ഏഷ്യൻ ഗെയിംസ്: ഷോട്ട്പുട്ടിൽ മൻപ്രീത് കൗറിന് വെങ്കലം

മൻപ്രീത് കൗർ | Photo: PTI
ഐചി : ഏഷ്യൻ ഗെയിംസിലെ വനിതകളുടെ ഷോട്ട്പുട്ടിൽ ഇന്ത്യയുടെ മൻപ്രീത് കൗറിന് വെങ്കലം. 17.17 മീറ്റർ ദൂരത്തേക്കുള്ള നാലാം ശ്രമമാണ് മൻപ്രീതിന് മെഡൽ ഉറപ്പാക്കിയത്. മലയാളി താരം കൃഷ്ണ ജയശങ്കർ മേനോൻ 16.57 മീറ്റർ ദൂരവുമായി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ആദ്യ ശ്രമത്തിൽ 16.32 മീറ്ററും രണ്ടാം ശ്രമത്തിൽ 16.41 മീറ്ററും മൂന്നാം ശ്രമത്തിൽ 16.80 മീറ്ററും കണ്ടെത്തിയ മൻപ്രീത് നാലാം ശ്രമത്തിലാണ് 17 മീറ്റർ മറികടന്നത്. അഞ്ചാം ശ്രമത്തിൽ 16.75 മീറ്റർ കണ്ടെത്തിയ താരത്തിന്റെ അവസാന ശ്രമം ഫൗളായി.
36കാരിയായ മൻപ്രീത് കൗറിന്റെ ഏഷ്യൻ ഗെയിംസിലെ ആദ്യ മെഡലാണിത്. 2023ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി വെങ്കലം നേടിയിട്ടുള്ള താരമാണ് മൻപ്രീത്.
ആദ്യ നാല് ശ്രമങ്ങളിൽ യഥാക്രമം 16.57, 16.51, 15.94, 16.16 മീറ്റർ ദൂരമാണ് കൃഷ്ണ കണ്ടെത്തിയത്. മൻപ്രീതിന്റെ വെങ്കലത്തോടെ ഇന്നത്തെ അത്‌ലറ്റിക്സ് മത്സരങ്ങളിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടമായി.









0 comments