ad
Deshabhimani

പരീക്ഷാ വീഴ്ചയിൽ‌ നിന്നും മോഹനൻ കുന്നുമ്മലിന് ഒഴിഞ്ഞുമാറാനാകില്ല, പ്രതിസന്ധിയിലാക്കിയത് കുട്ടികളുടെ ഭാവി

Kerala university
വെബ് ഡെസ്ക്

Published on Sep 20, 2026, 04:22 PM | 1 min read

തിരുവനന്തപുരം: കേരള സർവകലാശാലയിലെ പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ഉണ്ടായ ഗുരുതര വീഴ്ചകളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടി വൈസ് ചാൻസലർ. വിദ്യാർഥികളുടെ ഭാവിയെ പ്രതിസന്ധിയിലാക്കുന്ന ​ഗൗരവകരമായ പ്രശ്നത്തിൽ കെ-റീപ്പ് പോർട്ടലിനെയും മുൻസർക്കാരിനെയും കുറ്റപ്പെടുത്തുന്ന നിരുത്തരവാദപരമായ നിലപാടാണ്‌ വിസി മോഹനൻ കുന്നുമ്മൽ സ്വീകരിച്ചത്.


നാലുവർഷ ബിരുദത്തിന്റെ വിവിധ സെമസ്റ്റർ പരീക്ഷാഫലങ്ങളിൽ വ്യാപക ക്രമക്കേടുകളും പിഴവുകളും കണ്ടെത്തിയിട്ടും സമയബന്ധിതമായി പരിഹാരം കാണുന്നതിൽ വീഴ്ച സംഭവിച്ചതാണ് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയത്. പരീക്ഷയിൽ വിജയിച്ച വിദ്യാർഥികൾ പരാജയപ്പെട്ടതായി മാർക്ക് ലിസ്റ്റിൽ രേഖപ്പെടുത്തിയതും ചിലർക്ക് പൂജ്യം മാർക്ക് ലഭിച്ചതുമാണ് നിലവിലെ പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നത്. ഗ്രേഡ് രേഖപ്പെടുത്തുന്നതിലും സപ്ലിമെന്ററി പരീക്ഷയെഴുതിയവരുടെ മുൻ മാർക്കുകൾ ഉൾപ്പെടുത്തുന്നതിലും പിഴവുകൾ സംഭവിച്ചിട്ടുണ്ട്. നാലുവർഷ ബിരുദക്കാർ അഞ്ചാം സെമസ്റ്ററിലേക്ക്‌ കടക്കുമ്പോൾ ഇതുവരെയുള്ള പരീക്ഷാഫലവും മാർക്ക്‌ ലിസ്‌റ്റും കിട്ടാത്ത സ്ഥിതിയാണ്‌. കെ-റീപ് പോർട്ടലിൽനിന്നോ ഡിജിലോക്കറിൽനിന്നോ ഡ‍ൗൺലോഡ്‌ ചെയ്തെടുക്കാം എന്നായിരുന്നു അറിയിപ്പ്‌.


ഇതിനിടെ പരീക്ഷാ കൺട്രോളറെ മാറ്റിയ സർക്കാർ നടപടിയും പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിർണായകമായി. കാലാവധി ബാക്കിനിൽക്കെയാണ് പരീക്ഷാ കൺട്രോളറെ മാറ്റിയത്. പകരം വന്ന ഉദ്യോഗസ്ഥന് താൽക്കാലിക ചുമതല നൽകിയതോടെ പരീക്ഷാ നടത്തിപ്പിന്റെ തുടർച്ചയും ഭരണപരമായ ഏകോപനവും ചോദ്യം ചെയ്യപ്പെട്ടു. ഒന്നരവർഷംകൂടി കാലാവധി ഉള്ള പരീക്ഷാ കൺട്രോളറെ പക്ഷപാതപരമായി മാറ്റുകയായിരുന്നു.


വിസിയും യുഡിഎഫ് സിൻഡിക്കറ്റ്‌ അംഗങ്ങളും ചേർന്ന്‌ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി പരീക്ഷ കൺട്രോളറെ ഒഴിവാക്കിയെന്നത് വ്യക്തമാണ്. കോളേജുതലത്തിൽ തെറ്റുകൾ തിരുത്തേണ്ട ഉത്തരവാദിത്വം അധ്യാപകരുടെ തലയിലിട്ട് രക്ഷപ്പെടാനുള്ള ശ്രമമാണ് വിസി നടത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home