‘ആകാശമേ, ഞാനിതാ’

ടോക്യോ: ജാപ്പനീസ് ആകാശത്ത് വീണ്ടും ആ നക്ഷത്രം ഉദിച്ചു. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ വേദിയായ നാഷണൽ സ്‌റ്റേഡിയത്തെ ത്രസിപ്പിച്ച് സ്വീഡനിൽനിന്നുള്ള അർമാൻഡ് ഡുപ്ലന്റിസ് പുരുഷന്മാരുടെ പോൾവോൾട്ടിൽ വീണ്ടും ലോക റെക്കോഡിട്ടു. ചാടിയ ഉയരം 6.30 മീറ്റർ. പതിനാലാം തവണയാണ് ഇരുപത്തഞ്ചുകാരൻ ലോക ഉയരം പുതുക്കുന്നത്.
ലോക ചാമ്പ്യനാകുന്നത് തുടർച്ചയായി മൂന്നാം തവണ. 12 പേർ അണിനിരന്ന ഫൈനലിൽ കാര്യമായ വെല്ലുവിളിയുണ്ടായില്ല. ആറ് മീറ്റർ ചാടിയ ഗ്രീസിന്റെ ഇമ്മനോയിൽ കരാലിസ് വെള്ളി കരസ്ഥമാക്കി. മൂന്നാംസ്ഥാനം ഓസ്‌ട്രേലിയയുടെ കുർട്ടിസ് മാർഷലിനാണ്(5.95 മീറ്റർ). ആദ്യം 5.55 മീറ്റർ ചാടിയ ഡുപ്ലന്റിസ് അനായാസം 5.85, 5.95 മീറ്റർ ഉയരങ്ങൾ മറികടന്നു. തുടർന്ന് ആറ് മീറ്ററും 6.10 മീറ്ററും. ആറ് മീറ്റർ ചാടി കരാലിസ് കുതിച്ചുയരാൻ വിഫലശ്രമം നടത്തി.
ഡുപ്ലന്റിസ് 6.15 മീറ്റർ ചാടിയതോടെ സ്വർണം ഉറപ്പായി. തുടർന്നായിരുന്നു സ്വന്തം പേരിലുള്ള 6.29 മീറ്റർ ലോക റെക്കോഡ് മറികടക്കാൻ ശ്രമിച്ചത്. രണ്ടും മൂന്നും നാലും സ്ഥാനത്തെത്തിയ താരങ്ങൾ ജേതാവിനെ പ്രോത്സാഹിപ്പിക്കാൻ അണിനിരന്നത് കളിക്കളത്തിലെ വേറിട്ട കാഴ്‌ചയായി. ആദ്യ രണ്ട് അവസരത്തിലും റെക്കോഡ് ഉയരമായ 6.30 മീറ്റർ മറികടന്നെങ്കിലും കൈതട്ടി ബാർ വീണു. അവസാനത്തെ ശ്രമം സ്‌റ്റേഡിയം വീർപ്പടക്കിയാണ് കണ്ടത്.
ഒരുനിമിഷം കണ്ണടച്ച്, പോളുമായി കുതിച്ച ‘മോണ്ടോ’ ചിറകടിച്ചുയർന്നു. ലോക ഉയരം മറികടന്ന് ലാൻഡ് ചെയ്‌തപ്പോൾ സ്‌റ്റേഡിയത്തിലെ അറുപതിനായിരത്തോളം വരുന്ന കാണികൾ എഴുന്നേറ്റുനിന്ന് കൈയടിച്ചു. സഹതാരങ്ങൾ ജേതാവിനെ കെട്ടിപ്പുണർന്നു. സ്‌റ്റേഡിയത്തിൽ മത്സരം കണ്ടുകൊണ്ടിരുന്ന കൂട്ടുകാരി ദിസ്‌റേ ഇഗ്ലാൻഡറുടെ അരികിലേക്ക് കുതിച്ച താരം അവളെ കെട്ടിപ്പുണർന്ന് ഉമ്മവച്ചു.
2020ൽ ഫ്രഞ്ച് താരം റെനോഡ് ലാവില്ലെനിയുടെ ലോക റെക്കോഡ് മറികടന്നാണ് തുടക്കം. അന്ന് താണ്ടിയത് 6.17 മീറ്റായിരുന്നു. അഞ്ച് വർഷത്തിനിടെ 14 അവസരത്തിലായി 13 സെന്റീമീറ്ററാണ് പുതുക്കിയത്. കഴിഞ്ഞ എട്ട് രാജ്യാന്തര ചാമ്പ്യൻഷിപ്പുകളിലും വെല്ലുവിളിയുണ്ടായില്ല. കഴിഞ്ഞവർഷം പാരിസിൽ ഒളിമ്പിക്‌സ് സ്വർണം നിലനിർത്തിയപ്പോൾ അത് 68 വർഷത്തിനുശേഷമുള്ള അപൂർവതയായി.
പുരുഷന്മാരുടെ 3000 മീറ്റർ സ്‌റ്റീപ്പിൾചേസിൽ ന്യൂസിലൻഡിന്റെ ജിയോർഡി ബീമിഷ് ത്രസിപ്പിക്കുന്ന ഫിനിഷിലൂടെ പൊന്നണിഞ്ഞു. അവസാന ലാപ്പിൽ പതിനൊന്നാംസ്ഥാനത്തായിരുന്ന ബീമിഷ് എട്ട് മിനിറ്റ് 33.88 സെക്കൻഡിൽ ഒന്നാമതെത്തി. ഹീറ്റ്‌സിൽ മത്സരത്തിനിടെ നിലത്തുവീണിരുന്നു ഇരുപത്തെട്ടുകാരൻ. മാരത്തണിൽ ടാൻസാനിയയുടെ അൽഫോൺസ് ഫെലിക്‌സ് ഒന്നാമതെത്തി. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വിറ്റ്‌സർലൻഡിന്റെ ദിതാജി കാംബുൻഡ്‌ജിക്കാണ്(12.24 സെക്കൻഡ്) സ്വർണം. ഇന്ന് നാല് ഫൈനലുണ്ട്. പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസ്, ഹാമർത്രോ, ഹൈജന്പ്, വനിതകളുടെ 1500 മീറ്റർ എന്നിവയിലെ ജേതാക്കളെ അറിയാം.









0 comments