'ബെത്‌ലഹേം' ബോക്സ് ഓഫീസ് വിജയം; മലയാള സിനിമയുടെ വളർച്ചയിൽ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് സുകുമാരൻ (ഇടത്) മമിത ബൈജു, നിവിൻ പോളി (വലത്)| ഫോട്ടോ:സോഷ്യൽ Media
കൊച്ചി : നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ റെക്കോഡ് നേട്ടവുമായി മുന്നേറുന്നതിനിടെ സിനിമയുടെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. മലയാള സിനിമയിൽ തുടർച്ചയായി പുതിയ റെക്കോഡുകൾ സൃഷ്ടിക്കപ്പെടുന്നത് ഇൻഡസ്ട്രിയുടെ വളർച്ചയ്ക്ക് ഗുണകരമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ‘ദായ്റ’യുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ബെത്‌ലഹേം സൂപ്പർ ഹിറ്റായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പണ്ട് ‘ഇൻഡസ്ട്രി ഹിറ്റ്’ എന്നൊരു പ്രയോഗമുണ്ടായിരുന്നു. സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രത്തെയാണ് അങ്ങനെ വിളിച്ചിരുന്നത്. മലയാള സിനിമയിൽ പണ്ട് 10–12 വർഷത്തിലൊരിക്കൽ മാത്രമായിരുന്നു ഇൻഡസ്ട്രി ഹിറ്റുകൾ സംഭവിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ അഞ്ച് ഇൻഡസ്ട്രി ഹിറ്റുകൾ ഉണ്ടായിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. മലയാള സിനിമയിൽ ഒരു റെക്കോഡ് ഉണ്ടാകുന്നു, രണ്ട് മാസത്തിനുള്ളിൽ മറ്റൊരു ചിത്രം ആ റെക്കോഡ് തകർക്കുന്നു. വീണ്ടും രണ്ട് മാസത്തിന് ശേഷം മറ്റൊരു സിനിമ വന്ന് ആ റെക്കോഡ് മറികടക്കുന്നു. ഒരു സിനിമാ ഇൻഡസ്ട്രിക്ക് സംഭവിക്കാവുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണിത്.
ലോക സൃഷ്ടിച്ച റെക്കോഡിനെ ബെത്‌ലഹേം മറികടക്കാൻ പോകുന്നു എന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഒരു മാസത്തിനുള്ളിൽ മറ്റൊരു ചിത്രം വന്ന് ആ റെക്കോഡും തകർക്കണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. അങ്ങനെ സംഭവിക്കുമ്പോഴാണ് നമ്മുടെ ഇൻഡസ്ട്രി വളരുന്നതും കൂടുതൽ സാധ്യതകൾ തുറക്കപ്പെടുന്നതും, പൃഥ്വിരാജ് പറഞ്ഞു.









0 comments