എംകെഎസ് ജന്മശതാബ്ദി വർഷം (1926- 2026)
എം കെ സുകുമാരൻ; ഇരമ്പുന്ന ചരിത്രത്തിലെ ചുവന്ന പൂവ്

കുര്യൻ കെ തോമസ്
Published on Sep 25, 2026, 04:45 PM | 4 min read
ജ്വലിക്കുന്ന സമരജീവിതത്തിന്റെ ഉടമയായ സഖാവ് എംകെഎസ് എന്ന ചെങ്ങളക്കാട്ട് മുത്തുവേലിൽ കുഞ്ചൻ സുകുമാരനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് ലേഖകൻ
ചെങ്ങളക്കാട്ട് മുത്തുവേലിൽ കുഞ്ചൻ സുകുമാരൻ എന്ന സഖാവ് എംകെഎസ്. സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗവും പുതുപ്പള്ളി ഏരിയ സെക്രട്ടറിയും. കർഷക സംഘത്തിന്റെയും കർഷക തൊഴിലാളി യൂണിയന്റെയും അനിഷേധ്യ നേതാവ്. ജീവിത സാഹചര്യങ്ങൾ വിദ്യാഭ്യാസത്തിനു വിലക്കുതീർത്ത ജീവിതത്തിൽ സ്വപരിശ്രമത്താൽ കഠിനാധ്വാനത്തിലൂടെ കടന്നുചെന്നതായിരുന്നു സഖാവിന്റെ അറിവുകളുടെയും ആശയങ്ങൾ വ്യക്തതയോടെ പകരാനുള്ള പ്രസംഗ മികവിന്റെയും പുതിയ ലോകങ്ങൾ.
ഭാര്യ സിപിഐ എം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന മാങ്ങാനം പാലയ്ക്കൽ ലീലാമ്മ സുകുമാരൻ. കമലാക്ഷി, സരോജിനി (മീനടം സ്കൂൾ അധ്യാപിക) ഇവർക്കിടയിലെ ഏക സഹോദരനായിരുന്നു സഖാവ് എംകെഎസ്. മക്കൾ പാർട്ടി ഏരിയ കമ്മിറ്റി അംഗമായിരുന്ന അഡ്വ സി എസ് അജയൻ, ഷൈലമ്മ ലാലു (ശ്രുതി, കൈതേപ്പാലം), സി എസ് സുധൻ (പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം), ലൈലജ സതീഷ് (സീനിയർ നഴ്സിംഗ് ഓഫീസർ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ന്യൂ ഡൽഹി).
സഖാവ് എംകെഎസ് എന്ന സുകുമാരൻ ചേട്ടനും കുടുംബവും ബാല്യ, യൗവനകാലത്തിന്റെ പ്രിയപ്പെട്ട ഓർമകളാണ്. എംകെഎസ് എന്നതു കഞ്ഞിപ്പശമുക്കി ഇസ്തിരിയിട്ട വെള്ള മുഴുക്കയ്യൻ ഷർട്ടിലെയും മുണ്ടിലെയും കറുത്ത മനുഷ്യന്റെ പരുക്കൻ ശബ്ദത്തിലെ നിലയ്ക്കാത്ത ഫലിതങ്ങളാണ്. ചേർത്തുനിർത്തുന്ന കുശലങ്ങളാണ്... സ്നേഹമാണ്. ദീർഘചതുര ഫ്രേയിമുള്ള കണ്ണടവെച്ച പ്രകാശമുള്ള വലിയകണ്ണുകളെ തെളിക്കുന്ന ക്ലീൻഷേവ് മുഖം. ഇടതൂർന്നപുരികത്തിനു മുകളിൽ റ പോലെ വളർന്നു കയറിയ കഷണ്ടി തീർത്ത വിശാലമായ നെറ്റി. അർഹിക്കുന്നതിലേറെ സ്നേഹക്കരുതൽ സുകുമാരൻ ചേട്ടൻ എനിക്കുതന്നു. പുതുപ്പള്ളി സ്കൂളിലെ മുതിർന്ന അധ്യാപിക ഏലിയാമ്മ ടീച്ചറിന്റെ മകൻ, പണിയെടുക്കുന്നവന്റെ രാഷ്ട്രീയത്തോട് വൈകാരികമായി ചേർന്നുനടന്ന വായിക്കുന്ന ചെറുപ്പക്കാരൻ... ഇത്തരം പരിഗണനകളാവാം അതിനുപിന്നിൽ.
1973-78 കാലഘട്ടത്തിൽ പുതുപ്പള്ളി സെന്റ് ജോർജ് ഗവ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥിയായിരുന്ന മൂത്തമകൻ അഡ്വ സി എസ് അജയൻ സ്കൂളിന്റെ ശതാബ്‌ദി സ്മരണികയിൽ എഴുതി, "ഞാൻ ഏലിയാമ്മ ടീച്ചറിന്റെ അയൽവാസി. ടീച്ചറുടെ വീട്ടിൽനിന്നും എന്റെ വീട്ടിലേക്ക് ഒരു ഫർലോങ്ങോളം ദൂരമേ ഉള്ളൂ. ടീച്ചറിൻ്റെ വീട്ടിൽവെച്ചാണ് ടീച്ചറിന്റെ ഇളയ മകൻ ഞങ്ങൾ രാജു എന്നും 'കോട്ടയത്തുകാർ വാത്മീകി എന്നും വിളിക്കുന്ന രാജു കുര്യൻ തോമസ് മനോഹരങ്ങളായ ബൗണ്ട് വോളിയങ്ങളായി സൂക്ഷിച്ചിരുന്ന പല വർഷങ്ങളിലെ ഭാഷാപോഷിണി, കലാകൗമുദി, മാതൃഭൂമി വാരികകൾ ഞാൻ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അദ്ദേഹം പിന്നീട് ലൈബ്രറി സയൻസ് തെരഞ്ഞെടുത്തത് യാദൃച്ഛികമായിരിക്കാൻ ഇടയില്ല..." (പുറം 99).
പുതുപ്പള്ളിയുടെ രാഷ്ട്രീയചരിത്രത്തിലെ അതിനിർണായകമായ പുതുപ്പള്ളി കൊലക്കേസിൽ പത്താം പ്രതിയായിരുന്നു എം കെ സുകുമാരൻ. കൂലിവർധനയ്ക്കും എട്ടുമണിക്കൂർ ജോലിക്കുമായ എംകെഎസ്സിന്റെ നേതൃത്വത്തിൽ കർഷകതൊഴിലാളികൾ നടത്തിയ സമരത്തിന് ഫ്യൂഡൽ ഭൂഉടമകളും രാഷ്ട്രീയ എതിരാളികളും അഴിച്ചുവിട്ട കടന്നാക്രമണത്തിനെതിരായ ചെറുത്തുനിൽപ്പായിരുന്നു 1970 സെപ്തംബറിൽ പുതുപ്പള്ളി കൊലപാതകത്തിൽ കലാശിച്ചത്. രാവിലെ എട്ടാം ക്ലാസ്സിലെ ഓണപ്പരീക്ഷയും കഴിഞ്ഞായിരുന്നു പൊരിവെയിലത്ത് എരമെല്ലൂർ ചിറയിൽ വഴിയരികിൽ കിടന്ന മൃതശരീരം കാണാൻ പോയത്.
കേസിൽ ഒന്നാംപ്രതി ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരൻ തോട്ടയ്ക്കാട് ജോസഫ് എന്ന കുഞ്ഞൂഞ്ഞ്. അച്ചൻകാലാ വാസു, ദാമോദരൻ പുളിക്കപ്പറമ്പിൽ, വി കെ കുമാരൻ വടക്കേടത്ത് (സെൻട്രൽ ഹോട്ടലിലെ കൊച്ച്), കൊക്കുറ കെ കെ സ്കറിയ, ബേബി അങ്ങാടി, ചെല്ലപ്പൻ അങ്ങാടി, വലിയവീട്ടിൽ പോത്തൻ, ഇഞ്ചക്കാട്ട് ഭാസ്കരൻ എന്നിവരായിരുന്നു മറ്റു പ്രതികൾ. സെഷൻസ് കോടതി ആദ്യ അഞ്ചുപ്രതികൾക്ക് ജീവപര്യന്തം തടവ് വിധിക്കുകയും ബാക്കി അഞ്ചുപേരെ വെറുതേവിടുകയും ചെയ്തു. എന്നാൽ ഹൈക്കോടതി ആദ്യ അഞ്ചു പ്രതികൾക്ക് വധശിക്ഷയും ശേഷിച്ച അഞ്ചുപേർക്കു ജീവപര്യന്തം തടവും വിധിച്ചു. എന്നാൽ സുപ്രീം കോടതി ഒന്നുമുതൽ അഞ്ചുവരെ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കുകയും മറ്റുള്ളവരെ വെറുതെവിടുകയും ചെയ്തു. 1980 ലെ നായനാർ സർക്കാരിന്റെ കാലത്താണ് ആദ്യ അഞ്ചുപ്രതികൾ മോചിതരാവുന്നത്. സഖാവ് എംകെഎസ് അടക്കം കേസിലെ 9 പ്രതികളും സമരപുളകങ്ങളുടെ ഓർമ്മയായി. ശേഷിക്കുന്നത് സഖാവ് അച്ചൻകാലാ വാസു മാത്രം.
സഖാവ് എംകെഎസ് ജയിലിൽ പോകുമ്പോൾ ഇളയമകൾ ലൈലജ ഒരു വയസ്സ് തികയാത്ത കൈക്കുഞ്ഞ്. അജയൻ അന്ന് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. കൊലക്കേസിൽ “ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പിതാവിന്റെ മകനായി നിരാശ്രയത്തിൽ ഊന്നിയ ബാല്യവും അപഹർഷതാബോധത്തിൽ കുനിഞ്ഞ തലയുമായി” കഴിഞ്ഞ തന്റെ സ്കൂൾദിനങ്ങൾ സ്കൂളിന്റെ ശതാബ്ദിപതിപ്പിലെ അജയന്റെ കരളിൽതൊടുന്ന കുറിപ്പിലുണ്ട്.
കെട്ടിച്ചമച്ചതായിരുന്നു കേസിൽ കോടതിയിൽ വാദത്തിനെത്തിയ സാക്ഷികളും തെളിവുകളുമെന്നത് നാടിന്റെ കലർപ്പില്ലാത്ത ഇടതുപക്ഷ വിശ്വാസം. സഖാവ് എംകെഎസ്സിനെപ്പോലെ സംഭവത്തിൽ ഒരുതരത്തിലും പങ്കെടുക്കാത്തവർ ആയിരുന്നു പ്രതികളാക്കപ്പെട്ട പലരുമെന്ന വിശ്വസിക്കുന്നവർ ഏറെയാണ്. കേസിലെ പ്രധാനസാക്ഷിയുടെ ലോറിയിൽ യാത്രക്കാരനായിരുന്ന ഒരാൾ ഞങ്ങളുടെ പറമ്പിലെ പണിക്കാരൻ. സമരപോരാട്ട വഴികളിലെല്ലാം സജീവപങ്കാളിയായിരുന്ന കേളൻ വീട്ടിലെ സ്ഥിരം പത്രവായനക്കാരനും. അജയൻ സ്നേഹപൂർവ്വം കൈമാറിയ സുപ്രീംകോടതി വിധിപകർപ്പിൽ വിയോജനക്കുറിപ്പ് എഴുതിയ ന്യായാധിപന്റെ (ജസ്റ്റീസ് ഖന) വിധിന്യായത്തിലുമുണ്ട് സത്യത്തിന്റെ ഇരുണ്ട ഏടുകളെ തെളിക്കുന്ന നീതിബോധത്തിന്റെ പ്രകാശകിരണങ്ങൾ. നേരിട്ടുകേട്ട് മനസ്സിലുറച്ച ചരിത്രത്തിൽ പത്രങ്ങളും പോലീസും പറഞ്ഞു പടർത്തിയ നുണക്കഥകൾക്കൊപ്പം സത്യത്തിന്റെയും വലിയൊരു ഗൂഢാലോചനയുടെയും നേർചിത്രങ്ങളുമുണ്ട്.
ഈ ചരിത്രപോരാട്ടത്തിന്റെ പതറാത്ത സമരനായകനായിരുന്നു സഖാവ് എംകെഎസ്. കേസ് നടത്തിപ്പും ജയിലിൽ കിടന്നവരുടെ കുടുംബങ്ങളുടെ സംരക്ഷണവും പാർടി ഏറ്റെടുത്തു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് വാദിച്ചത് പ്രഗൽഭനായ ക്രിമിനൽ അഭിഭാഷകൻ അഡ്വ എ എസ് ആർ ചാരി എന്ന അഡ്വ എ എസ് രാജഗോപാലാചാരി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഖാക്കളുടെ ചിത്രങ്ങൾ വെള്ള കട്ടിക്കടലാസിൽ ചുവന്നമഷിയിൽ അച്ചടിച്ച ഒറ്റക്കളർ പോസ്‌റ്ററുകളും അവ അഞ്ചു രൂപ വിലവെച്ച് പാർട്ടിക്കുടിലുകളിലെത്തിച്ചു കേസുനടത്താനുള്ള പണം കണ്ടെത്തുന്നതും പോസ്റ്ററുകളുടെ മുന്നിൽ വൈകുന്നേരങ്ങളിൽ വിളക്കുവെച്ച് തൊഴുകയ്യോടെ നിൽക്കുന്ന പിണ്ണാക്കുമലകുന്നിലെ ഭവനങ്ങളും അക്കാലത്തിന്റെ ഓർമ്മക്കാഴ്ചയായി മനസ്സിലുണ്ട്.
പള്ളിപ്പീടിക പാപ്പച്ചൻ ആ കാലത്തിൻറെ ആവേശകരമായ ജ്വലിക്കുന്ന ഓർമ്മയാണ്. സഖാവ് എംകെഎസ്സിനെപ്പോലെ പുതുപ്പള്ളിയിലും പരിസരത്തുമുള്ള പാർട്ടി നേതാക്കളെല്ലാം ജയിലിലും ഒളിവിലുമായി കഴിഞ്ഞപ്പോൾ അന്നവും ആത്മവിശ്വാസവും പകർന്നു ഓടിനടന്ന പ്രിയങ്കരനായ സഖാവ്. സുഹൃത്ത് സഖാവ് റജി സക്കറിയയുടെ പിതാവ്. സഖാക്കൾ ഇ എം ജോർജ്ജും കെ എം എബ്രഹാമും ആയിരുന്നു അക്കാലത്തെ പ്രദേശത്തുനിന്നുള്ള മറ്റ് അനിഷേധ്യരായ കമ്മ്യൂണിസ്റ്റ് നേതാക്കൾ.
ജയിൽ മോചിതനായി എത്തിയ സുകുമാരൻ ചേട്ടൻ പാർട്ടിയുടെ അനിഷേധ്യനേതാവായി. ഒടുവിൽ പതിറ്റാണ്ടോളം രോഗബാധിതനായിരുന്ന കാലത്ത് ഞാൻ മണർകാട്ടേക്കു താമസം മാറിയിരുന്നു. ഒരിക്കൽ സുഹൃത്ത് സുരേഷ് കുറുപ്പിനൊപ്പം പോയതടക്കം നിരവധി തവണ ആ ദീനക്കിടക്കക്കരികിൽ ഞാനുമെത്തി. സംസ്കാരച്ചടങ്ങുകളിൽ ആദ്യന്തം പങ്കാളിയായി. ലീലാമ്മ ചേച്ചിയുടെ പരാതികൾക്കും പരിഭവങ്ങൾക്കും ശ്രദ്ധയോടെ ചെവികൊടുത്തു. 2009 സെപ്റ്റംബർ 25 വെള്ളിയാഴ്ച 83 ആം വയസ്സിൽ ആ സമരജീവിതം ജ്വലിക്കുന്ന ഓർമ്മയായി.
കനൽ വഴികളുടെ ചരിത്രമിരമ്പുന്ന ഓർമ്മകൾക്കു മുന്നിൽ അഭിവാദനത്തിന്റെ ചുവന്ന പൂക്കൾ
(എം ജി യൂണിവേഴ്സിറ്റി റിട്ട. പബ്ലിക്കേഷൻ ഡയറക്ടറാണ് ലേഖകൻ)









0 comments