ഹാട്രിക് പ്രതീക്ഷകൾ അസ്തമിച്ചു; ഫ്രഞ്ച് ഓപണിൽ നിന്ന് പിന്മാറി അൽകാരസ്

2025ലെ ഫ്രഞ്ച് ഓപൺ ടെന്നിസ് ഫൈനലിൽ ഇറ്റലിയുടെ യാനിക് സിന്നറുമായുള്ള ആവേശകരമായ പോരാട്ടത്തിനിടെ വിശ്രമിക്കുന്ന കാർലോസ് അൽകാരസ്. (Photo Credit: AP)
ബാഴ്സലോണ : റോളണ്ട് ഗാരോസിൽ ഹാട്രിക് കിരീടം നേടുമെന്ന ലോക രണ്ടാം നമ്പർ താരം കാർലോസ് അൽകാരസിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി. കൈത്തണ്ടക്കേറ്റ പരിക്ക് കാരണം അടുത്ത മാസം നടക്കാനിരിക്കുന്ന ഫ്രഞ്ച് ഓപണിൽ നിന്ന് പിന്മാറുന്നതായി അൽകാരസ് വെള്ളിയാഴ്ച അറിയിച്ചു.
ഈ മാസം ആദ്യം നടന്ന ബാഴ്സലോണ ഓപണിന്റെ ഒന്നാം റൗണ്ടിനിടെയാണ് ഏഴ് തവണ ഗ്രാൻഡ് സ്ലാം നേടിയ അൽകാരസിന് പരിക്കേറ്റത്. ഇതിനെത്തുടർന്ന് അൽകാരസ് ആ ടൂർണമെന്റിൽ നിന്നും പിന്മാറിയിരുന്നു.
2024ലും 2025ലും ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ അൽകാരസിന് ഇത്തവണ ഹാട്രിക് കിരീടം നേടാനുള്ള അവസരമാണ് നഷ്ടമായിരിക്കുന്നത്. കളിമൺ കോർട്ടിലെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അൽകാരസിന്റെ അസാന്നിധ്യം ഇത്തവണത്തെ ഫ്രഞ്ച് ഓപണിന്റെ ആവേശം കുറക്കാൻ സാധ്യതയുണ്ട്. ബാഴ്സലോണ ഓപണിൽ വെച്ചുണ്ടായ പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്തതാണ് താരത്തിന് വിനയായത്.
പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായതിനെത്തുടർന്ന് അൽകാരസ് മാഡ്രിഡ് ഓപണിൽ നിന്നും പിന്മാറി. റോമിൽ നടക്കാനിരിക്കുന്ന മാസ്റ്റേഴ്സ് ടൂർണമെന്റിലും താൻ പങ്കെടുക്കില്ലെന്ന് സ്പാനിഷ് താരം വ്യക്തമാക്കി.
"വളരെ പ്രയാസകരമായ സമയമാണിത്, പക്ഷേ കൂടുതൽ കരുത്തോടെ തിരിച്ചുവരും" അൽകാരസ് പ്രതികരിച്ചു.
ഈ സീസണിലെ റോളണ്ട് ഗാരോസ് മത്സരങ്ങൾ നഷ്ടമായാലും ജൂണിൽ നടക്കുന്ന വിംബിൾഡണിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാനായിരിക്കും അൽകാരസ് ലക്ഷ്യമിടുന്നത്. ഇതിനുമുമ്പ് 2023ലെ ഓസ്‌ട്രേലിയൻ ഓപണും കാലിനേറ്റ പരിക്ക് കാരണം അൽകാരസിന് നഷ്ടമായിരുന്നു.
നഡാലിന് ശേഷം കളിമൺ കോർട്ടിലെ കരുത്തനായ താരമായി ടെന്നിസ് ലോകം വിലയിരുത്തിയ അൽകാരസ് കഴിഞ്ഞ വർഷം റോളണ്ട് ഗാരോസിന് പുറമെ മോണ്ടെ കാർലോ, റോം, എന്നിവിടങ്ങളിൽ കിരീടം ചൂടിയിരുന്നു. ടെന്നിസ് ചരിത്രത്തിലെ പുതിയ കാലഘട്ടത്തിൽ നഡാലിനും ദ്യോകോവിച്ചിനും ശേഷം കളിമൺ കോർട്ടിലെ എല്ലാ പ്രധാന കിരീടങ്ങളും സ്വന്തമാക്കുന്ന മൂന്നാമത്തെ താരം എന്ന റെക്കോർഡ് ഇതോടെ അൽകാരസ് സ്വന്തമാക്കിയിരുന്നു. ബാഴ്സലോണയിൽ റണ്ണർ അപ്പ് ആവുകയും ചെയ്തു.
കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപൺ ഫൈനലിൽ അഞ്ച് മണിക്കൂറും 29 മിനിറ്റും നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിലാണ് നിലവിലെ ഒന്നാം നമ്പർ താരം യാനിക് സിന്നറെ പരാജയപ്പെടുത്തിയത്. മൂന്ന് ചാമ്പ്യൻഷിപ്പ് പോയിന്റുകൾ പ്രതിരോധിച്ചായിരുന്നു അന്ന് അൽകാരസിന്റെ ഐതിഹാസിക വിജയം.
അൽകാരസിന്റെ പിന്മാറ്റം സിന്നർക്ക് 'കരിയർ സ്ലാം' പൂർത്തിയാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. 2024ൽ യുഎസ് ഓപണും രണ്ട് തവണ ഓസ്‌ട്രേലിയൻ ഓപണും കഴിഞ്ഞ വർഷം വിംബിൾഡണും സിന്നർ സ്വന്തമാക്കിയിട്ടുണ്ട്. മെയ് 24നാണ് ഫ്രഞ്ച് ഓപ്പൺ പ്രധാന മത്സരങ്ങൾ ആരംഭിക്കുന്നത്.









0 comments