print edition അതുൽ ഇൗ സമയം കുറിക്കൂ...


ഡി കെ അഭിജിത്
Published on Oct 24, 2025, 02:30 AM | 1 min read
തിരുവനന്തപുരം
ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ ടി എം അതുൽ റെക്കോഡ് മായ്‌ച്ചപ്പോൾ ആദ്യമുയർന്ന കൈയടി രാംകുമാറിന്റേതായിരുന്നു. ഓട്ടം പൂർത്തിയായതും അതുലിന്റെ അരികിലേക്ക് ഓടിയെത്തി, കെട്ടിപ്പുണർന്നു. സമ്മാനം കൈമാറി. ജിവി രാജ സ്‌പോർട്‌സ് സ്‌കൂളിലെ സ്‌പ്രിന്ററായിരുന്ന രാംകുമാർ 1987ൽ കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തിലാണ് 10.90 സെക്കൻഡിൽ റെക്കോഡിട്ടത്. സ്‌കൂൾ അത്‌ലറ്റിക്‌സിലെ ഏറ്റവും ഗംഭീരമായ പ്രകടനത്തോടെയായിരുന്നു ആലപ്പുഴ ചാരമംഗലം ഗവ. ഡിവിഎച്ച്-എസ്എസിലെ പ്ലസ്‌വൺ വിദ്യാർഥിയായ അതുൽ ആ സമയം തിരുത്തിയത്. 10.81ൽ വേഗവര കടന്നു. ഹീറ്റ്‌സിൽ 10.79 ആയിരുന്നു സമയം.
ഓടിയെത്തിയപ്പോൾ തിരുത്തിയത് ആരുടെ റെക്കോഡാണെന്ന് അതുലിന് അറിയില്ലായിരുന്നു. രാംകുമാറിനെ കണ്ടതോടെ അമ്പരപ്പായി. പിന്നെ നിറഞ്ഞ സന്തോഷമായി. രാംകുമാർ ആശംസകൾ നേർന്ന് മടങ്ങി. ഭാവിതാരമാകാനുള്ള മിടുക്കുണ്ടെന്നാണ് വിലയിരുത്തൽ. പണ്ട് -ഓടിത്തെളിഞ്ഞ മൈതാനത്താണ് വീണ്ടുമെത്തിയത്. ഒരിക്കൽ ഇവിടെ ദേശീയ മീറ്റിൽ പൊന്നണിഞ്ഞിട്ടുണ്ട്. അതിനേക്കാൾ മനോഹര നിമിഷമായി രാംകുമാറിന്.
ചേർത്തല ചെത്തി കടപ്പുറത്ത് ഓടിത്തെളിഞ്ഞാണ് അതുൽ എത്തിയത്. ട്രാക്കിലേക്കുള്ള വരവ് എളുപ്പമായിരുന്നില്ല. സ്‌പ്രിന്റിൽ എത്തിയിട്ട് മൂന്ന് വർഷമാകുന്നതേയുള്ളൂ. സ്‌പോർട്‌സ് കൗൺസിൽ പരിശീലകൻ സാംജിയാണ് ആ പ്രതിഭയെ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ അച്ഛൻ ജയ്‌മോനും അമ്മ സിനിമോളും കൂടെനിന്നു. ഇത് റെക്കോഡാണെന്നും സാംജിനും ആദ്യമറിഞ്ഞില്ല. ടി എം തോമസ് ഐസക് മന്ത്രിയായിരുന്നപ്പോൾ കിഫ്‌ബിയിൽ ഉൾപ്പെടുത്തി മാരാരിക്കുളത്ത് കൊണ്ടുവന്ന കലവൂർ എൻ ഗോപിനാഥ് മെമ്മോറിയൽ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലായിരുന്നു കഴിഞ്ഞ മൂന്നുവർഷമായി പരിശീലനം. കോട്ടയം മുരുക്കുംവയൽ ഗവ. വിഎച്ച്‌എസ്‌എസിലെ സി ബിനു (11.00) വെള്ളിയും തൃശൂർ കുന്നംകുളം ബോയ്‌സ് ഗവ. വിഎച്ച്‌എസ്‌എസിലെ ജിയോ ഐസക്ക് (11.16) വെങ്കലവും നേടി.










0 comments