ഇന്നു മുതൽ 5 ദിനം ബാങ്കിങ് മേഖല സ്‌തംഭിക്കും

തിരുവനന്തപുരം : ആഴ്‌ചയിൽ അഞ്ച് പ്രവൃത്തിദിനമെന്ന ആവശ്യമുന്നയിച്ച് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് തിങ്കളാഴ്‌ച ആരംഭിക്കുന്ന സാഹചര്യത്തിൽ ശനിയാഴ്‌ച മുതൽ അഞ്ചുദിനം തുടർച്ചയായി രാജ്യത്തെ ബാങ്കിങ് മേഖല സ്‌തംഭിക്കും. 28, 29, 30 ദിവസങ്ങളിലാണ് പണിമുടക്ക്. ശനി ബാങ്ക് അവധിയാണ്. ഞായർ പ്രവൃത്തിദിനമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും ആശയക്കുഴപ്പം നിലനിൽക്കുന്നു. ഞായറാഴ്‌ച യൂണിയൻ അംഗങ്ങൾ ശാഖകളിൽ റിപ്പോർട്ട് ചെയ്യരുതെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ (എഐബിഒഎ) ആഹ്വാനം ചെയ്‌തിട്ടുണ്ട്.
പിന്നീട് വ്യാഴാഴ്‌ചയേ ബാങ്കുകൾ പ്രവർത്തിക്കൂ. വെള്ളിയാഴ്‌ച ഗാന്ധി ജയന്തി പ്രമാണിച്ചുള്ള അവധിയും.പൊതുമേഖല, സ്വകാര്യ, വിദേശ, സഹകരണ, ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാരും ഓഫീസർമാരും പണിമുടക്കുന്നതിനാൽ ബാങ്കിങ് മേഖലയാകെ നിശ്‌ചലമാകും. ചെക്ക് ക്ലിയറൻസ്, എടിഎം ഉൾപ്പെടെയുള്ള പണമിടപാടുകളെ ബാധിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്‌ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുബിഎഫ്‍യു) അറിയിച്ചിട്ടുണ്ട്. ഏഴ് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുബിഎഫ്‍യുവിൽ എട്ടു ലക്ഷത്തോളം അംഗങ്ങളാണുള്ളത്.
ആഴ്‌ചയിൽ പ്രവൃത്തിദിനം അഞ്ചായി ചുരുക്കുക, കേന്ദ്ര സർക്കാരിന്റെ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്‌കീമിൽ മാറ്റംവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. അഞ്ച് പ്രവൃത്തിദിനമെന്ന ആവശ്യം 12 വർഷം മുമ്പ് ഉന്നയിച്ചതാണ്. 2015-ൽ ഒപ്പുവച്ച ഉഭയകക്ഷി കരാറിൽ സർക്കാർ ഇത് അംഗീകരിക്കുകയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച അവധിയായി പ്രഖ്യാപിക്കുകയും ചെയ്‌തു. ബാക്കി ശനിയാഴ്ചകൾകൂടി അവധിയാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.
ദിവസം 40 മിനിറ്റ് പ്രവൃത്തിസമയം വർധിപ്പിക്കാമെന്ന് യൂണിയനുകൾ സമ്മതിച്ചിട്ടും പ്രശ്നപരിഹാരത്തിന് സർക്കാർ തയ്യാറായില്ല. കേന്ദ്ര സർക്കാർ ജീവനക്കാർ, എൽഐസി, ജിഐസി, റിസർവ് ബാങ്ക്, നബാർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനമാണ് നിലവിലുള്ളത്. എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ, ബെഫി, ഐഎൻബിഇഎഫ്, ഐഎൻബിഒസി എന്നീ സംഘടനകളാണ് യുബിഎഫ്‍യുവിലുള്ളത്.









0 comments