Deshabhimani

ഐടിഇ‍പി ബിരുദധാരികൾക്ക് അവസരം; സി-ടെറ്റ് , എസ്-ടെറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ എൻസിടിഇ സമിതി

ctet.png
വെബ് ഡെസ്ക്

Published on Nov 04, 2026, 09:29 PM | 1 min read

ന്യൂഡല്‍ഹി : നാല് വർഷത്തെ ഇൻ്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാം (ഐടിഇ‍പി) പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ (സിടിഇടി), സംസ്ഥാന അധ്യാപക യോഗ്യതാ പരീക്ഷകൾ (എസ്ടിഇടി) എന്നിവ എഴുതാൻ അവസരമൊരുക്കുന്നതിനായി നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ (എൻസിടിഇ) നടപടികൾ ആരംഭിച്ചു. ഇതിനായി നിലവിലുള്ള ടെറ്റ് മാർ​ഗനിർദ്ദേശങ്ങൾ പരിശോധിച്ച് ഭേദഗതികൾ നിർദേശിക്കാൻ എൻസിടിഇ വിദഗ്ധ സമിതിക്ക് രൂപം നൽകി.


ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ആരംഭിച്ച നാല് വർഷത്തെ സംയോജിത അധ്യാപക പരിശീലന ബിരുദ കോഴ്സാണ് ഐടിഇപി. പ്ലസ്ടുവിനുശേഷം വിദ്യാർഥികൾക്ക് നേരിട്ട് കോഴ്സിൽ ചേരാം. ബിരുദവും അതിനുശേഷം രണ്ട് വർഷത്തെ ബിഎഡ് കോഴ്സും ചെയ്യുന്ന പരമ്പരാഗത രീതിക്ക് പകരമായാണ് ഇവ അവതരിപ്പിച്ചത്.


2027-28 അക്കാദമിക് വർഷത്തിലാണ് ഐടിഇ‍പിയുടെ ആദ്യ ബാച്ച് വിദ്യാർഥികൾ പഠനം പൂർത്തിയാക്കുന്നത്. ഐടിഇ‍പിയെ അംഗീകൃത അധ്യാപക പരിശീലന യോഗ്യതയായി എൻസിടിഇ അംഗീകരിച്ചിട്ടുണ്ടെങ്കിലും നിലവിലുള്ള ടെറ്റ് യോഗ്യതാ മാനദണ്ഡങ്ങളിൽ ഇതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ല. ഈ സാഹചര്യത്തിലാണ് മാർ​ഗനിർദ്ദേശങ്ങൾ പരിഷ്കരിക്കാൻ തീരുമാനിച്ചത്.


ഡൽഹി സർവകലാശാലയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ മുൻ മേധാവി പ്രൊഫ. ചന്ദ് കിരൺ സലൂജയാണ് വിദഗ്ധ സമിതിയുടെ അധ്യക്ഷൻ. എൻസിആർടി,കെവിഎസ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, എൻഎസ്ടിഇ, സിബിഎസ്ഇ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളും സമിതിയിലുണ്ട്.


ഐടിഇ‍പി ബിരുദധാരികളെ CTET, STET പരീക്ഷകൾക്ക് യോഗ്യരാക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കുക, നിലവിലെ ടെറ്റ് മാർ​ഗനിർദ്ദേശങ്ങളിൽ ആവശ്യമായ ഭേദഗതികൾ നിർദേശിക്കുക, പരീക്ഷ നടത്തുന്ന സ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങളും നിയമാവലികളും പുതിയ കോഴ്സിന് അനുയോജ്യമായ രീതിയിൽ പരിഷ്കരിക്കുക, എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ.


നിലവിലെ അധ്യാപക നിയമനങ്ങൾക്ക് ടെറ്റ് പരീക്ഷ പാസാകുക നിർബന്ധമാണ്. എന്നാൽ സമിതി രൂപീകരിച്ചു എന്നതിനാൽ മാത്രം നിലവിൽ ഐടിഇ‍പി വിദ്യാർഥികൾക്ക് ടെറ്റ് എഴുതാൻ യോഗ്യത ലഭിക്കില്ലെന്നും സമിതിയുടെ ശുപാർശകൾക്കുശേഷം വരുന്ന ഔദ്യോഗിക ഭേദഗതിയിലൂടെ മാത്രമേ ഇത് പ്രാബല്യത്തിൽ വരൂ എന്നും അധികൃതർ വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home