Deshabhimani

വർഷകാലസമ്മേളനം പിരിച്ചുവിടാത്തത് മുൻപെങ്ങും ഇല്ലാത്ത നടപടി: എം എ ബേബി

MA BABY

എം എ ബേബി

വെബ് ഡെസ്ക്

Published on Nov 24, 2026, 06:54 PM | 2 min read

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം പിരിച്ചുവിടാതിരിക്കുന്നത് മുൻപെങ്ങും ഇല്ലാത്ത നടപടിയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ സമ്മേളനം അവസാനിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറക്കുക എന്നതാണ് സാധാരണ കീഴ്വഴക്കം. സർക്കാർ തീയതി നിശ്ചയിച്ച് രാഷ്ട്രപതിയെ അറിയിക്കുകയും, തുടർന്ന് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കുകയുമാണ് ചെയ്യുന്നത്. നിലവിൽ, സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിട്ട് നൂറിലധികം ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. സാധാരണഗതിയിൽ അടുത്ത ആഴ്ച ശൈത്യകാല സമ്മേളനം ആരംഭിക്കേണ്ടതാണ്, ഇതിനോടകം തന്നെ അതിനുള്ള വിജ്ഞാപനവും പുറത്തിറങ്ങേണ്ടതായിരുന്നു. എന്നിട്ടും ശൈത്യകാല സമ്മേളനം ഉണ്ടാകുമോ എന്ന കാര്യത്തിൽ പോലും രാജ്യത്തിന് യാതൊരു വ്യക്തതയുമില്ല. അസാധാരണമാംവിധം ഇത്രയും നീണ്ട കാലയളവിലേക്ക് സമ്മേളനം പിരിച്ചുവിടാതിരുന്ന സാഹചര്യത്തിൽ, ഒരു സർവകക്ഷി യോഗം വിളിച്ച് എല്ലാവരെയും വിശ്വാസത്തിലെടുക്കുക എന്നതായിരുന്നു ജനാധിപത്യപരമായ പ്രവർത്തനരീതിയെന്നും എം എ ബേബി എക്സിൽ പ്രതികരിച്ചു.


മൺസൂൺ സമ്മേളനം ഔദ്യോഗികമായി പിരിച്ചുവിടാതെ ഇപ്പോൾ സഭ വിളിച്ചുചേർത്താൽ, അത് മൺസൂൺ സമ്മേളനത്തിന്റെ തുടർച്ച മാത്രമായിരിക്കും. ചട്ടങ്ങൾ പ്രകാരം, സമ്മേളനം പിരിച്ചുവിട്ടിട്ടില്ലെങ്കിൽ സ്പീക്കർക്ക് മാത്രമേ സഭ വിളിച്ചുചേർക്കാൻ സാധിക്കൂ, അവിടെ രാഷ്ട്രപതിക്ക് യാതൊരു പങ്കുമുണ്ടായിരിക്കില്ല. ഇതിന്റെ ഫലമായി സ്പീക്കർക്ക് വളരെ കുറഞ്ഞ സമയത്തെ നോട്ടീസിൽ സഭ വിളിച്ചുചേർക്കാൻ കഴിയും; അതായത് എംപിമാർക്ക് ചോദ്യങ്ങൾ ഉന്നയിക്കാൻ സമയം ലഭിക്കില്ല എന്നർത്ഥം. സാധാരണയായി സഭ വിളിച്ചുകൊണ്ടുള്ള വിജ്ഞാപന തീയതിയും സമ്മേളനം തുടങ്ങുന്ന തീയതിയും തമ്മിൽ 15 ദിവസത്തെ നോട്ടീസ് കാലയളവ് ഉണ്ടാകാറുണ്ട്, ഇത് പാർലമെന്റ് അംഗങ്ങൾക്ക് ആവശ്യത്തിന് സമയം നൽകുന്നു. ഒരുപക്ഷേ പാർലമെന്റിൽ ചോദ്യോത്തര വേള ഉണ്ടാകരുതെന്നോ അല്ലെങ്കിൽ അത് പരമാവധി ഒഴിവാക്കണമെന്നോ ആയിരിക്കാം ബിജെപി സർക്കാർ ആഗ്രഹിക്കുന്നത്.


ഒരു ജനാധിപത്യത്തിൽ ഭരണകക്ഷിയെപ്പോലെ തന്നെ പ്രതിപക്ഷ പാർടികളും പാർലമെന്റിന്റെ ഭാഗമാണ്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും ബിജെപിയെ നിയന്ത്രിക്കുന്ന ആർഎസ്എസും ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല. ആരോഗ്യകരമായ ജനാധിപത്യ കീഴ്വഴക്കങ്ങൾ അവർക്ക് അന്യമാണ്. എന്നാൽ, ആത്യന്തികമായി ഈ രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യസ്ഥരാണെന്ന കാര്യം ബിജെപി മറക്കരുത്. എല്ലാ തെറ്റായ പ്രവൃത്തികൾക്കും ജനങ്ങൾ മറുപടി പറയിക്കുക തന്നെചെയ്യുമെന്നും എം എ ബേബി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home