print edition ലോക ചെസ് ചാന്പ്യൻഷിപ്പിന് ഇന്ന് തുടക്കം; കളം വാഴുമോ ഗുകേഷ്

PHOTO: Facebook/FIDE/Eric Rosen
ജനീവ: ലോക ചെസ് ചാന്പ്യൻഷിപ് കിരീടത്തിനായുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം.സ്വിറ്റ്‌സർലൻഡിലെ ജനീവയിലാണ് ചാന്പ്യൻഷിപ്. നിലവിലെ ചാന്പ്യൻ ഇന്ത്യയുടെ ഡി ഗുകേഷും ഉസ്‌ബെക്കിസ്ഥാന്റെ ജവോഖിർ സിൻഡോറവും തമ്മിലാണ് പോരാട്ടം. 14 ക്ലാസിക് ഗെയിമുകളിലെ ആദ്യ പോരാട്ടം ഇന്ത്യൻ സമയം ഇന്ന് രാത്രി 7.30ന് നടക്കും.
പതിനാലാം മത്സരം ഡിസംബർ 11ന് നടക്കും. ആദ്യം 7.5 പോയിന്റ് നേടുന്നയാൾ ചാന്പ്യനാകും. ഒരു വർഷം മുന്പ് 25–ാം റാങ്കിലുണ്ടായിരുന്ന സിൻഡറോവിന്റെ അസാമാന്യ കുതിപ്പാണ് ഇൗ വർഷം കണ്ടത്. ഉസ്‌ബെക്കുകാരൻ അതേ മികവ് തുടർന്നാൽ ഗുകേഷിന് കാര്യങ്ങൾ കഠിനമാകും. നിലവിൽ നാലാം റാങ്കുകാരനാണ് സിൻഡറോവ്. മറുവശത്ത് മൂന്നാം റാങ്കിലുണ്ടായിരുന്ന ഗുകേഷ് 26–ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നെതർലൻഡ്‌സിൽ നടന്ന ടാറ്റ സ്‌റ്റീൽ ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയാണ് സിൻഡറോവ് ഇൗ വർഷം ആരംഭിച്ചത്. ഗ്രാൻഡ് ചെസ് ടൂറിൽ തുടക്കത്തിൽ ഇന്ത്യൻ താരം ആർ പ്രഗ്‌നാനന്ദയോട് തോറ്റതിനുശേഷമുള്ള തിരിച്ചുവരവും ശ്രദ്ധേയമായി. ഏത് ദുഷ്‌കര ഘട്ടത്തിൽനിന്നും മുന്നേറാൻ കഴിയും ഇരുപതുകാരന്. ചെറിയൊരു പഴുത് കിട്ടിയാൽ കയറും. ലോക കിരീടത്തോടെ സമ്മർദത്തിലായ ഗുകേഷിന് ഇൗ പോര് പരീക്ഷണവേദിയാണ്. ആദ്യ മത്സരത്തിൽ കറുത്ത കരുക്കളുമായാണ് തമിഴ്‌നാട്ടുകാരൻ ഇറങ്ങുക.
‘ഇവിടെ എന്തെങ്കിലും നിലനിർത്താനല്ല ഞാൻ വന്നിരിക്കുന്നത്. വീണ്ടും ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ആ മനോനിലയിലാണ് ഞാൻ ഇപ്പാഴുള്ളത്– മത്സരത്തിനിറങ്ങുംമുന്പ് ഗുകേഷിന്റെ പ്രതികരണം ഇതായിരുന്നു. റഷ്യയുടെ മുൻ ലോക ചാന്പ്യൻ ഗാരി കാസ്‌പറോവ് ഗുകേഷിനാണ് ജയസാധ്യത പറയുന്നത്. മാഗ്‌നസ് കാൾസന്റെ പിന്തുണ സിൻഡറോവിനും.









0 comments