ഏഷ്യൻ ഗെയിംസിൽ ഗോൾവേട്ട; വനിതാ ഹോക്കിയിൽ ഇന്തോനേഷ്യയെ തകർത്ത് ഇന്ത്യ

നഗോയ : ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ പൂൾ ബിയിലെ രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യക്ക് ജയം. ഇന്തോനേഷ്യയെ ഒന്നിനെതിരെ 17 ഗോളുകൾക്ക് തകർത്താണ് ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ഉസ്ബക്കിസ്ഥാനെ 19-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം മത്സരത്തിലെത്തിയത്.
എട്ടാം മിനിറ്റിൽ ദീപികയാണ് ഇന്ത്യയുടെ ഗോൾവേട്ട ആരംഭിച്ചത്. ആദ്യ മത്സരത്തിൽ ഉസ്‌ബക്കിസ്ഥാനെതിരെ എട്ട് ഗോളാണ് ദീപിക നേടിയത്. ഇന്തോനേഷ്യക്കെതിരെ രണ്ട് ഗോളുകളും സ്വന്തമാക്കി. ഇന്ത്യക്കായി നവനീത് ഹാട്രിക് നേടിയപ്പോൾ ലാൽറെംസിയാമി, ഋതുജ, സുനേലിത, സാക്ഷി റാണ എന്നിവർ ഇരട്ട ഗോളുകൾ നേടി. സലിമ ടെറ്റെ, ഇഷിക എന്നിവരും ഇന്ത്യക്കായി ഗോളടിച്ചു.
ആദ്യ ക്വാർട്ടറിൽ 4-0ന് ഇന്ത്യ മുന്നിലായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ 9-0ന് ഇന്ത്യ തന്നെയായിരുന്നു മുന്നിൽ. മൂന്നാം ക്വാർട്ടറിന്റെ തുടക്കത്തിൽ ഇന്തോനേഷ്യ ഒരു ഗോൾ നേടിയെങ്കിലും ഇന്ത്യ ആധിപത്യം തുടർന്നു. പിന്നീട് ഗോളുകൾ അടിച്ചുകൂട്ടി ഇന്ത്യ 17-1 എന്ന വമ്പൻ സ്കോറിലെത്തി.









0 comments