ad
Deshabhimani

മെഡൽ വേട്ട തുടരാൻ ഇന്ത്യ; അറിയാം ഏഷ്യൻ ഗെയിംസ് ചരിത്രവും കണക്കുകളും

Asian Games

1951 ലെ ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ഗെയിംസ് 2006 ലോഗോ| Photo:The Hindu

വെബ് ഡെസ്ക്

Published on Sep 16, 2026, 10:41 PM | 2 min read

ഐചി : ഇന്ത്യ 20-ാമത് ഏഷ്യൻ ഗെയിംസിനായി ജപ്പാനിലെ ഐചി-നഗോയയിലേക്ക്. 2023ലെ ഹാങ്‌ചോങ് ഏഷ്യൻ ഗെയിംസിൽ ആദ്യമായി 100 മെഡൽ കടന്ന ഇന്ത്യ 28 സ്വർണം, 38 വെള്ളി, 41 വെങ്കലം ഉൾപ്പെടെ 107 മെഡലുകളാണ് സ്വന്തമാക്കിയത്. മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തുമെത്തി.


സെപ്റ്റംബർ 16ലെ കണക്കനുസരിച്ച് 267 പുരുഷ താരങ്ങളും 234 വനിതാ താരങ്ങളും ഉൾപ്പെടെ 501 അംഗങ്ങളാണ് ഇന്ത്യൻ സംഘത്തിലുള്ളത്. ആദ്യം 492 താരങ്ങൾക്ക് അംഗീകാരം നൽകിയിരുന്ന സംഘത്തിൽ പിന്നീട് എണ്ണം 503 ആയി ഉയർത്തിയെങ്കിലും ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലംഘനങ്ങളെ തുടർന്ന് രണ്ട് താരങ്ങളെ ഒഴിവാക്കി.


1951ൽ ന്യൂഡൽഹിയിൽ നടന്ന പ്രഥമ പതിപ്പിന് ആതിഥേയത്വം വഹിച്ചുകൊണ്ടാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിന്റെ ഭാഗമാകുന്നത്. ഉദ്ഘാടന ഗെയിംസിൽ 15 സ്വർണം, 16 വെള്ളി, 20 വെങ്കലം ഉൾപ്പെടെ 51 മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്ഥാനവും ഇതാണ്.


2023 ഹാങ്‌ചോങ് ഗെയിംസിലാണ് ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ നേട്ടം സ്വന്തമാക്കിയത്. 655 താരങ്ങളാണ് ഇന്ത്യക്കായി മത്സരിച്ചത്. 107 മെഡലുകളുമായി നാലാം സ്ഥാനത്തെത്തിയ ഇന്ത്യ, 2018 ജക്കാർത്ത-പലേംബാങ് ഗെയിംസിലെ 70 മെഡലെന്ന മുൻ റെക്കോഡും മറികടന്നു. അത് ല റ്റിക്സിൽ 29 മെഡലുകളും ഷൂട്ടിങിൽ 22ഉം അമ്പെയ്ത്തിൽ ഒമ്പതും ഇന്ത്യ നേടി. പുരുഷ-വനിതാ ക്രിക്കറ്റിലും പുരുഷ-വനിതാ കബഡിയിലും സ്വർണം സ്വന്തമാക്കി.


2018ലെ ജക്കാർത്ത-പലേംബാങ് ഗെയിംസിൽ 570 താരങ്ങളുമായി മത്സരിച്ച ഇന്ത്യ 16 സ്വർണം, 23 വെള്ളി, 31 വെങ്കലം ഉൾപ്പെടെ 70 മെഡലുകളാണ് നേടിയത്. മെഡൽ പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു. 16 സ്വർണം അന്ന് ഇന്ത്യയുടെ റെക്കോഡ് സ്വർണനേട്ടമായിരുന്നു.


2014ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 11 സ്വർണം, ഒമ്പത് വെള്ളി, 37 വെങ്കലം ഉൾപ്പെടെ 57 മെഡലുകളുമായി എട്ടാം സ്ഥാനത്തെത്തി. 2010ൽ ഗ്വാങ്‌ഷോയിൽ 14 സ്വർണം, 17 വെള്ളി, 34 വെങ്കലം ഉൾപ്പെടെ 65 മെഡലുകൾ നേടി ആറാം സ്ഥാനത്തായിരുന്നു ഇന്ത്യ.


2006ലെ ദോഹ ഗെയിംസിൽ 10 സ്വർണം, 17 വെള്ളി, 26 വെങ്കലം ഉൾപ്പെടെ 53 മെഡലുകളുമായി ഇന്ത്യ എട്ടാം സ്ഥാനത്തെത്തി. 2002 ബുസാൻ ഗെയിംസിൽ 11 സ്വർണം, 12 വെള്ളി, 13 വെങ്കലം ഉൾപ്പെടെ 36 മെഡലുകളുമായി ഏഴാം സ്ഥാനത്തായിരുന്നു. 1990ലെ ബെയ്ജിങ് ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യ മെഡൽ പട്ടികയിൽ ഏറ്റവും പിന്നിലേക്ക് പോയത്.


ഒരു സ്വർണം, എട്ട് വെള്ളി, 14 വെങ്കലം ഉൾപ്പെടെ 23 മെഡലുകളുമായി11-ാം സ്ഥാനത്തായി. ആദ്യ പത്തിൽ ഇടം നേടാനാകാതെ പോയ ഏക ഏഷ്യൻ ഗെയിംസും ഇതാണ്. 1982ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 13 സ്വർണം, 19 വെള്ളി, 25 വെങ്കലം ഉൾപ്പെടെ 57 മെഡലുകൾ നേടി അഞ്ചാം സ്ഥാനത്തെത്തി. 2010 വരെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ നേട്ടമായിരുന്നു ഇത്.


1962ലെ ജക്കാർത്ത ഗെയിംസിൽ 10 സ്വർണം, 13 വെള്ളി, 10 വെങ്കലം ഉൾപ്പെടെ 33 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. പ്രഥമ ഗെയിംസിലെ രണ്ടാം സ്ഥാനത്തിന് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ പട്ടികാ സ്ഥാനമായിരുന്നു ഇത്.


1954ൽ മനിലയിൽ 17 മെഡലും 1958ൽ ടോക്കിയോയിൽ 13 മെഡലും ഇന്ത്യ നേടി. 1966ലെ ബാങ്കോക്കിൽ 21 മെഡലും 1970ൽ 25ഉം 1974ൽ ടെഹ്‌റാനിൽ 28ഉം 1978ൽ ബാങ്കോക്കിൽ 28ഉം മെഡലുകളാണ് ഇന്ത്യ നേടിയത്. 1951ലെ ആദ്യ ഏഷ്യൻ ഗെയിംസ് മുതൽ 2023 ഹാങ്‌ചോങ് വരെ ഇന്ത്യ 183 സ്വർണം, 239 വെള്ളി, 357 വെങ്കലം ഉൾപ്പെടെ ആകെ 779 മെഡലുകൾ നേടിയിട്ടുണ്ട്. 2026ലെ ഐചി-നഗോയ ഗെയിംസിൽ ഈ നേട്ടം കൂടുതൽ ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ താരങ്ങൾ മത്സരത്തിനിറങ്ങുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home