Deshabhimani

അറസ്റ്റിലായവര്‍ക്ക് പൊലീസിന്റെ നിര്‍ബന്ധിത സമാധാന ബോണ്ട്; ചോദ്യം ചെയ്ത് നേഹ ബോറ ഡൽഹി ഹൈക്കോടതിയിൽ

neha bora
വെബ് ഡെസ്ക്

Published on Oct 19, 2026, 05:00 PM | 1 min read

ന്യൂഡൽഹി:എസ്ഐആര്‍ വോട്ട് വെട്ടിപ്പിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ചവര്‍ക്ക് മേൽ ഡൽഹി പൊലീസിന്റെ "സമാധാന ബോണ്ട്" അടിച്ചേൽപ്പിക്കുന്നതിന് എതിരെ ഡൽഹി ഹൈക്കോടതിയിൽ ഹ‍ർജി. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് നേഹ ബോറയാണ് കോടതിയെ സമീപിച്ചത്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ഇതെന്ന് ഹര്‍ജിയിൽ ചൂണ്ടികാട്ടി. സമാധാനപരമായ പ്രതിഷേധത്തെ പോലും പൊലീസ് ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്.


ഒക്ടോബർ 16-ന് സംഘടിപ്പിച്ച 'ലേഖാ ദോ തിരംഗ' മാർച്ചിൽ പങ്കെടുക്കാൻ പോകവെയാണ് നേഹ ബോറയെ ഡൽഹി പൊലീസ് കരുതൽ തടങ്കലിലാക്കിയത്. ഒരു ദിവസത്തെ കസ്റ്റഡിക്ക് ശേഷം ഒക്ടോബർ 17-നാണ് അവരെ വിട്ടയച്ചത്. ഒക്ടോബർ 18-ന് ഡൽഹി പൊലീസ് ഭാരതീയ പൗരമസുരക്ഷാ സംഹിതയുടെ (BNSS) 126, 130 വകുപ്പുകളും 135(3) വകുപ്പും പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചു. ഒക്ടോബർ 17 തീയതി രേഖപ്പെടുത്തിയ ഈ നോട്ടീസ് പ്രകാരം, ഒക്ടോബർ 19-ന് ഉച്ചയ്ക്ക് 2 മണിക്ക് ന്യൂഡൽഹി ജില്ലാ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ചു. അന്വേഷണ കാലയളവിൽ സമാധാനം പാലിക്കുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ആൾജാമ്യവും ഉപാധി വെച്ചു. സമാനമായ രീതിയിൽ സിജെപി നേതാവ് അഭജീത് ദീപ്കെ ഉൾപ്പെടയുള്ളവരിൽ നിന്നും ബോണ്ട് ആവശ്യപ്പെട്ടിരുന്നു.


അഭിഭാഷകരായ അഭിക് ചിമ്മിനി, പ്രാഞ്ജൽ അബ്രോൾ, മോക്ഷ എന്നിവരടങ്ങുന്ന നിയമസംഘമാണ് നേഹ ബോറയ്ക്കായി വാദിക്കുന്നത്.


നോട്ടീസ് പ്രഥമദൃഷ്ട്യാ അവ്യക്തവും വസ്തുതാപരമായി തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങളുടെ നഗ്നമായ ലംഘനമാണ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഈ നോട്ടീസെന്നും ഹര്‍ജിയിൽ വ്യക്തമാക്കി.


ഡൽഹി പൊലീസ് ബി.എൻ.എസ്.എസ്. 163-ാം വകുപ്പ് (പഴയ സെക്ഷൻ 144) വ്യാപകമായി ദുരുപയോഗം ചെയ്തുവെന്ന് പരാതിയിൽ ബോധിപ്പിച്ചു.

പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനായി സർക്കാർ 40,000-ത്തിലധികം അർദ്ധസൈനികരെ വിന്യസിക്കുകയും മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടുകയും ഇന്റർനെറ്റ് കണക്റ്റിവിറ്റി വിച്ഛേദിക്കുകയും ചെയ്തുവെന്നും ചൂണ്ടികാട്ടി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home