പലയിടത്ത് നിന്നും വെട്ടിമാറ്റി; ചവിട്ടിത്തേച്ചു: ഷാഫിക്കും മാങ്കൂട്ടത്തിലിനുമെതിരെ ജെ എസ് അഖിൽ

ജെ എസ് അഖിൽ
തിരുവനന്തപുരം: ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂത്തിനുമെതിരെ കെപിസിസി അംഗം ജെ എസ് അഖിൽ. പലയിടത്തു നിന്നും വെട്ടിമാറ്റിയെന്നും ചവിട്ടിത്തേയ്ക്കുകയും ചെയ്ത് രാഷ്ട്രീയത്തിൽ നിന്നും പൂർണമായും തന്നെ തുടച്ചുനീക്കാനുള്ള ശ്രമമാണ് നടന്നുവന്നിരുന്നതെന്ന് അഖിൽ പറഞ്ഞു. അന്നുണ്ടായ അവഗണനയിൽ വിയോജിപ്പുണ്ടായിട്ടും മാറി നിന്നത് പാർടിയെ പ്രതിരോധത്തിലാക്കരുതെന്ന ചിന്തയിൽ മാത്രമായിരുന്നുവെന്നും അഖിൽ കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് അധ്യക്ഷനായി തന്റെ പേരായിരുന്നു ഉമ്മൻചാണ്ടി മുൻപോട്ടുവെച്ചതെന്നും അതുമായി ബന്ധപ്പെട്ടുള്ള കുറിപ്പ് കണ്ടിട്ടുണ്ടെന്നും ജെ എസ് അഖിൽ പറഞ്ഞു. ആ ആഗ്രഹം നടക്കാതെ പോയതിൽ ഉമ്മൻചാണ്ടിക്ക് വിഷമം ഉണ്ടായിരുന്നു. കെഎസ്‍യു-യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി പരിഗണിച്ചപ്പോൾ എല്ലാം, ആ സ്ഥാനങ്ങൾ ബോധപൂർവം ഇല്ലാതാക്കി. ഇന്ന് കുതികാൽ വെട്ടുന്നവർക്ക് പ്രാധാന്യം കൊടുക്കുന്ന രാഷ്ട്രീയ നേതാക്കന്മാരാണ് പാർടിയിലുള്ളത്. ഉമ്മൻ ചാണ്ടിയുടെ തീരുമാനത്തിന് വിരുദ്ധമായി യൂത്ത് കോൺഗ്രസ് അധ്യക്ഷനായി വന്ന ആളുടെ അവസ്ഥ എന്താണെന്ന് ഇപ്പോൾ എല്ലാവർക്കുമറിയാം. ചില ആളുകൾ തീരുമാനിക്കുന്ന കാര്യം മാത്രമേ നടക്കാവൂ എന്നത് ശരിയല്ലെന്നും അഖിൽ പറഞ്ഞു. ഇന്ന് രാവിലെ മുതൽ സൈബറാക്രമണം നേരിടുകയാണ്. പലരും ഫോൺ വിളിച്ചും തെറി പറയുന്നു. ഇത് ആരുടെ നേതൃത്വത്തിലാണെങ്കിലും ശരിയായ നടപടിയല്ലെന്നും അഖിൽ വ്യക്തമാക്കി.
അഖിലിന്റെ പേരാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഉമ്മൻചാണ്ടിയുടെ ഡയറി കുറിപ്പിൽ ഉണ്ടായിരുന്നതെന്ന് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും സ്ഥിരീകരിച്ചു.








0 comments