ഷാഫി പറമ്പിലിനെ തള്ളി മറിയാമ്മ ഉമ്മൻ; രാജ്മോഹൻ ഉണ്ണിത്താന് പിന്തുണ

മറിയാമ്മ ഉമ്മന്‍, ഷാഫി പറമ്പില്‍, രാജ്മോഹന്‍ ഉണ്ണിത്താന്
തിരുവനന്തപുരം: ഷാഫി പറമ്പിലിനെ തള്ളി രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് പിന്തുണയുമായി ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. ഉണ്ണിത്താനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു അവർ. ഉണ്ണിത്താൻ പറഞ്ഞത് ശരിയാണെന്നും 'എ' ഗ്രൂപ്പിൽ അന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും ഉണ്ടായിരുന്നില്ലെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.
ഷാഫി പറമ്പിലിനെ ഉമ്മൻചാണ്ടി ആത്മാർഥമായി സ്‌നേഹിച്ചിരുന്നു. തിരിച്ച് സ്നേഹിച്ചോ എന്ന് തനിക്ക് പറയാനാവില്ല. അതേസമയം രാജ്‌മോഹൻ ഉണ്ണിത്താൻ തീവ്രമായി ഉമ്മൻ ചാണ്ടിയെ പിന്തുണച്ചു. എന്നാൽ മറ്റ് പലരും ഓടിയൊളിച്ചുവെന്നും അവർ വിമർശിച്ചു. ഉമ്മൻ ചാണ്ടിയുടെ ഡയറിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ജെ എസ് അഖിലിന്റെ പേരുണ്ടായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരൻ ആണെന്ന് പറഞ്ഞാൽ അത് എട്ടാമത്തെ അത്ഭുതമായി കണക്കാക്കാൻ സാധിക്കുകയുള്ളൂ. അവസരങ്ങൾക്ക് വേണ്ടി പെട്ടി താങ്ങി നടക്കുന്നവരാണ് സൈബർ ആക്രമങ്ങൾക്ക് പിന്നിൽ. ഉമ്മൻചാണ്ടിക്ക് വേണ്ടി ഒരു സാഹചര്യത്തിലും നിലകൊള്ളാത്തവരാണ് ഇപ്പോൾ ഉമ്മൻചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്കൽ പഠിച്ച പാഠങ്ങളുമായി വരുന്നതെന്നും ഷാഫി പറമ്പിൽ എ ഗ്രൂപ്പിന്റെ ഭാഗമല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ വിമർശിച്ചിരുന്നു. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ചേർന്നാണ് തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്നും നാല് ഗർഭം ഉണ്ടാക്കി അടൂരിലെ വീട്ടിൽ ഇരിക്കുന്ന ആളാണ് ഇതിനെല്ലാം പിന്നിലെന്നും ഉണ്ണിത്താൻ പരസ്യവിമർശനം നടത്തി.







0 comments