അഭിമാനമായി ആൽഫിയ; ഏഷ്യൻ പാരാ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം

ആൽഫിയ ജെയിംസ് | Photo Credit: FB/Alphia James
നഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ വീൽചെയർ ബാഡ്മിന്‍റണിൽ ചരിത്രനേട്ടവുമായി മലയാളി താരം. മൂവാറ്റുപുഴ സ്വദേശി ആൽഫിയ ജെയിംസാണ് കർണാടക സ്വദേശി പല്ലവി കലുവെഹള്ളിക്കൊപ്പം വെങ്കല മെഡൽ നേടിയത്. വീൽചെയർ ബാഡ്മിന്റനിൽ ആദ്യമായാണ് ഇന്ത്യയ്ക്ക് മെഡൽ ലഭിക്കുന്നത്.
കരുത്തരായ ചൈനയുടെ ലി ജിയാക്വി - ലി ഹോങ്യാൻ സഖ്യത്തെ അട്ടിമറിച്ചാണ് ഇന്ത്യ അവസാന നാലിലേക്ക് മുന്നേറിയത്. സെമിഫൈനലിൽ ചൈനീസ് സഖ്യമായ സു ടിംഗ്ടിങ്, യാങ് ഫാൻ കൂട്ടുകെട്ടിനോട് പൊരുതി തോൽക്കുകയായിരുന്നു. സ്‌കോർ: 3-21, 9-21.
മൂവാറ്റുപുഴ പിറമാടം സ്വദേശിനിയായ ആൽഫിയ 17–ാം വയസ്സിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നാലാം നിലയിൽ നിന്നു താഴേക്ക് വീണാണ് അരയ്ക്ക് താഴെ തളർന്നത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മികച്ച ഒരു ബാസ്‌കറ്റ് ബോൾ താരമായിരുന്നു. തുടർന്ന് ദീർഘകാലത്തെ പരിശീലനത്തിന് ശേഷമാണ് ആൽഫിയ മടങ്ങിയെത്തിയത്. പവർ ലിഫ്റ്റിങിൽ ശ്രദ്ധ കേന്ദ്രീകരിച്ച താരം, വീൽചെയർ വിഭാഗത്തിലും ഓപ്പൺ വിഭാഗത്തിലും പവർലിഫ്റ്റിംഗിൽ മെഡലുകൾ സ്വന്തമാക്കി. പാരാലിംപിക്സ് അടക്കമുള്ള വലിയ വേദികളിൽ രാജ്യത്തിനായി കളത്തിലിറങ്ങണമെന്ന വലിയ ലക്ഷ്യത്തോടെയാണ് വീൽചെയർ ബാഡ്മിന്റണിലേക്ക് തിരിയുന്നത്. കഠിനാധ്വാനത്തിലൂടെ ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധിക്കപ്പെട്ടു.
വലിയ ലക്ഷ്യങ്ങളുമായി മുന്നോട്ടുപോകാൻ ഈ വിജയം ഊർജം പകരുന്നുണ്ടെന്ന് മത്സരശേഷം ആൽഫിയ പ്രതികരിച്ചു.









0 comments