ad
Deshabhimani

ബോസ്റ്റൺ മാരത്തണിൽ കെനിയൻ ആധിപത്യം;കിരീടം നിലനിർത്തി ജോൺ കോറിറും ഷാരോൺ ലോകെഡിയും

BOOSTON MARATHON

Photo Credit: Getty Images

വെബ് ഡെസ്ക്

Published on Apr 21, 2026, 10:27 AM | 1 min read

ബോസ്റ്റൺ: ലോകപ്രശസ്തമായ ബോസ്റ്റൺ മാരത്തണിൽ കെനിയൻ താരങ്ങളുടെ അപ്രമാദിത്വം. പുരുഷ വിഭാഗത്തിൽ ജോൺ കോറിറും വനിതാ വിഭാഗത്തിൽ ഷാരോൺ ലോകെഡിയും തുടർച്ചയായ രണ്ടാം വർഷവും കിരീടം നിലനിർത്തി. രണ്ട് മണിക്കൂർ ഒരു മിനിറ്റ് 52 സെക്കൻഡ് എന്ന റെക്കോർഡ് സമയത്തിലാണ് ഇരുപത്തിയൊൻപതുകാരനായ ജോൺ കോറിർ ഫിനിഷ് ചെയ്തത്.


2011-ൽ കെനിയയുടെ തന്നെ ജഫ്രി മുതായ് സ്ഥാപിച്ച റെക്കോർഡാണ് കോറിർ ഇത്തവണ തിരുത്തിക്കുറിച്ചത്.മുതായ് സ്ഥാപിച്ച റെക്കോർഡിൽ നിന്ന് ഒരു മിനിറ്റ് 10 സെക്കൻഡ് കുറച്ചാണ് കോറിർ ഇത്തവണ ഫിനിഷ് ലൈൻ തൊട്ടത്. മാരത്തൺ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അഞ്ചാമത്തെ സമയമാണിത്.


കഴിഞ്ഞ വർഷത്തെ മത്സരത്തിൽ തുടക്കത്തിൽ വീണിട്ടും തിരിച്ചുവന്ന് കിരീടം നേടിയ കോറിറിന് ഇത്തവണ തുടക്കം മുതൽ വ്യക്തമായ ആധിപത്യം പുലർത്താൻ സാധിച്ചു. 2024-ലെ ഷിക്കാഗോ മാരത്തണിലും കഴിഞ്ഞ ഡിസംബറിലെ വലൻസിയ മാരത്തണിലും വിജയിച്ച കോറിറിന്റെ കരിയറിലെ മറ്റൊരു വലിയ നേട്ടമാണിത്.


വനിതാ വിഭാഗത്തിൽ ഷാരോൺ ലോകെഡി രണ്ട് മണിക്കൂർ 18 മിനിറ്റ് 51 സെക്കൻഡിൽ ഒന്നാമതെത്തി കിരീടം കാത്തു. കഴിഞ്ഞ വർഷം താൻ തന്നെ സ്ഥാപിച്ച കോഴ്‌സ് റെക്കോർഡ് തകർക്കാൻ ലോകെഡിക്ക് സാധിച്ചില്ലെങ്കിലും, രണ്ടാം സ്ഥാനത്തെത്തിയ സഹതാരം ലോയ്സ് ചെംനംഗിനേക്കാൾ 44 സെക്കൻഡ് മുൻപേ ലോകെഡി ഫിനിഷ് ലൈൻ കടന്നു. 2022-ലെ ന്യൂയോർക്ക് മാരത്തണിലും ലോകെഡി കിരീടം ചൂടിയിരുന്നു.


ഈ മത്സരത്തിലെ വിസ്മയകരമായ മറ്റൊരു പ്രകടനം ബ്രിട്ടന്റെ കാലി ഹോഗർ തക്കറിയുടേതായിരുന്നു. 22 ആഴ്ച ഗർഭിണിയായിരിക്കെ മാരത്തൺ പൂർത്തിയാക്കിയ മുപ്പത്തിമൂന്നുകാരിയായ തക്കറി രണ്ട് മണിക്കൂർ 43 മിനിറ്റ് 58 സെക്കൻഡിലാണ് ഓടിയെത്തിയത്. നാല് ആഴ്ച ഗർഭിണിയായിരിക്കെ ഹോണോലുലു മാരത്തണിലും പിന്നീട് ഹൂസ്റ്റൺ മാരത്തണിലും വിജയിച്ച തക്കറി തന്റെ കായികക്ഷമത കൊണ്ട് ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home