ad
Deshabhimani

ഏഷ്യൻ ഗെയിംസ് ടേബിൾ ടെന്നീസ്: സിംഗപ്പൂരിനെ തകർത്ത് ഇന്ത്യൻ വനിതകൾ പ്രീ-ക്വാർട്ടറിൽ

tennis

ശ്രീജ അകുല (ഇടത്) യശസ്വിനി ഘോർപഡെ (വലത്)| Photo :Getty Images

വെബ് ഡെസ്ക്

Published on Sep 20, 2026, 04:08 PM | 1 min read

നഗോയ : ഏഷ്യൻ ഗെയിംസ് വനിതാ ടേബിൾ ടെന്നീസിൽ സിംഗപ്പൂരിനെതിരെ തകർത്ത് ഇന്ത്യൻ വനിതാ ടീം പ്രീ-ക്വാർട്ടറിൽ. ഗ്രൂപ്പ് ഘട്ടത്തിലെ കടുത്ത പോരാട്ടത്തിൽ 3-2 എന്ന സ്കോറിനാണ് ഇന്ത്യ സിംഗപ്പൂരിനെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് മത്സരങ്ങൾക്ക് പിന്നിലായിരുന്ന ശേഷമാണ് ഇന്ത്യ ആവേശകരമായ വിജയം പിടിച്ചെടുത്തത്.


ഈ വിജയത്തോടെ ഇന്ത്യൻ ടീം ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടർ ഘട്ടത്തിലേക്ക് (നോക്കൗട്ട്) നേരിട്ട് യോഗ്യത നേടി. യശസ്വിനി ഘോർപഡെയും ശ്രീജ അകുലയും ഇരട്ട വിജയങ്ങളുമായി തിളങ്ങി. ആദ്യ സിംഗിൾസിൽ ഇന്ത്യയുടെ യുവതാരം യശസ്വിനി ഘോർപഡെ സിംഗപ്പൂരിന്റെ ഒന്നാം നമ്പർ താരം ജിയാൻ സെങ്ങിനെ 3-1 ന് പരാജയപ്പെടുത്തി ഇന്ത്യക്ക് മികച്ച തുടക്കം നൽകിയിരുന്നു.


എന്നാൽ തൊട്ടടുത്ത മത്സരങ്ങളിൽ ഇന്ത്യയുടെ മുൻനിര താരം ശ്രീജ അകുല കൗമാര താരം മിങ് ലോയിയോടും (2-3), മൂന്നാം മത്സരത്തിൽ ദിയ ചിതാലെ ഷാവോ താനോടും (1-3) പരാജയപ്പെട്ടതോടെ സിംഗപ്പൂർ മത്സരത്തിൽ 2-1 ന് മുന്നിലെത്തി.തോൽവിയുടെ വക്കിൽ നിന്നാണ് ഇന്ത്യ പിന്നീട് അവിശ്വസനീയമായ പോരാട്ടവീര്യം പുറത്തെടുത്തത്.


നിർണായകമായ നാലാം മത്സരത്തിൽ വീണ്ടും കോർട്ടിലിറങ്ങിയ ശ്രീജ അകുല, ജിയാൻ സെങ്ങിനെ 3-1 (6-11, 11-3, 11-7, 11-4) എന്ന സ്കോറിന് തകർത്തുവിട്ട് ഇന്ത്യയെ 2-2 എന്ന നിലയിൽ സമനിലയിലെത്തിച്ചു. വിജയികളെ നിർണയിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ യശസ്വിനി ഘോർപഡെയും മിങ് ലോയിയും തമ്മിലായിരുന്നു പോരാട്ടം.


അഞ്ച് ഗെയിമുകൾ നീണ്ട കടുത്ത സമ്മർദ്ദത്തിനൊടുവിൽ 3-2 (5-11, 11-8, 12-10, 4-11, 11-9) എന്ന സ്കോറിന് മിങ് ലോയിയെ വീഴ്ത്തി യശസ്വിനി ഇന്ത്യക്ക് സ്വപ്നതുല്യമായ വിജയം സമ്മാനിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഇന്തോനേഷ്യയെ 3-0 ന് തോൽപ്പിച്ച ഇന്ത്യൻ വനിതകൾക്ക് ഗ്രൂപ്പ് ഘട്ടത്തിലെ തുടർച്ചയായ രണ്ടാം വിജയമാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home