ad
Deshabhimani

കോൺഗ്രസ്‌ സർക്കാരുകൾ കൊണ്ടുവന്ന വിനാശറിപ്പോർട്ടുകൾ; വിട്ടുകൊടുക്കരുത്‌ ജനവാസമേഖലകളെ

Western Ghats
വെബ് ഡെസ്ക്

Published on Sep 20, 2026, 04:15 PM | 2 min read

ഇടുക്കി: പരിസ്ഥിതിലോല പ്രദേശങ്ങളുടെ മറവിൽ കർഷകരുടെ വീടും സ്ഥലവും കൈയ്യടക്കാനുള്ള വനംവകുപ്പ്‌ നീക്കങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭമുയരുന്നു. അടുത്തിടെ ചുരുളിപതാലിലും തങ്കമണി പാണ്ടിപ്പാറയിലുമൊക്കെ കൃഷിയിടങ്ങളിൽ വനംവകുപ്പ്‌ കടന്നുകയറുകയായിരുന്നു. അറുപതിറ്റാണ്ടത്തെ കുടിയേറ്റ ജീവിതത്തെ ഇല്ലാതാക്കാനാണ്‌ കാലകാലങ്ങളായുള്ള യുഡിഎഫ്‌ സർക്കാരുകൾ ശ്രമിക്കുന്നത്‌. ചുരുളി പട്ടയമുള്ള സ്ഥലങ്ങളിൽ അവകാശംസ്ഥാപിക്കാനാണ്‌ വനം വകുപ്പ്‌ശ്രമിച്ചത്‌.

കാട്ടാനആക്രമണത്തിൽ വീടും കൃഷിയും നഷ്ടമായി ദുരിതത്തിലായവർക്ക്‌ അർഹമായ സഹായവും നൽകിയില്ല. പാണ്ടിപ്പാറയിൽ കർഷകൻനട്ടുവളർത്തിയ പ്ലാവും മാവും വെട്ടിയപ്പോൾ സത അടിച്ച വനപാലകരുടെ നടപടിയിലും വൻകർഷകപ്രതിരോധമാണുയർന്നത്‌. ഗത്യന്തരമില്ലാതെ വനം മന്ത്രി ഷിബു ബേബിജോൺ ഇടപെടുകയായിരുന്നു.


വനവിസ്‌തൃതി കൂട്ടാൻ നീക്കം


മനുഷ്യ– വന്യജീവിസംഘർഷങ്ങൾ സൃഷ്ടിക്കാനും ബോധപൂർവമായ വനവിസ്‌തൃതികൂട്ടാനുള്ള നീക്കമാണ്‌ നടത്തിവരുന്നത്‌.എകെജിയുടെ സമരാവേശം ഏറ്റുവാങ്ങിയ കുമളി അമരാവതിയിലും ചുരുളിയിലുമൊക്കെ വീണ്ടും പ്രതിഷേധങ്ങൾ ജ്വലിക്കുകയാണ്‌. കോൺഗ്രസ്‌ ഭരണത്തിൽ കൊണ്ടുവന്ന ഗാഡ്‌ഗിൽ – കസ്‌തൂരിരംഗൻ റിപ്പോർട്ട്‌ ഇടുക്കിയിലെ ജനങ്ങളെ ദുരിതത്തിലാക്കി. ഇവിടെ ​ഇനിയൊരു കുടിയിറക്കം സാധ്യമല്ല, കുടിയൊഴിപ്പിക്കാനുള്ള ഭരണനീക്കം അനുവദിക്കുകയുമില്ലെന്ന കർഷക പ്രഖ്യാപമാണ്‌ കഴിഞ്ഞനാളുകളിലുണ്ടായത്‌. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പതിമൂന്ന് വർഷത്തിനുശേഷം മലയോര ജനത വീണ്ടും സമരമുഖത്തേക്ക്. നീരാളി പോലെ വീണ്ടും കുടിയേറ്റ ജനതയെ വരിഞ്ഞുമുറുക്കുന്നതിനെതിരെ ശക്തമായ പ്രതിരോധമാണ്‌ സിപിഐ എമ്മും കർഷകസംഘവും ഉയർത്തിയത്‌.

ഇടുക്കി ജനതയുടെ സ്വൈര ജീവിതത്തെ ബാധിക്കുന്ന കരട് വിജ്ഞാപനം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പതിനായിരകണക്കിനാളുകൾ പങ്കെടുത്ത നെടുങ്കണ്ടം പോസ്റ്റ്‌ ഓഫീസിലേക്ക്‌ സംഘടിപ്പിച്ച ധർണ മലയോരജനതയുടെ പേരാട്ടങ്ങൾക്ക്‌ വീണ്ടും തുടക്കം കുറിച്ചത്‌. അഖിലേന്ത്യ കിസാൻസഭ കേന്ദ്രകമ്മിറ്റിയംഗം എം എം മണി യാണ്‌ അന്ന്‌ സമരം ഉദ്‌ഘാടനം ചെയ്‌തത്‌. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌, കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്‌റ്റ്യൻ ഉൾപ്പെടെയുള്ള നേതാക്കൾ സമരത്തിൽ അണിനിരന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ 2013 നവംബര്‍ 13ലെ കരട് വിജ്ഞാപനം പിന്‍വലിക്കുക, അശാസ്ത്രീയമായി തയാറാക്കിയ ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ട് തള്ളുക, കൃഷി–-ജനവാസ തോട്ടം മേഖലകളെ ഒഴിവാക്കി ഇഎസ്എ വിസ്തൃതി 1939.17 ചതുരശ്ര കിലോമീറ്ററായിക്കുറച്ച് കഡസ്ട്രല്‍ മാപ്പ് ഉൾപ്പെടെ ഒന്നാം പിണറായി സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുക, ഭൂവിഷയങ്ങളില്‍ യുഡിഎഫ് എംപിമാരുടെ നിസംഗത അവസാനിപ്പിക്കുക, വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും വനം വകുപ്പിന്റെയും നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരങ്ങൾ ജില്ലയിലുടനീളം തുടരുകയാണ്‌. കർഷകസംഘം നേതൃത്വത്തിൽ ഒരുലക്ഷം ഇമെയിലുകൾ അയച്ചും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം അറി്യിച്ചു. ജില്ലയിലെ 52 പഞ്ചായത്തുകൾ പ്രത്യേകഗ്രാമസഭകൾ ചേർന്നിട്ടും റവന്യു മന്ത്രി എ പി അനിൽകുമാറിന്‌ കാര്യങ്ങൾ ബോധ്യപ്പെട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home