ഏഷ്യൻ ഗെയിംസ്; ക്രിക്കറ്റ് മത്സരങ്ങൾ സെപ്തംബർ 17 മുതൽ ഒക്ടോബർ 3 വരെ

Photo:Getty Images
ഐചി : ഇത്തവണ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങൾക്ക് സെപ്തംബർ 17ന് തുടക്കമാകും. ഒക്ടോബർ 3 വരെയാണ് മത്സരങ്ങൾ. ജപ്പാനിലെ ഐചിയിലെ കൊറോഗി അത്‌ലറ്റിക് പാർക്കിലാണ് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുക. പുരുഷ, വനിതാ വിഭാഗങ്ങളിൽ ട്വന്റി20 ഫോർമാറ്റിലാണ് മത്സരങ്ങൾ.
ഗ്വാങ്ഷു 2010, ഇഞ്ചിയോൺ 2014, ഹാങ്ഷൗ 2023 എന്നിവയ്ക്ക് ശേഷം ഇത് നാലാം തവണയാണ് ക്രിക്കറ്റ് ഏഷ്യൻ ഗെയിംസിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ മൂന്ന് സീസണിലും പുരുഷ, വനിതാ വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങൾ നടന്നിരുന്നു. പുരുഷ, വനിതാ വിഭാഗങ്ങളിൽ ഇന്ത്യയാണ് നിലവിലെ ചാമ്പ്യൻമാർ.
വനിതാ ക്രിക്കറ്റ് മത്സരം സെപ്റ്റംബർ 17 മുതൽ 22 വരെയാണ്. എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ക്വാർട്ടർ ഫൈനലോടെയാണ് ടൂർണമെന്റിന് തുടക്കമാകുന്നത്. സെപ്റ്റംബർ 17ന് ബംഗ്ലാദേശ് ചൈനയെയും പാകിസ്ഥാൻ തായ്‌ലൻഡിനെയും നേരിടും. സെപ്റ്റംബർ 18ന് ശ്രീലങ്ക മലേഷ്യയെയും ഇന്ത്യ ആതിഥേയരായ ജപ്പാനെയും നേരിടും. സെപ്റ്റംബർ 20ന് സെമി ഫൈനലുകളും സെപ്റ്റംബർ 22ന് വെങ്കല മെഡൽ മത്സരവും ഫൈനലും നടക്കും.
പുരുഷ ക്രിക്കറ്റ് മത്സരം സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെയാണ്. 10 ടീമുകളാണ് പങ്കെടുക്കുന്നത്. അഫ്ഗാനിസ്ഥാൻ, ജപ്പാൻ, നേപ്പാൾ എന്നിവർ ഗ്രൂപ്പ് എയിലും ഹോങ്കോങ് ചൈന, മലേഷ്യ, ഒമാൻ എന്നിവർ ഗ്രൂപ്പ് ബിയിലുമാണ്.
സെപ്റ്റംബർ 24ന് അഫ്ഗാനിസ്ഥാൻ ജപ്പാനെയും ഹോങ്കോങ് ചൈന മലേഷ്യയെയും നേരിടും. സെപ്റ്റംബർ 25ന് ഹോങ്കോങ് ചൈന–ഒമാൻ, അഫ്ഗാനിസ്ഥാൻ–നേപ്പാൾ മത്സരങ്ങളും സെപ്റ്റംബർ 26ന് ജപ്പാൻ–നേപ്പാൾ, മലേഷ്യ–ഒമാൻ മത്സരങ്ങളും നടക്കും.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലെത്തും. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകൾ നേരിട്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. സെപ്റ്റംബർ 28ന് പാകിസ്ഥാൻ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെയും ഇന്ത്യ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരെയും നേരിടും.
സെപ്റ്റംബർ 29ന് ശ്രീലങ്ക ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരെയും ബംഗ്ലാദേശ് ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരെയും നേരിടും. ഒക്ടോബർ ഒന്നിനാണ് സെമി ഫൈനലുകൾ. ഒക്ടോബർ മൂന്നിന് വെങ്കല മെഡൽ മത്സരവും ഫൈനലും നടക്കും.









0 comments