Deshabhimani

ട്രംപിന്റെ കുടിയേറ്റ-വിസ നയങ്ങളിൽ അതൃപ്തി; ഇന്ത്യൻ വംശജർ ഡെമോക്രാറ്റുകളെ പിന്തുണച്ചെന്ന് സർവെ

Indian American Voters
വെബ് ഡെസ്ക്

Published on Nov 04, 2026, 10:05 PM | 2 min read

വാഷിങ്ടൺ : യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വം​ശജരുടെ വോട്ടുകൾ ഏറെ നിർണായകമായിരുന്നു. ട്രംപിന്റെ പിന്തുണക്കാരായിരുന്നു അമേരിക്കയിലെ ഭൂരിഭാ​ഗം ഇന്ത്യൻ വംശജരായ വോട്ടർമാരും. എന്നാൽ, ഇത്തവണ ഇന്ത്യൻ വംശരുടെ പിന്തുണ ഡെമോക്രാറ്റിക് പാർട്ടിക്കായിരുന്നുവെന്നാണ് സർവേ റിപ്പോർട്ടുകൾ പറയുന്നത്. ട്രംപിന്റെ കുടിയേറ്റ നയങ്ങൾ, എച്ച്-1ബി വിസ നിയന്ത്രണങ്ങൾ, സാമ്പത്തിക നയങ്ങൾ, ഇന്ത്യയുമായുള്ള നയതന്ത്രബന്ധ പ്രതിസന്ധികൾ തുടങ്ങിയവയെല്ലാം വോട്ടർമാരെ ബാധിച്ചിട്ടുണ്ട്. ഈ പ്രധാന ഘടകങ്ങളെല്ലാം വോട്ടർമാരുടെ നിലപാടിനെ സ്വാധീനിച്ചുവെന്നാണ് റിപ്പോർട്ട്. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് പിന്തുണ നൽകിയ പലരും ഇത്തവണ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തതായും സർവേകൾ സൂചിപ്പിക്കുന്നു.


എച്ച്-1ബി വിസ നിയന്ത്രണവും ആശങ്കയും


യുഎസിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്കിടയിൽ ഏറ്റവും കൂടുതൽ ആശങ്ക ഉയർത്തിയ ട്രംപിന്റെ നയമായിരുന്നു എച്ച്-1ബി വിസ നിയന്ത്രണം. എച്ച്-1ബി വിസ മൂന്ന് വർഷത്തേക്ക് നിർത്തിവയ്ക്കാൻ നിർദേശിക്കുന്ന ബിൽ ട്രംപ് കൊണ്ടുവന്നിരുന്നു. ഏറ്റവും കൂടുതൽ എച്ച്-1ബി വിസക്ക് അപേക്ഷ നൽകുന്നതും, പുതുക്കുന്നതും ഇന്ത്യക്കാരായതിനാൽ ഈ നിയന്ത്രണങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതും അവരെയാണ്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധനയങ്ങളുടെ ഭാ​ഗമായ വിസ നിയന്ത്രണം ആയിരക്കണക്കിന് ഇന്ത്യൻ കുടുംബങ്ങളുടെ തൊഴിൽ സുരക്ഷയെ ബാധിക്കുന്ന വിഷയമായിരുന്നു.


പുതിയ എച്ച്-1ബി അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയ നടപടിയും വിവാദമായിരുന്നു. പരമ്പരാഗത രീതിക്ക് പകരം നൈപുണ്യമുള്ള അപേക്ഷകർക്ക് മുൻഗണന നൽകുന്ന വെയ്റ്റഡ് സെലക്ഷൻ സംവിധാനവും ട്രംപ് കൊണ്ടുവന്നിരുന്നു. ഇതിനെല്ലാം പുറമെ, വിസ അപേക്ഷകരുടെയും എച്ച്-4 ആശ്രിതരുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിക്കുന്ന നടപടികളും ശക്തമാക്കി. വിസക്ക് അപേക്ഷിക്കുന്നവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റമായി ഈ നടപടി വിമർശിക്കപ്പെട്ടിരുന്നു.


സ്ഥിരതാമസത്തിന് അനുമതി നേടുന്നതിനുള്ള അനിശ്ചിതത്വം ഇന്ത്യൻ വംശജരായ കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്. തൊഴിൽ മാറുന്നതിനും വിസ പുതുക്കുന്നതിനും വരെ നിയന്ത്രണങ്ങൾ കൊണ്ടുവന്നതും ഇന്ത്യക്കാരായ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്. ട്രംപിന്റെ കുടിയേറ്റ നയങ്ങളെ 64 ശതമാനം ഇന്ത്യൻ അമേരിക്കക്കാരും അംഗീകരിക്കുന്നില്ലെന്ന് കാർനെഗി സർവേ വ്യക്തമാക്കുന്നു.


സാമ്പത്തിക നയങ്ങളിലും വോട്ടർമാർക്ക് അതൃപ്തി


ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്കു പുറമെ, സാമ്പത്തിക നിലപാടുകളിലും ഇന്ത്യൻ വംശജർ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പണപ്പെരുപ്പം, നികുതി, സർക്കാർ ചെലവുകൾ എന്നിങ്ങനെയുള്ള ട്രംപിന്റെ അടിസ്ഥാനരഹിതമായ സാമ്പത്തിക നയങ്ങളെ 68 ശതമാനം വോട്ടർമാർ അംഗീകരിക്കുന്നില്ലെന്നാണ് സർവേയിലെ കണ്ടെത്തൽ.


ട്രംപിന്റെ അന്താരാഷ്ട്ര സാമ്പത്തിക നയങ്ങളാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടുന്നത്. വ്യാപാരം, തീരുവ, ഉപരോധം തുടങ്ങിയ വിഷയങ്ങളിലെ ട്രംപിന്റെ നയങ്ങൾ 70 ശതമാനം ഇന്ത്യൻ വംശജരും അംഗീകരിക്കുന്നില്ലെന്നാണ് സർവേ വ്യക്തമാക്കുന്നത്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മുന്നോട്ടു കൊണ്ടുപോകുന്ന രീതിയിലും വലിയൊരു വിഭാഗത്തിന് അതൃപ്തിയുണ്ട്.


ഡെമോക്രാറ്റുകൾക്ക് വോട്ട്


ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യുമെന്ന് 62 ശതമാനം ഇന്ത്യൻ വംശജർ വ്യക്തമാക്കിയതായും റിപ്പോ‌ർട്ട് പറയുന്നു. വെറും 19 ശതമാനം പേർ മാത്രമാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. സെനറ്റ് തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ വോട്ടർമാരിൽ 63 ശതമാനം ഡെമോക്രാറ്റുകൾക്കും, 21 ശതമാനം റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കും പിന്തുണ അറിയിച്ചിട്ടുണ്ട്.


2024ൽ കമല ഹാരിസിന് 62 ശതമാനം ഇന്ത്യൻ അമേരിക്കൻ വോട്ടർമാരുടെ പിന്തുണ ലഭിച്ചപ്പോൾ ട്രംപിന് 30 ശതമാനമായിരുന്നു. 2020ൽ ജോ ബൈഡന് 68 ശതമാനവും ട്രംപിന് 22 ശതമാനവുമായിരുന്നു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ പരാമർശങ്ങളും ദക്ഷിണേഷ്യൻ വംശജർക്കെതിരായ വംശീയ അധിക്ഷേപങ്ങളും ഇന്ത്യൻ വംശജരായ വോട്ടർമാർക്കിടയിൽ ആശങ്ക വർധിപ്പിച്ചതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home