ഏഷ്യൻ പാരാ ഗെയിംസ്; ജൂഡോയിൽ കോകിലയ്ക്കും ഫ്രീസ്റ്റൈലിൽ രവി ബുഡിഗിനയ്ക്കും വെള്ളി

കോകില (ഇടത്) രവി ബുഡിഗിന (വലത്)| Photo: X
നഗോയ : ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് രണ്ട് വെള്ളി മെഡലുകൾ കൂടി. പുരുഷന്മാരുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ എസ്13 നീന്തലിൽ രവി കാർത്തിക് ബുഡിഗിനയും വനിതകളുടെ ജെ2 വിഭാഗം 52 കിലോഗ്രാം ജൂഡോയിൽ കൊകില കൗശിക്ലേറ്റെയും വെള്ളി നേടി. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം രണ്ട് സ്വർണം, മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ ആറായി.
100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ 56.68 സെക്കൻഡിൽ ഫിനിഷ് ചെയ്ത രവി വ്യക്തിഗത മികച്ച സമയവും കുറിച്ചു. ഉസ്ബെക്കിസ്ഥാന്റെ എഗോർ ബൊലോട്ടോവ് 52.90 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി. കസാഖിസ്ഥാന്റെ വിക്ടർ വോൾക്കോവ് 57.23 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ ജെ2 വിഭാഗം 52 കിലോഗ്രാം ജൂഡോ ഫൈനലിൽ പരാജയപ്പെട്ട കൊകില വെള്ളി മെഡൽ നേടി. കിർഗിസ്ഥാന്റെ ഐബികെ ഉലാൻബെക് കിസിയാണ് ഫൈനലിൽ കൊകിലയെ തോൽപ്പിച്ചത്. വെറും 21 സെക്കൻഡിനുള്ളിൽ ഇപ്പോൺ നേടിയാണ് കിർഗിസ്ഥാൻ താരം സ്വർണം ഉറപ്പിച്ചത്.
നിലവിലെ ലോക ചാമ്പ്യനായ ചൈനയുടെ ലിയു യിയെ സെമിഫൈനലിൽ തോൽപ്പിച്ചാണ് കോകില ഫൈനലിലെത്തിയത്. കഴിഞ്ഞ ഏഷ്യൻ പാരാ ഗെയിംസിൽ 48 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ കോകില ഇത്തവണ വെള്ളി നേടി മെഡൽനേട്ടം മെച്ചപ്പെടുത്തി.









0 comments