ad
Deshabhimani

വിധി കോൺഗ്രസ് സര്‍ക്കാരിനെ കുരുക്കിയ പുസ്തകത്തിന് എതിരായ കേസിൽ

കുറ്റപത്രത്തിന്റെ ഭാഗമായ എല്ലാ രേഖകളും പ്രതിക്ക് കാണാനുള്ള അവകാശമുണ്ട്; സുപ്രീം കോടതി

sc screen
വെബ് ഡെസ്ക്

Published on Jun 06, 2026, 12:58 PM | 3 min read

ന്യൂഡൽഹി: കുറ്റപത്രത്തിന്റെ ഭാഗമായ രേഖകൾ പ്രതിക്ക് നൽകാതിരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എ എസ് ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. രേഖകൾ ഒളിച്ചുവെക്കുന്നത് പ്രതിയുടെ ന്യായമായ വിചാരണയ്ക്കുള്ള അവകാശത്തെ സാരമായി ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.


രേഖകൾ നൽകാതിരിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 21 (Article 21) ഉറപ്പുനൽകുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ഭാഗമായ 'ന്യായമായ വിചാരണയ്ക്കുള്ള' അവകാശത്തെ ഹനിക്കും.


മുൻ റോ ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സിബിഐ കേസിലാണ് വിധി. പ്രതി ആവശ്യപ്പെട്ട രേഖകൾ കേസിന് പ്രസക്തമല്ല എന്ന് സിബിഐ വാദിച്ചിരുന്നില്ല. ദേശീയ സുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ളതാണ് എന്നതുകൊണ്ട് മാത്രം ഇവ നൽകാതിരിക്കാൻ കഴിയില്ല. സി.ആർ.പി.സി സെക്ഷൻ 207 (Section 207 of CrPC) തന്നെയും പോലീസ് റിപ്പോർട്ടും മറ്റ് അനുബന്ധ രേഖകളും പ്രതിക്ക് നൽകണമെന്ന് വ്യക്തമാക്കുന്നുണ്ട്.


ദേശീയ സുരക്ഷയും നീതിയും തമ്മിലുള്ള സമതുലിതാവസ്ഥ പാലിക്കാമെന്ന് കോടതി പറഞ്ഞു. രണ്ട് മാസത്തിനകം ഈ രേഖകളുടെ ടൈപ്പ് ചെയ്ത പകർപ്പ് പ്രതിക്ക് നൽകാൻ സിബിഐയോട് കോടതി നിർദ്ദേശിച്ചു. ഈ രേഖകൾ കോടതി ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. പത്ര-ദൃശ്യ മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ യാതൊരു കാരണവശാലും ഇത് പ്രചരിപ്പിക്കാൻ പാടില്ല. ഇത് സംബന്ധിച്ച് ഒരു മാസത്തിനകം പ്രതി വിചാരണ കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കണം എന്ന ഉപാധി വെച്ചു.


കേസിന്റെ പശ്ചാത്തലം


മുൻ റോ ഉദ്യോഗസ്ഥൻ കൂടിയായ റിട്ടയേർഡ് മേജർ ജനറൽ വി കെ സിംഗുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. 2007 സെപ്റ്റംബറിൽ പുറത്തു വന്ന വി കെ സിംഗ് എഴുതിയ "India's External Intelligence – Secrets of Research and Analysis Wing" എന്ന പുസ്തകത്തിലൂടെ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിയെന്ന പരാതിയിൽ സിബിഐ കേസെടുക്കയായിരുന്നു. അഴിമതികളും വീഴ്ചകളും ഏറ്റുപറഞ്ഞ ഈ പുസ്തകം 2007-ൽ കോൺഗ്രസ് നേതൃത്വം നൽകിയ യു പി എ സർക്കാർ ഭരണകൂടത്തിന് വലിയ നാണക്കേടുണ്ടാക്കിയ ഒന്നായിരുന്നു.


2008 ഏപ്രിലിൽ സിബിഐ കുറ്റപത്രം സമർപ്പിക്കുകയും രഹസ്യരേഖകൾ സീൽ ചെയ്ത കവറിൽ സൂക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെതിരെ രേഖകൾ ആവശ്യപ്പെട്ട് സിംഗ് കോടതിയെ സമീപിച്ചു. രേഖകൾ പ്രതിയുടെ വക്കീലിന്റെ മാത്രം മേൽനോട്ടത്തിൽ സൂക്ഷിക്കണമെന്ന നിബന്ധനയോടെ പകർപ്പ് നൽകാൻ കോടതി ഉത്തരവിട്ടു. എന്നാൽ സിബിഐ ഹൈക്കോടതിയെ സമീപിച്ചു.


ഡൽഹി ഹൈക്കോടതി 2025 സെപ്റ്റംബറിൽ വിചാരണ കോടതി ഉത്തരവ് തിരുത്തിക്കൊണ്ട് സിബിഐക്ക് അനുകൂലമായ വിധി നൽകി. രേഖകളുടെ പകർപ്പ് നൽകേണ്ടതില്ലെന്നും പകരം കോടതിയിൽ വന്ന് അവ പരിശോധിക്കാൻ മാത്രമേ പ്രതിക്ക് അനുമതിയുള്ളൂ എന്നും ഹൈക്കോടതി വിധിച്ചു. ഈ വിധിയാണ് സുപ്രീം കോടതി പരിഷ്കരിച്ചത്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, വിചാരണ കോടതിയുടെ ഉത്തരവ് ചില മാറ്റങ്ങളോടെ ശരിവെക്കുകയും കർശനമായ നിബന്ധനകളോടെ രേഖകളുടെ പകർപ്പ് വി കെ സിംഗിന് നൽകാൻ ഉത്തരവിടുകയും ചെയ്തു.


വീഴ്ചകൾ തുറന്നടിച്ച് പുസ്തകം

അഴിമതിയുടെ വേരുകളും പുറത്തായി


റിട്ടയേർഡ് മേജർ ജനറൽ വി. കെ. സിംഗ് 2007-ൽ പുറത്തിറക്കിയ "India's External Intelligence – Secrets of Research and Analysis Wing" എന്ന പുസ്തകമാണ് ഈ കേസിന് കാരണം. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ 'റോ'യുടെ (R&AW) പ്രവർത്തനങ്ങളെക്കുറിച്ചും അതിലെ പോരായ്മകളെക്കുറിച്ചും തുറന്നെഴുതിയതായിരുന്നു ഈ പുസ്തകം.


വി കെ സിംഗ് തന്റെ ഔദ്യോഗിക ജീവിതകാലത്ത് 2000-2004 കാലയളവിൽ റോയിൽ ജോയിന്റ് സെക്രട്ടറി ആയിരുന്നു. ഈ സമയത്ത് കൈകാര്യം ചെയ്ത അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പുസ്തകത്തിലൂടെ പരസ്യപ്പെടുത്തി എന്നതായിരുന്നു സിബിഐയുടെ ആരോപണം.


വി.എച്ച്.എഫ്/യു.എച്ച്.എഫ് ആന്റിനകൾ (VHF/UHF Antennae) വാങ്ങിയതിലും, സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന് വേണ്ടി ആശയവിനിമയ ഉപകരണങ്ങൾ വാങ്ങിയതിലും കോടികളുടെ അഴിമതി നടന്നു എന്ന് അദ്ദേഹം പുസ്തകത്തിൽ ആരോപിച്ചിരുന്നു. താൻ എഴുതിയ വിവരങ്ങളിൽ ഭൂരിഭാഗവും ഇതിനകം തന്നെ ഇന്റർനെറ്റിലും പൊതുസമൂഹത്തിലും ലഭ്യമായ കാര്യങ്ങളാണെന്നും, അഴിമതി മൂടിവെക്കാനാണ് സർക്കാർ ഈ നിയമം ദുരുപയോഗം ചെയ്യുന്നതെന്നും ഗ്രന്ഥകാരൻ വാദിച്ചു.


'റോ' പോലുള്ള ഏജൻസികൾക്ക് ഇന്ത്യയിൽ പാർലമെന്റിനോടോ സിഎജി യോടോ നേരിട്ട് സാമ്പത്തിക ഉത്തരവാദിത്തമില്ല. ഇത് ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു പുസ്തകം. കാർഗിൽ യുദ്ധത്തിന് ശേഷം സുരക്ഷാ കാര്യങ്ങളെക്കുറിച്ച് പഠിച്ച 'ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സ്' റിപ്പോർട്ടിലെ ചില വിവരങ്ങൾ എടുത്തു ചേര്‍ത്തിരുന്നു. ഈ പുസ്തകം 2007-ൽ കോൺഗ്രസ് നേതൃത്വം നൽകിയ യു പി എ സർക്കാർ ഭരണകൂടത്തിന് വലിയ നാണക്കേടുണ്ടാക്കിയ ഒന്നായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home