ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ–ജപ്പാൻ ഫൈനൽ; സെമിയിൽ ദ. കൊറിയയെ തകർത്തെറിഞ്ഞു

ജലന്ധർ: ഏഷ്യൻ ചാന്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ഇന്ത്യ ജപ്പാനെ നേരിടും. ഹാട്രിക് കിരീടമാണ് ലക്ഷ്യം. സെമിയിൽ ദക്ഷിണ കൊറിയയെ 8–1ന് തകർത്താണ് ഇന്ത്യ കിരീട പോരാട്ടത്തിനെത്തുന്നത്. ജപ്പാൻ സെമിയിൽ മലേഷ്യയെ 5–3ന് ഷൂട്ടൗട്ടിൽ മറികടന്നു. വ്യാഴാഴ്ച രാത്രി ഏഴിനാണ് ഫൈനൽ.
സെമിയിൽ ശീലാനന്ദ് ലക്രയും (4, 13) ദിൽപ്രീത് സിങ്ങും (21, 25) ഇരട്ടഗോൾ നേടി. ഹർമൻപ്രീത് സിങ് (9), സുഖ്‌ജീത് സിങ് (21), അങ്കദ് ബീർ സിങ് (36), വിവേക് സാഗർ പ്രസാദ് (54) എന്നിവർ ഓരോ ഗോളടിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ആധികാരികമായി ജയിച്ച ഇന്ത്യ, സെമി ഫൈനലിലും ആ പ്രകടനം തുടരുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ കൊറിയയെ മറുപടിയില്ലാത്ത എട്ട് ഗോളിന് തോൽപ്പിച്ചിരുന്നു.
സെമിയിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ഇന്ത്യയ്ക്ക് മുന്നിൽ കൊറിയയ്ക്ക് പിടിച്ച് നിൽക്കാനായില്ല. നാലാം മിനിറ്റിൽ ശീലാനന്ദ് ലക്രയിലൂടെയാണ് ഇന്ത്യ മുന്നിലെത്തിയത്. ആദ്യ ക്വാർട്ടറിൽ തന്നെ ദക്ഷിണ കൊറിയയുടെ ഹാൻ സാങ്ജുൻ ഗോൾ തിരിച്ചടിച്ച് സ്കോർ 1-1 എന്ന നിലയിലാക്കി. പിന്നാലെ ഒമ്പതാം മിനിറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ടൂർണമെന്റിലെ തന്റെ പത്താം ഗോൾ നേടി ഇന്ത്യയെ മുന്നിലെത്തിച്ചു. തുടർന്ന് ആദ്യ ക്വാർട്ടറിൽ തന്നെ ശീലാനന്ദ് സ്കോർ 3-1 ആക്കി. രണ്ടാം ക്വാർട്ടറിൽ മൂന്ന് ഗോളുകൾ കൂടി നേടി ഇന്ത്യ ലീഡ് 6-1 ആയി ഉയർത്തി. മൂന്നും നാലും ക്വാർട്ടറുകളിൽ അങ്കദ്‌ബീറും വിവേക് സാഗറും ഗോളുകൾ കണ്ടെത്തിയതോടെ ദക്ഷിണ കൊറിയ പൂർണ്ണമായും തകർന്നു.








0 comments