വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാൻ കേരള സർവകലാശാല; ഗവർണർ-സർക്കാർ ഒത്താശ

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിദ്യാർഥികളുടെ സംഘടനാസ്വാതന്ത്ര്യവും അവകാശ സമരങ്ങളും പൂർണമായും നിരോധിക്കാൻ യുഡിഎഫ് സർക്കാരും ഗവർണറും ചേർന്ന് തയ്യാറാക്കിയ പദ്ധതി പ്രാബല്യത്തിലേക്ക്. സർവകലാശാലയുടെയും അഫിലിയേറ്റഡ് കോളേജുകളുടെയും പഠനവകുപ്പുകളുടെയും സ്വാശ്രയ സ്ഥാപനങ്ങളുടെയും ക്യാമ്പസുകളിൽ വിദ്യാർഥികളുടെ രാഷ്ട്രീയപ്രവർത്തനം നിരോധിക്കാൻ യുഡിഎഫ് അനുകൂല സിൻഡിക്കറ്റ് തീരുമാനിച്ചു. ഇത് സംബന്ധിച്ച നിയമ ഭേദഗതിയുടെ കരടിന് ബുധനാഴ്ച ചേർന്ന സിൻഡിക്കറ്റ് യോഗം അംഗീകാരം നൽകി.
വിദ്യാർഥികൾക്കുള്ള പെരുമാറ്റച്ചട്ടം 2026 എന്ന പേരിൽ പുറത്തിറക്കിയ ഭേദഗതി വ്യവസ്ഥകൾ പ്രകാരം വിദ്യാർഥികൾ സംഘടിക്കുന്നത് ഗുരുതര കുറ്റമാകുന്നു. സർവകലാശാലയിൽ ആർഎസ്എസ് അജണ്ട നടപ്പാക്കുന്ന ഗവർണറുമായി യുഡിഎഫ് സർക്കാർ നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണ് ഈ നീക്കം.
പ്രകടനങ്ങൾ നടത്തുക, യോഗം ചേരുക, സോഷ്യൽമീഡിയയിലും പുറത്തും രാഷ്ട്രീയ ആശയപ്രചാരണം നടത്തുക തുടങ്ങിയവ പോലും നിരോധിക്കണമെന്ന് ഭേദഗതി നിർദേശിക്കുന്നു. സംഘടനാപ്രവർത്തനത്തെ ഗുരുതര അച്ചടക്കലംഘനമായി കണക്കാക്കും. അവകാശങ്ങൾക്കായി വിദ്യാർഥികൾക്ക് സമരം ചെയ്യാനോ മുദ്രാവാക്യം വിളിക്കാൻ പോലുമോ അനുവാദമില്ല. ക്യാമ്പസിനു പുറത്ത് വിദ്യാർഥികൾ സംഘടിക്കുന്നതിനും വിലക്കേർപ്പെടുത്തും.
നിരോധനം ലംഘിക്കുന്ന വിദ്യാർഥികൾക്കെതിരെ കടുത്തനടപടിക്കും നിർദേശമുണ്ട്. വിദ്യാർഥി സംഘടനാപ്രവർത്തനത്തിൽ ഏർപ്പെടുന്നത് ശിക്ഷാർഹമാണ്. പോസ്റ്ററുകൾ പതിച്ചാലോ ചുവരെഴുതിയാലോ കനത്തതുക പിഴ ഈടാക്കും. നാശനഷ്ടം വരുത്തിയെന്ന് ആരോപിച്ച് വിദ്യാർഥിക്ക് 5000 രൂപ മുതൽ ഒരുലക്ഷം രൂപ വരെയാണ് പിഴ ചുമത്തുക. പിഴ അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറിയിലൂടെ ഈടാക്കും. സ്വത്ത് കണ്ടുകെട്ടുകയും പരീക്ഷാഫലം തടഞ്ഞുവയ്ക്കുകയും ചെയ്യും. പ്രിൻസിപ്പലിന്റെ തീരുമാനം അനുസരിച്ച് ഒരു മറുചോദ്യവുമില്ലാതെ വിദ്യാർഥിയെ പുറത്താക്കാം.
ഗവർണർ തുടരുന്ന കാവിവൽക്കരണ നടപടികൾക്കെതിരെയും അതിന് മൗനാനുവാദം നൽകുന്ന സംസ്ഥാന സർക്കാരിനെതിരെയും വിദ്യാർഥി പ്രക്ഷോഭങ്ങൾ ശക്തമായതോടെയാണ് ഈ ഗൂഢനീക്കം. രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് ചേരാത്ത വന്ദേമാതരത്തിന്റെ പൂർണരൂപം സർവകലാശാല പരിപാടികളിൽ ഇപ്പോൾ പതിവാണ്. ആർഎസ്എസ് തലവൻ മോഹൻ ഭഗവത് വിളിച്ചുചേർത്ത യോഗത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. ഇതിനെയൊന്നും ചോദ്യംചെയ്യാൻ ഉന്നതവിദ്യാഭ്യാസവകുപ്പോ സർക്കാരോ തയ്യാറായിരുന്നില്ല.









0 comments