ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ഹർദോയി (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇസ്ലാംനഗർ തിലിയ പ്രദേശത്താണ് സംഭവം. 28 വയസ്സുകാരിയായ നഗ്‌മയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് പർവേസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പർവേസും നഗ്‌മയും ഏകദേശം 12 വർഷമായി വിവാഹിതരാണ്. കുടുംബസ്വത്ത് വിഭജിച്ചതിന് പിന്നാലെ പർവേസ് പാരമ്പര്യവീട് വിറ്റിരുന്നു. തുടർന്ന് ഒന്നര മാസത്തോളമായി ഇരുവരും വാടകവീട്ടിലായിരുന്നു താമസം. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഫോണിൽ സംസാരിക്കുന്നുണ്ടെന്നും സംശയിച്ച പർവേസ് ഇതിന്റെ പേരിൽ നഗ്‌മയുമായി പതിവായി വഴക്കിട്ടിരുന്നതായി പൊലീസ് പറയുന്നു.
സെപ്തംബർ 9ന് രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന നഗ്‌മയെ പർവേസ് കത്തി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. തുടർന്ന് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു. പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. പർവേസിനെ കൂടുതൽ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, നഗ്‌മയെ ഭർത്താവ് ദിവസങ്ങളായി മർദിച്ചിരുന്നതായും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിച്ചു. ഭർത്താവിന്റെ ബന്ധുക്കൾക്കും സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.









0 comments