ad
Deshabhimani

print edition 100 കടക്കാൻ ഇന്ത്യ; ഏഷ്യൻ ഗെയിംസിന് ഇന്ന് തുടക്കം

asian games
വെബ് ഡെസ്ക്

Published on Sep 19, 2026, 01:00 AM | 2 min read

നഗോയ : ഏഷ്യൻ ഗെയിംസിന്റെ 75 വർഷത്തെ ചരിത്രത്തിൽ ഏറ്റവും മികച്ച നേട്ടമായിരുന്നു കഴിഞ്ഞതവണ ഹാങ്‌ഷുവിൽ ഇന്ത്യ സ്വന്തമാക്കിയത്‌. 28 സ്വർണം ഉൾപ്പെടെ 107 മെഡലുകൾ. ഹാങ്‌ഷുവിൽനിന്ന്‌ നഗോയയിൽ എത്തുമ്പോൾ ഇ‍ൗ കണക്കിനും മുകളിലാണ്‌ പ്രതീക്ഷകൾ. ജപ്പാനിലെ പ്രതികൂല കാലാവസ്ഥയും താമസം ഉൾപ്പെടെയുള്ള അടിസ്ഥാന കാര്യങ്ങളിൽ നേരിട്ട പ്രതിസന്ധികളും പ്രകടനത്തെ ബാധിക്കില്ലെന്നാണ്‌ കരുതുന്നത്‌. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനായി 702 കോടി രൂപ ചെലവഴിച്ചുവെന്നാണ്‌ കായിക മന്ത്രാലയത്തിന്റെ കണക്കുകൾ.


നഗോയയിൽ 499 കായിക താരങ്ങളാണ്‌ ഇന്ത്യക്കായി ഇറങ്ങുന്നത്‌. ആദ്യം പ്രഖ്യാപിച്ച 503 അംഗ പട്ടികയിൽനിന്ന്‌ നാല്‌ പേർ കുറഞ്ഞു. 267 പുരുഷന്മാരും 232 വനിതകളുമാണ്‌ ടീമിൽ. 36 കായിക ഇനങ്ങളിൽ മത്സരിക്കും. ഹാങ്‌ഷുവിൽ 661 പേരായിരുന്നു കളത്തിൽ. 35 ഇനങ്ങളിൽ ഇറങ്ങി. ഇക്കുറി അത്‌ലറ്റിക്‌സിലാണ്‌ ജംബോ സംഘം. 74 പേർ. ഹോക്കി (40), ക്രിക്കറ്റ്‌ (30), കബഡി (24), ഷൂട്ടിങ്‌ (30) എന്നിങ്ങനെയാണ്‌ മറ്റ്‌ ഇനങ്ങളിലെ പ്രാതിനിധ്യം.


അത്‌ലറ്റിക്‌സിലാണ്‌ കൂടുതൽ മെഡൽ പ്രതീക്ഷിക്കുന്നത്‌. ഷൂട്ടിങ്‌, ഗുസ്‌തി, ബോക്‌സിങ്‌, അന്പെയ്‌ത്ത്‌ എന്നീ വ്യക്തിഗത ഇനങ്ങളിലും നേട്ടമുണ്ടായേക്കും. ഹാങ്‌ഷുവിൽ ഷൂട്ടിങ്ങിൽ ഏഴ്‌ സ്വർണം ഉൾപ്പെടെ 22 മെഡലുകൾ വന്നു. അത്‌ലറ്റിക്‌സിൽ ആറ്‌ സ്വർണം ഉൾപ്പെടെ 29. അന്പെയ്‌ത്തിൽ അഞ്ച്‌ സ്വർണംകിട്ടി.


ടീം ഇനങ്ങളിൽ ക്രിക്കറ്റിൽ ഇരുവിഭാഗത്തിലും സ്വർണം നിലനിർത്താൻ കഴിഞ്ഞേക്കും. ഹോക്കിയിലും സാധ്യതയുണ്ട്‌. പ്രത്യേകിച്ച്‌ വനിതാ ഹോക്കി ടീം സമീപകാലത്ത്‌ ശ്രദ്ധേയപ്രകടനങ്ങളാണ്‌ പുറത്തെടുത്തത്‌. ഷൂട്ടിങ്ങിൽ ഇക്കുറി കരുത്തുറ്റ നിരയാണ്‌. അത്‌ലറ്റിക്‌സിൽ ദീർഘദൂര ഇനങ്ങളിൽ ഇരട്ട മെഡൽ നേടിയ പാരുൾ ച‍ൗധരി നേട്ടമാവർത്തിക്കാനുള്ള ഒരുക്കത്തിലാണ്‌. 5000, 10000, 3000 മീറ്റർ സ്‌റ്റീപ്പിൾചേസ്‌ എന്നിവയിലാണ്‌ ഇറങ്ങുക. പുരുഷ സ്‌റ്റീപ്പിൾചേസിൽ അവിനാഷ്‌ സാബ്‌ലെയും സ്വർണം നിലനിർത്തിയേക്കും. ലോങ്‌ ജന്പിൽ മലയാളി താരങ്ങളായ ആൻസി സോജനും എം ശ്രീശങ്കറും സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ്‌. നീരജ്‌ ചോപ്രയുടെ അഭാവം ജാവലിൻ ത്രോയിൽ ഉറപ്പായ മെഡൽ ഇല്ലാതാക്കി.


ബോക്‌സിങ്ങിൽ കോമൺവെൽത്ത്‌ ഗെയിംസിലെ ആധിപത്യം നേടാനാകില്ലെങ്കിലും ഏഷ്യൻ ഗെയിംസ്‌ ചരിത്രത്തിലെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ്‌ പ്രതീക്ഷ. ബാഡ്‌മിന്റണിൽ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ ടീമുകളുടെ വെല്ലുവിളിയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home