തറിയുന്നത്. ഗയ ജില്ലയിലെ മസ്തപുര സ്വദേശിയായ വികാസ് കുമാർ എന്ന പ്ലംബിങ് തൊഴിലാളിയുടെ അക്കൗണ്ടിലാണ് അവിശ്വസനീയമായ തുക പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ അഞ്ച് വർഷമായി വികാസ് കുമാർ ഉപയോഗിക്കുന്ന ജിയോ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ ശതകോടികൾ ഒഴുകിയെത്തിയത്.


ബുധനാഴ്ച രാത്രി തന്റെ ജോലി കൂലിയിൽ നിന്ന് 1300 രൂപ പിൻവലിച്ച ശേഷം വികാസിന്റെ അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്നത് വെറും 113 രൂപയായിരുന്നു. എന്നാൽ വ്യാഴാഴ്ച പുലർച്ചെയോടെ അക്കൗണ്ട് ബാലൻസ് ആദ്യം 94 കോടി രൂപയായും, തൊട്ടുപിന്നാലെ അത് 294.80 കോടി രൂപയായും ഉയരുകയായിരുന്നു. തന്റെ ജീവിതത്തിൽ പരമാവധി ഏഴ് ലക്ഷം രൂപയുടെ ഇടപാടുകൾ മാത്രം നടത്തിയിട്ടുള്ള ഈ അക്കൗണ്ടിലേക്കാണ് ഇപ്പോൾ കോടികൾ വന്നിരിക്കുന്നത്.


"ഞാനൊരു സാധാരണ പ്ലംബറാണ്. എന്റെ അക്കൗണ്ടിൽ ഇത്രയും വലിയൊരു തുക വരിക എന്നത് ചിന്തിക്കാൻ പോലും കഴിയില്ല. ഈ പണം എവിടെ നിന്നാണെന്ന് എനിക്ക് ഒരു ധാരണയുമില്ല. ഇത് എന്റെ പണമല്ല, അതുകൊണ്ട് തന്നെ ഇതിൽ നിന്നും ഒരു രൂപ പോലും ഞാൻ തൊടില്ല. എന്റെ അക്കൗണ്ട് ആരെങ്കിലും ദുരുപയോഗം ചെയ്തതാണോ എന്ന് കണ്ടെത്തണം"- വികാസ് കുമാർ പറഞ്ഞു.


അപ്രതീക്ഷിതമായി കോടിക്കണക്കിന് രൂപ അക്കൗണ്ടിലെത്തിയതോടെ വികാസ് കുമാർ ഒട്ടും സമയം കളയാതെ ഗ്രാമപഞ്ചായത്ത് അംഗങ്ങളെ വിവരമറിയിക്കുകയും അവരുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. വൻതുകയുടെ നിഗൂഢമായ ഈ ഇടപാട് ശ്രദ്ധയിൽപ്പെട്ടതോടെ സൈബർ പൊലീസും ബാങ്ക് അധികൃതരും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബാങ്ക് റെക്കോർഡുകളും സെർവർ ലോഗുകളും ട്രാൻസാക്ഷൻ ഐഡികളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home